-->
ലണ്ടന്‍: കളിക്കളത്തിലെ നിയമങ്ങള്‍ മാറ്റം വരുത്തി മാരിലബോണ്‍ ക്രിക്കറ്റ് കൗണ്ടി. ഹിറ്റ് വിക്കറ്റ് നിയമത്തിലാണു പ്രധാന മാറ്റം.
പന്ത് നേരിടുന്നതിനിടെ ബാറ്റര്‍ നിലതെറ്റി വിക്കറ്റിലേക്കു വീഴുന്നതാണു ഹിറ്റ് വിക്കറ്റിനു നല്‍കുന്ന പുതിയ നിര്‍വചനം. പന്ത് നേരിട്ട ശേഷവും ബാറ്റര്‍ നില തെറ്റി വിക്കറ്റില്‍ വീണാല്‍ ഹിറ്റ് വിക്കറ്റാകുമെന്നാണ് എം.സി.സിയുടെ പുതിയ നിയമം വ്യക്‌തമാക്കുന്നത്. ബാറ്റര്‍ ഒന്നു രണ്ട് ചുവട് മുന്നോട്ടു വച്ചിട്ടാണെങ്കിലും പന്തിന്റെ ചലനം അവസാനിച്ചിട്ടാണെങ്കിലും നില തെറ്റി വിക്കറ്റിലേക്കു വീഴുന്നതു പുതിയ നിയമ പ്രകാരംേ ഹിറ്റ് വിക്കറ്റാണ്‌്. എതിരാളികളുമായി കൂട്ടിയിടിച്ചോ അല്ലാതെയോ സ്‌റ്റമ്പിലേക്കു വീഴുന്നതിനെ ഹിറ്റ് വിക്കറ്റായി കാണാനാകില്ല. ബാറ്റ് അബദ്ധവശാല്‍ സ്‌റ്റമ്പില്‍ തട്ടുന്നതും ഹിറ്റ് വിക്കറ്റാണ്.
ബാറ്റ് വിക്കറ്റ് കീപ്പറുടെ ദേഹത്തു തട്ടിയ ശേഷമാണെങ്കില്‍ ഹിറ്റ് വിക്കറ്റായി പരിഗണിക്കാനാകില്ല. ഓവര്‍ ത്രോയിലും പരിഷ്‌കാരം കൊണ്ടു വന്നു. റണ്ണൗട്ടിനായും റണ്ണെടുക്കുന്നതു തടയാനുമായി എറിയുന്ന പന്ത് സ്‌റ്റമ്പില്‍ കൊള്ളാതെ പോകുന്നതിനെയാണ് പുതിയ നിയമ പ്രകാരം ഓവര്‍ ത്രോയായി പരിഗണിക്കുക. ഇനി മിസ്‌ഫീല്‍ഡുകളെ ഓവര്‍ ത്രോയായി വിശേഷിപ്പിക്കില്ല. ഒരു ഫീല്‍ഡര്‍ മറ്റൊരു ഫീല്‍ഡറിനെ ലക്ഷ്യമാക്കി എറിയുന്ന പന്ത് കിട്ടാതെ പോകുന്നത് ഓവര്‍ ത്രോയ്‌ക്കു പകരം മിസ് ഫീല്‍ഡ് എന്നു വിശേഷിപ്പിക്കും. പന്തിന്റെ ചലനം (ഡെഡ്) അവസാനിക്കുന്നതിനും പുതിയ നിര്‍വചനമുണ്ട്. നിലവില്‍ ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കൈയിലെത്തിയാലാണു പന്തിന്റെ ചലനം അവസാനിച്ചതായി കണക്കാക്കുക. പന്തിന്റെ ചലനം അവസാനിച്ചെന്ന് ഇനി അമ്പയര്‍ക്കു തീരുമാനിക്കാം. മത്സരത്തിന്റെ അവസാന പന്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇതുമൂലം ഒഴിവാക്കാം.
പന്ത് മറ്റു ഫീല്‍ഡറുടെ കൈയിലെത്തിയാലും ഗ്രൗണ്ടില്‍ ചലനമില്ലാതെ കിടന്നാലും അടുത്ത പന്ത് എറിയാന്‍ അമ്പയര്‍ക്കു നിര്‍ദേശം നല്‍കാം. ജൂനിയര്‍ ക്രിക്കറ്റില്‍ ലാമിനേറ്റ് ചെയ്‌ത ബാറ്റ് ഉപയോഗിക്കാന്‍ നല്‍കിയ അനുമതി ക്ലബ് തലത്തിലേക്കും വ്യാപിപ്പിച്ചു. ബാറ്റുണ്ടാക്കാന്‍ ഇംഗ്ലീഷ് വില്ലോ തടികള്‍ ഉപയോഗിക്കുന്നതു കുറച്ചു കൊണ്ടു വരാനുള്ള നിരന്തര പരീക്ഷണത്തിലാണു എം.സി.സി. അഞ്ച് ദിവസം നീളുന്ന ടെസ്‌റ്റ് പോലുള്ള മത്സരങ്ങളിലെ അവസാന പന്തിനും നിര്‍വചനം മാറി. ദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍ അവിടെ മത്സരം അവസാനിപ്പിക്കുന്ന പതിവ് മാറും. ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം മത്സരം അവസാനിപ്പിച്ചാല്‍ മതിയെന്നാണു പുതിയ നിലപാട്. ഉച്ച ഭക്ഷണത്തിലും ചായ സമയത്തും ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം നിര്‍ത്തിയാല്‍ മതി. ബാറ്റിങ് ടീമിന് ഓവര്‍ പൂര്‍ത്തിയാക്കും മുമ്പ് ഒരു ബാറ്ററെ ക്രീസിലെത്തിക്കാന്‍ പുതിയ നിര്‍ദേശം വഴി സാധിക്കും. പരിഷ്‌കരിച്ച നിയമങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് എം.സി.സി. ലോ മാനേജര്‍ ഫ്രേസര്‍ സ്‌റ്റുവര്‍ട്ട് പറഞ്ഞു.