Wednesday, March 11, 2026 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

പാര്‍ലമെന്റില്‍ വീണ്ടും ബഹളം; പ്രധാനമന്ത്രിയുടെ പ്രസംഗം മാറ്റി

uploads/news/2026/02/823977/in2.jpg

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന്‌ ഇന്നലെ ലോക്‌സഭാ സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനാല്‍, രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി മാറ്റിവച്ചു. മുന്‍ കരസേനാ മേധാവി എം.എം. നരവനെയുടെ പുറത്തിറങ്ങാനിരിക്കുന്ന 'ഓര്‍മക്കുറിപ്പിലെ' വരികള്‍ ഉദ്ധരിക്കാന്‍ പ്രതിപക്ഷനേതാവ്‌ രാഹുല്‍ ഗാന്ധിക്ക്‌ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ബഹളം.
പുസ്‌തകത്തെ ഉദ്ധരിച്ചു രാഹുല്‍ ഗാന്ധി നേരത്തെ നടത്തിയ പ്രസംഗത്തെക്കുറിച്ചു ബി.ജെ.പി. നേതാവ്‌ നിഷികാന്ത്‌ ദുബെ നടത്തിയ പരാമര്‍ശങ്ങളും സഭയെ പ്രക്ഷുബ്‌ധമാക്കി. ഇന്നലെ രണ്ടു തവണയാണു സഭ നിര്‍ത്തിവച്ചത്‌.
പ്രസിദ്ധീകരിക്കാത്ത ഒരു പുസ്‌തകത്തെക്കുറിച്ച്‌ സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുമ്പോള്‍, ഗാന്ധി കുടുംബത്തെ തുറന്നുകാട്ടാനായി പുസ്‌തകപരമ്പര തന്നെ താന്‍ കൊണ്ടുവന്നിട്ടുണ്ടെന്നു ദുബെ പറഞ്ഞു. പുസ്‌തകങ്ങളിലുള്ള കാര്യങ്ങളും അദ്ദേഹം പറയാന്‍ തുടങ്ങി. എന്നാല്‍, സഭയുടെ കാര്യപരിപാടികളുമായി ബന്ധപ്പെട്ടതല്ലാത്ത വിഷയങ്ങളില്‍ പുസ്‌തകത്തില്‍ നിന്നോ പത്രത്തില്‍ നിന്നോ കത്തില്‍ നിന്നോ അംഗങ്ങള്‍ വായിക്കുന്നത്‌ വിലക്കുന്ന ചട്ടം 349 ചെയറിലുണ്ടായിരുന്ന കൃഷ്‌ണ പ്രസാദ്‌ ടെന്നറ്റി ചൂണ്ടിക്കാട്ടി. നിര്‍ദേശം തള്ളി ദുബെ പ്രസംഗം തുടര്‍ന്നതോടെ പ്രതിപക്ഷം ശക്‌തമായി പ്രതിഷേധിച്ചു. തുടര്‍ന്ന്‌ സഭ നിര്‍ത്തിവച്ചു.
നരവനെയുടെ 'ഓര്‍മക്കുറിപ്പുകളു'മായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ ലോക്‌സഭാ നടപടികള്‍ ഉച്ചയ്‌ക്ക്‌ രണ്ടുവരെ നിര്‍ത്തിവച്ചു. പിന്നീട്‌, രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്‍മേല്‍ സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ എം.പിമാര്‍ പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ പുറത്ത്‌ പ്രകടനം നടത്തി. സഭാ നടപടികള്‍ പുനരാരംഭിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ ഇന്നു രാവിലെ 11 വരെ സഭ വീണ്ടും നിര്‍ത്തിവച്ചു. ഇന്നലെ വൈകിട്ട്‌ അഞ്ചിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്‌.
ചൊവ്വാഴ്‌ച ലോക്‌സഭയിലുണ്ടായ ബഹളത്തെത്തുടര്‍ന്ന്‌ എട്ട്‌ പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനെച്ചൊല്ലിയായിരുന്നു ഇന്നലെ ഉച്ചകഴിഞ്ഞുള്ള പ്രതിഷേധം. ഗുര്‍ജീത്‌ ഔജ്‌ല, ഹൈബി ഈഡന്‍, മാണിക്കം ടാഗോര്‍, പ്രശാന്ത്‌ യാദവോറാവു പഡോള്‍, കിരണ്‍ കുമാര്‍ റെഡ്‌ഡി, ഡീന്‍ കുര്യാക്കോസ്‌, അമരീന്ദര്‍ സിംഗ്‌ രാജ വാറിങ്‌, എസ്‌. വെങ്കിടേശന്‍ തുടങ്ങിയവരെയാണു സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
മുന്‍ കരസേനാ മേധാവിയുടെ 'ഫോര്‍ സ്‌റ്റാര്‍സ്‌ ഓഫ്‌ ഡെസ്‌റ്റിനി' എന്ന പുസ്‌തകത്തിലെ ചില ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചത്‌ സ്‌പീക്കര്‍ തടഞ്ഞിരുന്നു. അടുത്തയാളെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയും ചെയ്‌തു.
അതേ സമയം, പ്രധാനമന്ത്രി മോദിക്കു ഭയമായതിനാലാണു തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW