-->
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയുടെ താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥയുമായുള്ള ഈ കരാര്‍ വരുംവര്‍ഷങ്ങളില്‍ രാജ്യാന്തര വളര്‍ച്ചയും നവീകരണവും ത്വരിതപ്പെടുത്തുമെന്നും രാജ്യസഭയെ അഭിസംബോധന ചെയ്‌ത് അദ്ദേഹം പറഞ്ഞു.
വ്യാപാര കരാറിനെ പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍, താരിഫുകള്‍ കുറയ്‌ക്കുന്നത് യു.എസ്. വിപണിയില്‍ ഇന്ത്യന്‍ കയറ്റുമതിയുടെ മത്സരശേഷി വര്‍ധിപ്പിക്കുമെന്നായിരുന്നു വാണിജ്യ മന്ത്രിയുടെ വിശദീകരണം. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉത്‌പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന താരിഫ് പല രാജ്യങ്ങളിലും ചുമത്തുന്നതിനേക്കാള്‍ കുറവാണ്. ഇത് യു.എസ്. വിപണിയില്‍ ഇന്ത്യന്‍ കയറ്റുമതിയുടെ മത്സരശേഷി വര്‍ധിപ്പിക്കും. തന്ത്രപരമായ ഈ കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
''കരാര്‍ വികസിത ഇന്ത്യയെയും സ്വാശ്രയ ഇന്ത്യയെയും ശക്‌തിപ്പെടുത്തും. പ്രധാനമന്ത്രിയുടെ ഈ ദര്‍ശനം നമ്മുടെ രാജ്യത്തിനുവേണ്ടി യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കും,'' ഗോയല്‍ വ്യക്‌തമാക്കി.
യു.എസുമായുള്ള വ്യാപാര കരാറില്‍ കാര്‍ഷിക, ക്ഷീര മേഖലകളുടെ താത്‌പര്യങ്ങള്‍ ഇന്ത്യ വിജയകരമായി സംരക്ഷിച്ചതായി ഇന്നലെ ലോക്‌സഭാ എം.പിമാര്‍ക്കും ഗോയല്‍ ഉറപ്പ് നല്‍കി. 2025 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി യു.എസ്. സന്ദര്‍ശിച്ചതിനുശേഷം ഇരുരാജ്യങ്ങളും സന്തുലിതവും ലാഭകരവുമായ ഒരു വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തുവരുന്നു.
കഴിഞ്ഞവര്‍ഷം ഇരു രാജ്യങ്ങളും പല തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. അതത് സാമ്പത്തിക മേഖലകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഫലം ലഭിക്കണമെന്ന് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നു. കൃഷി, ക്ഷീരോല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ ഈ താത്‌പര്യം സംരക്ഷിക്കുന്നതില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇരു രാജ്യങ്ങളും വ്യാപാര കരാര്‍ ഉറപ്പാക്കിയതെന്നും വാണിജ്യ മന്ത്രി അറിയിച്ചു.