-->
ഒട്ടേറെ ചിത്രങ്ങളില്‍ സുഹൃത്തുക്കളായി അഭിനയിച്ച നടന്മാരും മന്ത്രിമാരുമായ സുരേഷ് ഗോപിയും കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള തർക്കം അടുത്തിടെ വാർത്തകളില്‍ ഇടംപിടിച്ചതാണ്. തങ്ങള്‍ രണ്ടാളും മനസ്സില്‍ ഒന്നും വച്ചിട്ടല്ല തര്‍ക്കിക്കാറുള്ളതെന്നും ഒരു ഫ്രണ്ട്ഷിപ്പിനിടെയുള്ള രസകരമായ കൊടുക്കല്‍ വാങ്ങലുകളാണ് ഇതെന്ന് ഗണേഷ് പിന്നീടുള്ള അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വീണ്ടും കൊണ്ടും കൊടുത്തും പുതിയ വാക്പോര് ആസ്വദിക്കുകയാണ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പത്തനാപ്പുരത്ത് പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു സംഭവം. ആദ്യം സംസാരിച്ചത് ഗണേഷ് കുമാറായിരുന്നു.
തന്റെ നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി വന്ന ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർക്കൊപ്പം സുരേഷ് ഗോപിയെയും ഗണേഷ് കുമാർ സ്വാഗതം ചെയ്തു. ‘‘ഞങ്ങള്‍ തമ്മില്‍ സ്‌നേഹമാണ്. പക്ഷേ, പലർക്കും തെറ്റിദ്ധാരണയുണ്ട്. ഞങ്ങള്‍ ആത്മ സുഹൃത്തുക്കളാണ്. നമ്മുടെ നാട്ടില്‍ ആദ്യമായിവരുന്ന സുരേഷ് ഗോപിയെയും സ്വാഗതം ചെയ്യുന്നു. നന്ദിപറയുന്നു..സുരേഷ് ഗോപി ചങ്ങനാശ്ശേരി എസ്ബി കോളേജിന് എന്തോ സമ്മാനം നല്‍കിയിട്ടുണ്ടല്ലോ, അത് ബസ് ആണോ വിമാനമാണോ എന്ന് ചോദിച്ചു മനസ്സിലാക്കണം. പെട്രോളിയം സഹമന്ത്രി കൂടിയായ സുരേഷ് ഗോപി കോളേജ് ബസിന് ഡീസല്‍ ഫ്രീ ആക്കിക്കൊടുത്തോ എന്നു കൂടി പറയണം...’’ എന്നും ഗണേഷ് കുമാര്‍ തമാശയോടെ ചോദിച്ചു.
തുടര്‍ന്നുള്ള മറുപടി പ്രസംഗത്തില്‍ ഇതിനുള്ള മറുപടി മാസ്സ് ഡയലോഗില്‍ സുരേഷ്ഗോപിയും പറഞ്ഞു. പത്തനാപുരത്തേക്കുള്ള തന്റെ പഴയ വരവുകള്‍ ഓർമിപ്പിച്ചായിരുന്നു സുരേഷ്ഗോപിയുടെ മറുപടി. ‘‘ഞാൻ ഈ സ്‌കൂളില്‍ ആദ്യമായാണ് വരുന്നത്. എന്നാല്‍ ബഹുമാന്യനായ ഗണേഷ് പറഞ്ഞതുപോലെ പത്തനാപുരത്ത് ആദ്യമായിട്ടല്ല വരുന്നത്. പത്തനാപുരത്ത് ഒരുപാട് കാര്യങ്ങള്‍ക്ക് വന്നിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ഇവിടെ വന്നിട്ടുള്ള ആളാണ് ഞാൻ. ഞാൻ പത്തനാപുരത്ത് വന്നത് ഗണേഷ് കുമാർ എന്തായാലും ഓർക്കണം. കാരണം അദ്ദേഹം ആദ്യം ഇലക്ഷന് നിന്ന സമയത്ത്, ഏതാണ്ട് നാലോ അഞ്ചോ വേദികളില്‍ അദ്ദേഹത്തിന് വോട്ടഭ്യർത്ഥിക്കാൻ വന്നത് സ്നേഹ പുരസ്സരം അദ്ദേഹം ഓർക്കണം.. ഞാൻ വന്ന വേദിയില്‍, നട്ടുച്ചയ്ക്ക് റോഡ് സൈഡില്‍ ഉമ്മൻ ചാണ്ടി സാറും അന്ന് വന്നിരുന്നു. അദ്ദേഹവും ഗണേഷിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചിരുന്നു. അതും സത്യമാണ് പരാമർത്ഥമാണ്. രണ്ടാമത്തെ തവണ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നിന്നപ്പോഴും ഞാൻ വരികയും ഗണേഷിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ഒരു വീട്ടില്‍ നിന്ന്, അതും ഏതാണ്ട് ഒരു നട്ടുച്ച സമയമായിരുന്നു, ഒരു ഓപ്പണ്‍ ജീപ്പില്‍ കയറി നിന്ന് റോഡ് ഷോക്ക് പോയതും ഞാൻ നല്ലത് പോലെ ഓർക്കുന്നുണ്ട്.
ഗണേഷ് മറന്നതല്ല, എല്ലാ കാര്യങ്ങളും തമാശ രൂപേണ പറഞ്ഞു പോവുന്നത് പോലെ ഇതും അങ്ങനെ തമാശ രൂപേണ പറഞ്ഞുപോയി എന്നേ ഉള്ളൂ. ഈ എസ്ബി കോളേജ് ചങ്ങനാശ്ശേരിയില്‍ കൊടുത്തു എന്ന് പറയുന്ന ഒരു സമ്മാനം ഒരിക്കലും ബസും എയറോപ്ലേനും ഒന്നുമല്ല. പെട്രോളും ഡീസലും ഒക്കെ ഫ്രീയായി കൊടുക്കുമെന്ന് ഗണേഷ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞാൻ കൊടുക്കും, എന്നിട്ട് പത്തനാപുരം ഇങ്ങ് എടുക്കും എന്ന് കൂടി എനിക്ക് പറയേണ്ടി വരും....
ഈ വിദ്യാലയത്തിലാണ് കേരളത്തിന്റെയും മലയാളികളുടെയും ഒക്കെ എക്കാലത്തെയും കോരിത്തരിപ്പായ ശ്രീ പ്രേം നസീർ പഠിച്ചിരുന്നത്. ഇവിടെ തന്നെയാണ് എംജി സോമനും കുഞ്ചാക്കോ ബോബനും പഠിച്ചു വളർന്നത്. ഇവിടെ തന്നെയാണ് ഉമ്മൻ ചാണ്ടിയും സ്വർഗീയനായ ശ്രീ പരമേശ്വർ ജി എന്നിങ്ങനെ ഭാരതത്തിനും കേരളത്തിനും ഒക്കെ അങ്ങേയറ്റം ഗുണങ്ങള്‍ നല്‍കിയ ഒരുപാട് പേർ പഠിച്ച വിദ്യാലയം ആണത്.
ഇവിടെ കൊടിക്കുന്നില്‍ ഇപ്പോള്‍ 28 ലക്ഷത്തിന്റെ സമ്മാനമാണ് അവർക്ക് കൊടുത്തത്. അവിടെ അദ്ദേഹത്തിന് ഒരു കോടിയുടെ വരെ കൊടുക്കാനാവും, പക്ഷേ എനിക്ക് തൃശൂരില്‍ മാത്രമേ അത് ചെയ്യാൻ കഴിയൂ, അങ്ങനെയാണ് ഈ എംപി ഫണ്ടിന്റെ ഒരു പ്രശ്‌നം. ഇല്ലെങ്കില്‍ ഞാൻ ഒരു 38 ലക്ഷം രൂപയുടെ ബസ് ഇപ്പോള്‍ ഈ നിമിഷം എഴുതി കൊടുത്തേനെ. പത്തനാപുരത്ത് ഞാൻ രാജ്യസഭാ എംപി ആയിരുന്നപ്പോള്‍ കൊടുത്ത ഹൈ മാസ് ലൈറ്റ് ഇപ്പോഴും എരിയുന്നുണ്ട്...’’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഏതായാലും പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി വാർഷിക വേദി രാഷ്ട്രീയ തമാശകള്‍ക്കും വാക്പോരിനും സാക്ഷിയായി.
നിയമസഭയില്‍ 25 വർഷം പൂർത്തിയാക്കാൻ ഒരുങ്ങുന്ന ഗണേഷ് കുമാർ 2001 ലാണ് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചത്. തുടർച്ചയായി 5 തവണ വിജയിച്ച ഗണേഷ് കുമാര്‍ ആദ്യ 3 തവണ യുഡിഎഫിന് ഒപ്പവും കഴിഞ്ഞ രണ്ട് തവണയായി എല്‍ഡിഎഫിനും ഒപ്പമാണുള്ളത്.