-->
ഹരാരേ: അഫ്‌ഗാനിസ്‌ഥാനെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു.
ഹരാരേ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ നാല് വിക്കറ്റിന് 310 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 53 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം 311 റണ്‍ പിന്തുടര്‍ന്നു നേടുന്നത്.
മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്കു ഫൈനലിലേക്കുള്ള വഴി തുറന്നത്‌്. 104 പന്തുകള്‍ നേരിട്ട ആരോണ്‍ രണ്ട് സിക്‌സറും 15 ഫോറുമടക്കം 115 റണ്ണെടുത്തു. വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുമായി ഓപ്പണര്‍ വൈഭവ് സൂര്യവംശി (33 പന്തില്‍ നാല് സിക്‌സറും ഒന്‍പത് ഫോറുമടക്കം 68), നായകന്‍ ആയുഷ് എംഹാത്രെ (59 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറുമടക്കം 62) എന്നിവരും തിളങ്ങി. വിഹാന്‍ മല്‍ഹോത്ര (47 പന്തില്‍ 38), വേദാന്ത് ത്രിവേദി (അഞ്ച്) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ടോസ് നേടിയ അഫ്‌ഗാന്‍ നായകന്‍ മഹ്‌ബൂബ് ഖാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഫൈസല്‍ ഷിനോസാദ (93 പന്തില്‍ 110), ഉസൈറുള്ള നിയാസി (86 പന്തില്‍ രണ്ട് സിക്‌സറും 12 ഫോറുമടക്കം പുറത്താകാതെ 101) എന്നിവരുടെ സെഞ്ചുറികളാണ് അഫ്‌ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്. അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ഇന്ത്യക്കെതിരേ 300 നു മുകളില്‍ നേടുന്നത്. 2014 ലോകകപ്പില്‍ വെസ്‌റ്റിന്‍ഡീസ് നേടിയ 294 റണ്ണായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ഓപ്പണര്‍മാരായ ഉസ്‌മാന്‍ സാദത്ത് (70 പന്തില്‍ 39), ഖാലിദ് അഹമ്മദ്‌സായി (39 പന്തില്‍ 31) എന്നിവര്‍ ചേര്‍ന്ന് അഫ്‌ഗാന് മികച്ച തുടക്കം നല്‍കി.
ഇരുവരും ചേര്‍ന്ന് 53 റണ്ണെടുത്തു. 13-ാം ഓവറില്‍ ഖാലിദിനെ പുറത്താക്കി ദീപേഷ് ദേവേന്ദ്രനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായാണ് ഫൈസല്‍ ഷിനോസാ ക്രീസിലെത്തിയത്. ഉസ്‌മാനെ കൂട്ടുപിടിച്ച് ഫൈസല്‍ കളംപിടിച്ചതോടെ അഫ്‌ഗാനിസ്‌ഥാന്‍ സ്‌കോര്‍ കുതിച്ചു. 25-ാം ഓവറില്‍ ഉസ്‌മാന്‍ പുറത്തായതിനു പിന്നാലെയാണ് ഉസൈറുള്ള ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 148 റണ്ണാണ് അടിച്ചുകൂട്ടിയത്. 86 പന്തിലാണ് ഫൈസല്‍ സെഞ്ചുറി തികച്ചത്. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ്. അയര്‍ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ താരം 163 റണ്ണെടുത്തു. 46-ാം ഓവറില്‍ ഫൈസല്‍ പുറത്തായതിനു പിന്നാലെ ഉസൈറുള്ള ചുമതല ഏറ്റെടുത്തു. അവസാന ഓവറിലാണ് താരം സെഞ്ചുറി കടന്നത്‌്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക ചൗഹാനും രണ്ടു വിക്കറ്റ് വീതമെടുത്തു.
ജോര്‍ജിനെയും (വ്യക്‌തിഗത സ്‌കോര്‍ 20) സൂര്യവംശിയെയും (വ്യക്‌തിഗത സ്‌കോര്‍ 22) അഫ്‌ഗാന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടതു മത്സരത്തിലെ വഴിത്തിരിവായി. ഓപ്പണിങ് കൂട്ടുകെട്ട് 57 പന്തില്‍ 90 റണ്ണുമായാണു പിരിഞ്ഞത്. എംഹാത്രെയും ജോര്‍ജും ചേര്‍ന്നും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. സൂര്യവംശി 24 പന്തിലും ആരോണ്‍ ജോര്‍ജ് 52 പന്തിലും അര്‍ധ സെഞ്ചുറിയടിച്ചു. സൂര്യവംശി അടിച്ചു തകര്‍ക്കുമ്പോള്‍ ആരോണ്‍ കാഴ്‌ചക്കാരന്റെ റോളിലായിരുന്നു. താരം പുറത്തായ ശേഷമാണ് ആരോണ്‍ വിശ്വരൂപം പുറത്തെടുത്തത്. 95 പന്തുകള്‍ നേരിട്ടാണ് ആരോണ്‍ സെഞ്ചുറി കടന്നത്.
കോട്ടയം സ്വദേശിയായ ആരോണ്‍ ഹൈദരാബാദിലാണു താമസിക്കുന്നത്. ആറാം വയസിലാണു ബാറ്റ് കൈയിലെടുക്കുന്നത്. എട്ടാം വയസില്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി. കോട്ടയം ജില്ലാ ടീമിനു വേണ്ടി കളിച്ച ഈശോ വര്‍ഗീസാണ് ആരോണിന്റെ പിതാവ്. അധ്യപികയായ പ്രീതിയാണു മാതാവ്‌്. സഹോദരി അനന്യ അഭിഭാഷകയാണ്. സര്‍വീസസ് ടീമിന്റെ കോച്ചായ ബിജു നായരാണ് ആരോണിനെ താരമാക്കി വളര്‍ത്തിയത്. 16-ാം വയസില്‍ വിജയ് മര്‍ചന്റ് ട്രോഫിയില്‍ (2022-23) കളിച്ചു. ബിഹാറിനെതിരേ പുറത്താകാതെ 303 റണ്ണെടുത്തു ശ്രദ്ധിക്കപ്പെട്ടു. വിനു മങ്കാദ് ട്രോഫിയിലെ രണ്ട് സീസണുകളില്‍ ല്‍ 341, 373 എന്നിങ്ങനെയെടുത്തു. വെള്ളിയാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടും. ഓസ്‌ട്രേലിയയെ 27 റണ്ണിനു തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്.