-->
ന്യൂഡല്‍ഹി/ഇംഫാല്‍: രാഷ്‌ട്രപതിഭരണം പിന്‍വലിച്ചതിനു പിന്നാലെ മണിപ്പുരില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പി. യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഇംഫാലിലെ ലോക്‌ഭവനില്‍ നടന്ന ചടങ്ങില്‍ മണിപ്പുര്‍ ഗവര്‍ണര്‍ അജയ് ഭല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. മേയ്‌തി വിഭാഗത്തില്‍നിന്നുള്ള എം.എല്‍.എയാണ് യുംനാം. കുക്കി വിഭാഗത്തില്‍നിന്നുള്ള ബി.ജെ.പി. നിയമസഭാംഗം നെംച കിപ്‌ഗെന്‍, നാഗ പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ലോസി ദിഖോ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്‌ഞ ചെയ്‌തു. മണിപ്പുരിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് നെംച കിപ്‌ഗെന്‍. ഗോവിന്ദസ് കൊന്തൂജമാണ് ആഭ്യന്തരമന്ത്രി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പിയുടെ മണിപ്പുര്‍ നിയമസഭാകക്ഷിയോഗം യുംനാമിനെ സഭാകക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകനായി ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിനെ ദേശീയനേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണനീക്കം ബി.ജെ.പി. വേഗത്തിലാക്കിയത്.
മേയ്‌തേയ്-കുക്കി കലാപം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് എന്‍. ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2025 ഫെബ്രുവരി ഒന്‍പതിന് രാജിവച്ചത്. തുടര്‍ന്ന് ഫെബ്രുവരി 13-ന് രാഷ്‌ട്രപതി ഭരണം നിലവില്‍വന്നു. നിയമസഭ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിരിച്ചുവിട്ടിരുന്നില്ല. ഇതാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് അവസരമൊരുക്കിയത്.
ബി.ജെ.പി. മണിപ്പുര്‍ ഘടകത്തിലെ മുതിര്‍ന്ന നേതാവാണു യുംനാം ഖേംചന്ദ്. ഇംഫാല്‍ വെസ്‌റ്റിലെ സിംഗ്‌ജമേയ് മണ്ഡത്തില്‍നിന്നാണു നിയമസഭയിലെത്തിയത്.
2017-ലും 2022-ലും സിങ്‌ജമേയ് മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 2017 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെ മണിപ്പുര്‍ നിയമസഭാ സ്‌പീക്കറായിരുന്നു.
പിന്നീട് എന്‍. ബിരേന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായി. മുനിസിപ്പല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹൗസിങ് ഡവലപ്‌മെന്റ്, ഗ്രാമവികസനം, പഞ്ചായത്തിരാജ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്.
2023-ല്‍ യുംനാം ഖേംചന്ദ് സിങ്ങിന്റെ വീടിനുനേര്‍ക്ക് ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. മണിപ്പുരിലെ വംശീയ കലാപം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ബിരേന്‍ സിങ് സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു യുംനാം. ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രിസ്‌ഥാനത്തുനിന്നു മാറ്റണമെന്നും അദ്ദേഹം ശക്‌തമായി വാദിച്ചിരുന്നു.