-->
നവി മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം. ഡി.വൈ.പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഞ്ച് വിക്കറ്റിന് 240 റണ്ണെടുത്തു.
ഇഷാന്‍ കിഷന്‍ (20 പന്തില്‍ ഏഴ് സിക്‌സറും രണ്ട് ഫോറുമടക്കം 53), തിലക് വര്‍മ (19 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 45), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 30) തുടങ്ങി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ് സ്‌ഥാനം നഷ്‌ടമായി. സഞ്‌ജുവിനു പകരം ഇഷാന്‍ കിഷന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായി.
ടോസ് നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യക്ക് മിന്നും തുടക്കമാണ് ഇഷാന്‍ കിഷന്‍ നല്‍കിയത്. തിരുവനന്തപുരത്ത് കിവീസിനെതിരായ അവസാന ട്വന്റി20യില്‍ സെഞ്ചുറിയടിച്ച ഇഷാന്‍, നിര്‍ത്തിയിടത്തുനിന്ന് തുടങ്ങി. ആദ്യ ഓവറില്‍ തന്നെ രണ്ടു സിക്‌സറടക്കം 13 റണ്ണാണ് ഇഷാന്‍ നേടിയത്. തലങ്ങും വിലങ്ങും അടിച്ച ഇഷാന്‍ സഹഓപ്പണര്‍ അഭിഷേക് ശര്‍മയെ കാഴ്‌ചകാരനാക്കി. അഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 70 കടന്നു. 50 കടന്നതിനു പിന്നാലെ ഇഷാന്‍ റിട്ടയേഡ് ഔട്ടായി. കായിക ക്ഷമത വീണ്ടെടുത്ത തിലക് വര്‍മ ഇഷാനില്‍നിന്നു 'ബാറ്റണ്‍' ഏറ്റെടുത്തു. തിലക് സിക്‌സറുകളും ഫോറുമായി കളംനിറഞ്ഞു. അഭിഷേക് ശര്‍മയും (18 പന്തില്‍ 24) റിട്ടയേഡ് ഔട്ടായി. നാലാമനായി സൂര്യകുമാര്‍ യാദവാണ് (16 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 30) ക്രീസിലെത്തിയത്. തിലകും സൂര്യയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 44 റണ്ണെടുത്തു. കിവീസിനെതിരെ ബാറ്റിങ്ങിന് അധികം അവസരം ലഭിക്കാതിരുനന അക്ഷര്‍ പട്ടേലും (23 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 35) റിങ്കു സിങ്ങുമാണ് (13 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 16) അഞ്ചാം വിക്കറ്റില്‍ ഒന്നിച്ചത്. റിങ്കു പുറത്തായപ്പോള്‍ എത്തിയത് ഹാര്‍ദിക് പാണ്ഡ്യ (പത്ത് പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 30). ഹാര്‍ദിക് ടീം സ്‌കോര്‍ അതിവേഗം 240 ലെത്തിച്ചു.