-->
ന്യൂഡല്‍ഹി: യു.എസ്. ഉത്‌പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യ 'പൂജ്യ'മാക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കാതെ ഇന്ത്യ. അമേരിക്കയ്‌ക്കെതിരായ തീരുവകളും തീരുവേതര തടസങ്ങളും പൂജ്യമായി കുറയ്‌ക്കാന്‍ ഇന്ത്യ സമ്മതിച്ചു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഈ അവകാശവാദം ഇന്ത്യ സ്‌ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, ഇരുപക്ഷവും ഏത് ഉല്‍പ്പന്നങ്ങളിലാണ് തടസങ്ങള്‍ പൂജ്യമായി കുറയ്‌ക്കുമെന്നോ, കുറയ്‌ക്കുമെങ്കില്‍ തന്നെ എത്രത്തോളം എന്നോ വിശദീകരിച്ചിട്ടില്ല.
തെരഞ്ഞെടുത്ത യു.എസ്. ഉത്‌പന്നങ്ങളുടെ തീരുവകള്‍ അവസാനിപ്പിക്കാനുള്ള പ്രതിബദ്ധതയെയാണു ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണു നിരീക്ഷണം. എന്നാല്‍, എല്ലാ ഇറക്കുമതി തീരുവകളും പെട്ടെന്ന് ഇല്ലാതാക്കാനാകില്ല.
ഇന്ത്യ - യു.എസ്. വ്യാപാര കരാറില്‍ നിരവധി കാര്യങ്ങളില്‍ വ്യക്‌തതയില്ലെന്നു വിമര്‍ശകര്‍ പറയുന്നു.
യു.എസിനെതിരായ പ്രതികൂല തീരുവകള്‍ ഇന്ത്യ പൂജ്യമായി വെട്ടിച്ചുരുക്കുമെന്നാണോ ട്രംപ് ഉദ്ദേശിച്ചതെന്നാണ് ഒരു ചോദ്യം. നരേന്ദ്ര മോദി 2025 ഫെബ്രുവരിയില്‍ വാഷിങ്‌ടണ്‍ സന്ദര്‍ശിച്ചതു മുതല്‍ ചര്‍ച്ചയിലുള്ള ഇന്ത്യ- യു.എസ്. സ്വതന്ത്ര വ്യാപാര കരാറിന്റെ 'ആദ്യ ഘട്ടം' ആണോ പ്രഖ്യാപിച്ചതെന്നു വ്യക്‌തമല്ല. എങ്കിലും താരിഫുകള്‍ 'പൂജ്യമായി' കുറയ്‌ക്കാന്‍ ഇന്ത്യ തയാറാകും എന്ന ട്രംപിന്റെ അവകാശവാദം ഒരുപാട് വ്യാഖ്യാനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
കരാറിന്റെ ഭാഗമായി ഇരുപക്ഷവും തീരുവകളും തീരുവേതര തടസങ്ങളും ഉപേക്ഷിക്കുമെന്നു പ്രതീക്ഷിക്കുന്നു. കാര്‍ഷിക മേഖലയെ കൂടുതല്‍ യു.എസ്. പ്രവേശനത്തിന് തുറന്നുകൊടുക്കാന്‍ ഇന്ത്യ വിസമ്മതിച്ചതായിരുന്നു ചര്‍ച്ചയിലെ പ്രധാന തടസം. സോയാബീന്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ കാര്‍ഷിക മേഖലകള്‍ തുറന്നുകൊടുക്കാന്‍ ഇന്ത്യ വിമുഖത കാണിച്ചു.
കാര്‍ഷിക മേഖല തുറന്നുകൊടുക്കില്ലെന്നായിരുന്നു ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ട്രംപിന്റെ പോസ്‌റ്റ് യു.എസ്. കാര്‍ഷികോത്‌പന്നങ്ങള്‍ ഇന്ത്യയിലേക്ക് പ്രവേശനം നേടുന്നു എന്നതിന്റെ പ്രാഥമിക സൂചനകള്‍ നല്‍കുന്നുണ്ടെന്നു വിദഗ്‌ധര്‍ പറയുന്നു.
ഇതുവരെ, അത്തരം തടസങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി ഇന്ത്യ പരസ്യമായി സ്‌ഥിരീകരിച്ചിട്ടില്ല. യു.എസ്. ഊര്‍ജവും സാങ്കേതികവിദ്യയും ഇന്ത്യ കൂടുതലായി ഉപയോഗിക്കുമെന്ന ട്രംപിന്റെ അവകാശവാദവും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
ട്രംപ് പ്രഖ്യാപിച്ച 50000 കോടി ഡോളര്‍(45.11 ലക്ഷം കോടി രൂപ)വാങ്ങല്‍ എന്ന വലിയ സംഖ്യയില്‍ വ്യക്‌തതയില്ല. ഇന്ത്യ നിലവില്‍ പ്രതിവര്‍ഷം 5000 കോടി ഡോളറില്‍ താഴെയാണ് യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. അത് എങ്ങനെ പത്തിരട്ടിയാകും? ഇക്കാര്യത്തില്‍ സംയുക്‌ത പ്രസ്‌താവന വന്നിട്ടില്ല.