-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്യാന്‍ നിശ്‌ചയിച്ചിരുന്നതിനു മിനിറ്റുകള്‍ക്കുമുമ്പ് അരങ്ങേറിയതു നാടകീയ രംഗങ്ങള്‍. ട്രഷറി ബെഞ്ചുകള്‍ക്ക് സമീപമെത്തിയ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കു നീങ്ങി. പിന്നാലെ പ്രതിപക്ഷത്തെ വനിതാ എം.പിമാര്‍ സഭയില്‍ ഇല്ലാതിരുന്ന പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനരികില്‍ നിലയുറപ്പിച്ചു.
സ്വന്തം സീറ്റുകളിലേക്കു മടങ്ങാന്‍ മുതിര്‍ന്ന മന്ത്രിമാര്‍ അടക്കം ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും അവര്‍ വഴങ്ങിയില്ല. ന്യായമായതു ചെയ്യുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തി ജ്യോതിമണി, വര്‍ഷ ഗെയ്‌ക്ക്‌വാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന്റെ പേരില്‍ എട്ട് എം.പിമാരെ ഈ സഭാ കാലയളവില്‍നിന്നു സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഈ വിഷയത്തിലും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിനുമെതിരേയാണ് ഇന്നലെയും സഭയില്‍ പ്രക്ഷുബ്‌ധ രംഗങ്ങള്‍ അരങ്ങേറിയത്. പലവട്ടം സഭ നിര്‍ത്തിവച്ചതിനുശേഷം വൈകിട്ടോടെ സമ്മേളിച്ചപ്പോഴായിരുന്നു വനിതാ എം.പിമാരുടെ നീക്കം.
പ്രതിഷേധം രൂക്ഷമായപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലെയും സമാജ്‌വാദി പാര്‍ട്ടിയിലെയും അംഗങ്ങളും ബഹളംവച്ചു. ഈസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ സഭയിലില്ലായിരുന്നു.
പ്രതിപക്ഷ വനിതാ എം.പിമാരുടെ ഒരു സംഘം ട്രഷറി ബെഞ്ചുകളിലേക്ക് നീങ്ങി ബി.ജെ.പിയിലെ നിഷികാന്ത് ദുബെയെ നേരിട്ടു. ഇതോടെ വാഗ്വാദമായി. ജ്യോതിമണി, വര്‍ഷ ഗെയ്‌ക്‌വാദ് തുടങ്ങിയ എം.പിമാര്‍ ദുബെയുടെ അടുത്തെത്തി. പ്രതിരോധിക്കാന്‍ ബി.ജെ.പി വനിതാ എം.പിമാരും എത്തിയതോടെ സ്‌ഥിതി വഷളായി. സ്‌പീക്കറുടെ കസേരയിലുണ്ടായിരുന്ന സന്ധ്യാ റായ് സഭ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചിട്ടും ബഹളം തുടര്‍ന്നു. സഭ നിര്‍ത്തിവച്ചശേഷവും കോണ്‍ഗ്രസിന്റെയടക്കം പ്രതിപക്ഷ വനിതാ എം.പിമാര്‍ വീണ്ടും ട്രഷറി ബെഞ്ചുകളിലേക്ക് നീങ്ങിയെന്നും ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും മറ്റ് മന്ത്രിമാരും എം.പിമാരോട് പിന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു. പക്ഷേ വനിതാ എം.പിമാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി: ദീപേന്ദര്‍ ഹൂഡ ഇടപെട്ട് ഇരുപക്ഷത്തുനിന്നുമുള്ള അംഗങ്ങളോട് അവരുടെ സ്‌ഥാനങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. രംഗം ശാന്തമായെങ്കിലും പ്രധാനമന്ത്രിയുടെ പ്രസംഗം റദ്ദാക്കി.
സ്‌ഥിതി നിയന്ത്രണാതീതമായതിനാല്‍ പ്രധാനമന്ത്രിക്ക് സഭയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നു ബി.ജെ.പിയിലെ മനോജ് തിവാരി പറഞ്ഞു. പ്രതിപക്ഷ എം.പിമാര്‍ ആക്രമണാത്മക ശരീരഭാഷയോടെയാണ് സമീപിച്ചത്.
അവരുടെ പെരുമാറ്റം സുരക്ഷാപ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോലും അവര്‍ തുനിഞ്ഞേനെയെന്നും തിവാരി ആരോപിച്ചു.പ്രതിഷേധം ഭയന്ന് പ്രധാനമന്ത്രി സഭയില്‍നിന്ന് വിട്ടുനിന്നതാണെന്ന് കോണ്‍ഗ്രസ് എം.പി: പ്രിയങ്ക ഗാന്ധി വാധ്‌ര തിരിച്ചടിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്, ബി.ജെ.പി എം.പി: നിഷികാന്ത് ദുബെ എന്നിവര്‍ക്കെതിരെയും പ്രിയങ്ക രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അവര്‍ ''ബുള്ളറ്റ് ട്രെയിന്‍ പോലെ ഓടിപ്പോയി'' എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.