-->
കാലങ്ങളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന തമിഴകത്തിന്റെ പ്രിയ നടനാണ് ജീവ. തമിഴില്‍ റിലീസ് ചെയ്ത സിനിമകളാണെങ്കില്‍ ജീവയുടെ സിനിമകൾ ഒരുകാലത്ത് കേരളത്തിലടക്കം സൃഷ്ടിച്ച ഓളം വളരെ വലുതായിരുന്നു. എന്നാല്‍ ഇടക്കാലത്ത് പരാജയങ്ങളും ജീവ ഏറ്റുവാങ്ങി. വലിയ പരാജയങ്ങള്‍ക്കിടയിലും ശുഭാപ്തിവിശ്വാസത്തോടെ താന്‍ ഏറെ സ്നേഹിച്ച സിനിമയെ ജീവ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. അതുകൊണ്ടാകാം ഒരിടവേളയ്ക്ക് ശേഷം ‘തലൈവർ തമ്പി തലൈമയിൽ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം.
പൊങ്കൽ റിലീസായി ജനുവരി 15ന് തിയറ്ററുകളിൽ എത്തിയ ഈ സിനിമ മികച്ച കളക്ഷൻ അടക്കം നേടി ചിത്രം മുന്നേറുകയാണ്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു.
ഇപ്പോഴിതാ ഈ സിനിമയുടെ വിജയഘോഷവേദി സാക്ഷ്യം വഹിച്ചത് വളരെ രസകരമായ ചില മുഹുര്‍ത്തങ്ങള്‍ക്കാണ്. തലൈവർ തമ്പി തലൈമയുടെ സക്സസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രിയും അഭിനേതാവുമായ സുരേഷ്ഗോപിയും ജീവയും തമ്മിൽ നടന്നൊരു സംഭാഷണമാണ് വൈറലാകുന്നത്. ജീവയുടെ മകനെ കണ്ട് സഹോദരനാണെന്ന് സുരേഷ് ഗോപി തെറ്റിദ്ധരിക്കുകയായിരുന്നു. ജീവയുടെ മകനെ കണ്ട് ആശ്ചര്യപ്പെടുന്ന സുരേഷ് ഗോപിയെ വിഡിയോയില്‍ കാണാം. തന്റെ സഹോദരനാണെന്നാണ് സുരേഷ് ഗോപി ഓർത്തതെന്ന് ജീവ വേദിയിൽ പറഞ്ഞ് ജീവ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
‘‘മൈ സണ്‍ സര്‍...’ എന്നാണ് ജീവ പറയുന്നത്. അതു കേട്ടിട്ട് ‘മകനാണോ...’ എന്ന് സുരേഷ്ഗോപി ചോദിക്കുന്നുണ്ട്. ‘മൈ സണ്‍ സാര്‍..ബ്രദറല്ലൈ; ബ്രദറെന്ന് നിനച്ചിട്ടിങ്കിലേ...’ എന്ന് പറഞ്ഞ് ജീവ പൊട്ടിച്ചിരിക്കുന്നുണ്ട്. ഒപ്പം താങ്ക്സും പറയുന്നുണ്ട് ജീവ. ഈ വീഡിയോ ആരാധകര്‍ ആഘോഷമാക്കി ഏറ്റെടുക്കുന്നുണ്ട്.
ചടങ്ങിലെ ഏറ്റവും വലിയ ആകർഷണം ജീവ തന്റെ മകൻ സ്പർശിനെ വേദിയിലേക്ക് വിളിച്ച് സിനിമാലോകത്തിന് പരിചയപ്പെടുത്തിയതായിരുന്നു. സൂപ്പർ താരം സുരേഷ് ഗോപിക്ക് ജീവ മകനെ പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ, ജീവയുടെ അച്ഛനും 99 സിനിമകൾ നിർമ്മിച്ച തമിഴ് സിനിമയിലെ ‘ഒജി’ നിർമാതാവായ ആർ.ബി. ചൗധരിയും, ജീവയുടെ മകന്‍ സ്പർശും കൂടി എത്തിയപ്പോള്‍ മൂന്ന് തലമുറകളുടെ സാന്നിധ്യം കൊണ്ട് വേദി ധന്യമായി. ഭാവിയിലെ ഒരു താരോദയത്തിന്റെ സൂചനയായിട്ടാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്.
ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ സുരേഷ് ഗോപിയുടെ സാന്നിധ്യവും വേദിക്ക് കൂടുതല്‍ തിളക്കം നല്‍കി. തന്റെ പിതാവിന്റെ കഠിനാധ്വാനത്തെക്കുറിച്ച് ജീവ വാചാലനായി വികാരധീനനായി സംസാരിക്കുകയും ചെയ്തു. ദുബായിലും കുമിളിയിലുമായി ചിത്രീകരിച്ച സിനിമയുടെ വിജയത്തിന് പിന്നിൽ അവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ പ്രാർത്ഥനയുണ്ടെന്ന് ജീവ വൈകാരികമായി പറഞ്ഞു. കണ്ണൻ രവി നിർമിച്ച ഈ ചിത്രത്തിന്റെ വലിയ വിജയം ഒരു കുടുംബത്തിന്റെ സന്തോഷം പോലെ ആഘോഷിക്കപ്പെട്ട നിമിഷങ്ങളാണ് ചെന്നൈയിൽ കണ്ടത്.