-->
സിലാപതാര്‍, ധാകുഖാന: ആതിഥേയരായ അസമിനെ 3-0 ത്തിനു തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ കടന്നു. സിലാപതാര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിനായി എം. മനോജ്, മുഹമ്മദ് അജ്‌സല്‍, അബൂബകര്‍ ദില്‍ഷാദ് എന്നിവര്‍ ഗോളടിച്ചു.
വ്യാഴാഴ്‌ച നടക്കുന്ന സെമി ഫൈനലില്‍ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികള്‍. തമിഴ്‌നാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പഞ്ചാബ് സെമിയില്‍ കടന്നത്. മുഴുവന്‍ സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 നു തുല്യനിലയില്‍ തുടര്‍ന്നതിനാലാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. 4-1 നാണു പഞ്ചാബ് ഷൂട്ടൗട്ട് കടന്നത്. കളിയുടെ 37-ാം മിനിറ്റില്‍ ജതീന്ദര്‍ സിങ് റാണ പഞ്ചാബിനെ മുന്നിലെത്തിച്ചു. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ ലഭിച്ച പെനാല്‍റ്റി എം. ഉമാശങ്കര്‍ ഗോളാക്കി. അതോടെ സ്‌കോര്‍ ഒപ്പമായി. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത പഞ്ചാബിന്റെ ആകാശ്‌ദീപ് സിങ് ഗോള്‍ കീപ്പര്‍ മോഹന്‍രാജിനെ അനായാസം മറികടന്നു.
തമിഴ്‌നാടിന്റെ ഹെന്റി ജോസഫിന്റെ കിക്ക് പഞ്ചാബ് ഗോള്‍ കീപ്പര്‍ കരണ്‍ദീപ് സിങ് ഡൈവ് ചെയ്‌തു സേവ് ചെയ്‌തു. ഹര്‍ജിത് ലക്ഷ്യം കണ്ടതോടെ പഞ്ചാബ് മുന്നിലായി. ഉമാശങ്കര്‍ ലക്ഷ്യം കണ്ടതോടെ തമിഴ്‌നാട് പട്ടികയിലും ഗോളെത്തി. ആകാശ്‌മന്‍ ചൗധരിയുടെ കിക്ക് വല കടന്നതോടെ പഞ്ചാബ് 3-1 നു മുന്നിലായി. തമിഴ്‌നാട് ഗോള്‍ കീപ്പര്‍ മോഹന്‍രാജിനു പകരം ലക്ഷ്യയെ കൊണ്ടു വന്നു. പക്ഷേ വിനീത് കുമാര്‍ വേല്‍മുരുഗന്റെ കിക്ക് കരണ്‍ദീപ് സിങ് പറത്തിവിട്ടു. ജഗദീപ് സിങിന്റെ നാലാം കിക്ക് ലക്ഷ്യയെ മറികടന്നതോടെ പഞ്ചാബ് സെമിയിലേക്ക്.
ധാകുഖാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാനെ 2-0 ത്തിനു തോല്‍പ്പിച്ച റെയില്‍വേസും സെമിയില്‍ കടന്നു. ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷമാണു രണ്ട് ഗോളുകളും വീണത്. 78-ാം മിനിറ്റില്‍ സൗരഭ് ഭാന്‍വാലയും 83-ാം മിനിറ്റില്‍ ജോണ്‍സണ്‍ ജോസഫ് മാത്യൂസും ഗോളടിച്ചു. നിലവിലെ ചാമ്പ്യന്‍ പശ്‌ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-2) തോല്‍പ്പിച്ച സര്‍വീസസാണ് റെയില്‍വേസിനെ സെമിയില്‍ നേരിടുക. മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍ വീഴാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണു ജേതാവിനെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ സ്‌കോര്‍ 2-2 ല തുടര്‍ന്നു. ബംഗാളിന്റെ ചാകു മാന്‍ഡിയുടെ കിക്ക് പിഴച്ചിരുന്നു. കരണ്‍ റായുടെ ഷോട്ടും പാഴായി.
സര്‍വീസസിന്റെ സാമുവല്‍ കെ. സര്‍വീസസിനു മുന്‍തൂക്കം നല്‍കി. വാങ്‌ഡെന്‍ തമാങിന്റെ കിക്ക് ബംഗാള്‍ ഗോള്‍ കീപ്പര്‍ ഗൗരവ് ഷാ സേവ് ചെയ്‌തിരുന്നു. സിലാപത്തറില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കേരളം കുതിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റില്‍ ലീഡെടുത്തു. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് നായകന്‍ എം. മനോജാണ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. അര്‍ജുന്‍ പോസ്‌റ്റിനു സമീപത്തേക്കു ചിപ്പ് ചെയ്‌ത പന്തിന് അജ്‌സലിന്റെ ഹെഡര്‍. പന്തിനെ വലയം കടത്തുന്ന ജോലിയായിരുന്നു മനോജിന്. പിന്നാലെ ബിബിന്‍ അജയന്‍ ഗോളിന് അടുത്തെത്തി. അസം ഗോള്‍ കീപ്പര്‍ നവജ്യോതി അയാന്റെ മികവ് ഗോള്‍ തടഞ്ഞു.
ഒന്നാം പകുതിയുടെ അവസാന നിമിഷത്തില്‍ മുഹമ്മദ് അജ്‌സലിലൂടെ കേരളം രണ്ടാം ഗോളും നേടി. ടീം ഗെയിമിനൊടുവിലായിരുന്നു അജ്‌സലിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോള്‍ കീപ്പര്‍ ഹജ്‌മലും ഉറച്ചുനിന്നു. ഇഞ്ചുറി ടൈമില്‍ സജീഷിന്റെ ക്രോസിനെ അബൂബക്കര്‍ ദില്‍ഷാദ് അസം വലയിലെത്തിച്ചു.
കേരളത്തിനെതിരേ നടന്ന ബി ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ചതോടെയാണു സര്‍വീസസ് ക്വാര്‍ട്ടറില്‍ കടന്നത്.