Thursday, March 12, 2026 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Feb 2026 11.37 PM

സ്വകാര്യതവച്ച്‌ കളിക്കാന്‍ അനുവദിക്കില്ല.., ഞങ്ങളുടെ ഡേറ്റയുടെ ഒരു അക്കം പോലും പങ്കിടാനാവില്ല. ചൂഷണം അംഗീകരിക്കില്ല; മെറ്റയെ ശാസിച്ച്‌ സുപ്രീം കോടതി

uploads/news/2026/02/823737/in2.jpg

ന്യൂഡല്‍ഹി: ടെക്‌ ഭീമനും വാട്ട്‌സ്‌ആപ്പിന്റെ മാതൃസ്‌ഥാപനവുമായ മെറ്റയെ ശാസിച്ച്‌ സുപ്രീം കോടതി. 'ആളുകളുടെ സ്വകാര്യതവച്ച്‌ കളിക്കാന്‍ നിങ്ങളെ അനുവദിക്കില്ല. ഞങ്ങളുടെ ഡേറ്റയുടെ ഒരു അക്കം പോലും പങ്കിടാന്‍ സമ്മതിക്കില്ല. ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നത്‌ അംഗീകരിക്കില്ലെന്നും യു.എസ്‌ കമ്പനിയോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യ കാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ വ്യക്‌തമാക്കി.

വാട്ട്‌സ്‌ആപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മെറ്റയ്‌ക്കെതിരേ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ്‌ ഇന്ത്യ (സി.സി.ഐ) വിധിച്ച 213 കോടി രൂപ പിഴ കമ്പനി നിയമ ട്രിബ്യൂണല്‍ ശരിവച്ചിരുന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോക്‌തൃ ഡേറ്റ പങ്കിടുന്ന 'ചൂഷണപരമായ' മെറ്റ നയത്തെ സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിമര്‍ശിച്ചു. പിന്നാലെ ചീഫ്‌ ജസ്‌റ്റിസ്‌ നയം വ്യക്‌തമാക്കി: 'നിങ്ങള്‍ക്ക്‌ ഞങ്ങളുടെ ഭരണഘടന പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യതയില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ അനുവദിക്കില്ല.'രാജ്യത്തെ ദശലക്ഷക്കണക്കിന്‌ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകള്‍ക്ക്‌ മെറ്റയുടെ നയം വായിച്ചു മനസിലാക്കാന്‍ കഴിയുമോ എന്ന്‌ കോടതി ചോദിച്ചു. ' ഒരു പാവപ്പെട്ട സ്‌ത്രീക്കോ വഴിയോര കച്ചവടക്കാരനോ, അല്ലെങ്കില്‍ തമിഴ്‌ മാത്രം സംസാരിക്കുന്ന ഒരാള്‍ക്കോ ഈ സ്വകാര്യതാ നയം വായിച്ചു മനസിലാക്കാന്‍ പറ്റുമോ? 'ചിലപ്പോള്‍ അതു മനസിലാക്കാന്‍ ഞങ്ങള്‍ക്കുപോലും ബുദ്ധിമുട്ടാണ്‌. അപ്പോള്‍ ബിഹാറിലെ ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ അവ എങ്ങനെ മനസിലാക്കും? 'ഒപ്‌റ്റ്‌ ഔട്ട്‌' എന്ന ക്ലോസ്‌ ഉണ്ടെന്ന കമ്പനിയുടെ വിശദീകരണം കേട്ടതും മെറ്റയെയും വാട്ട്‌സ്‌ആപ്പിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സ്വകാര്യ വിവരങ്ങള്‍ മോഷ്‌ടിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്‌. അത്‌ അനുവദിക്കില്ലെന്നും കോടതി നിലപാടെടുത്തു. തുടര്‍ന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സ്വന്തം അനുഭവം പങ്കുവച്ചു. ' നമ്മള്‍ അസുഖമാണെന്ന്‌ വാട്ട്‌സ്‌ആപ്പില്‍ ഒരു ഡോക്‌ടര്‍ക്ക്‌ സന്ദേശം അയച്ചാല്‍... ഡോക്‌ടര്‍ ചില മരുന്ന്‌ കുറിപ്പടികള്‍ അയച്ചാല്‍, ഉടന്‍ അതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നമുക്കു മുന്നിലെത്തും...'ഈ പരാമര്‍ശത്തെ മെറ്റയ്‌ക്കും വാട്ട്‌സ്‌ആപ്പിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്‌ഗിയും മുതിര്‍ന്ന അഭിഭാഷകന്‍ അഖില്‍ സിബലും എതിര്‍ത്തു. എല്ലാ സന്ദേശങ്ങളും 'എന്‍ഡ്‌-ടു-എന്‍ഡ്‌ എന്‍ക്രിപ്‌റ്റഡ്‌' ആണെന്നായിരുന്നു അവരുടെ മറുപടി. കമ്പനികള്‍ക്ക്‌ പോലും സന്ദേശങ്ങളുടെ ഉള്ളടക്കം കാണാന്‍ കഴിയില്ലെന്നു സമര്‍ഥിച്ചായിരുന്നു ഇത്‌.
വിപണിയില്‍ വാട്ട്‌സ്‌ആപ്പ്‌ നേടിയ ആധിപത്യം കാരണം പുതിയ സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്‌താക്കള്‍ നിര്‍ബന്ധിതരാകുന്നെന്ന്‌ 2024 നവംബറില്‍ 2021ല്‍ വിധി പ്രസ്‌താവിച്ച സി.സി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. മെസേജിങ്‌ സേവനങ്ങളിലേക്കുള്ള ആക്‌സസ്‌ തുടരുന്നതിന്‌ മറ്റ്‌ മെറ്റാ പ്ലാറ്റ്‌ഫോമുകളുമായി ഡേറ്റ പങ്കിടല്‍ അനുവദിക്കേണ്ടതുണ്ടെന്ന്‌ വാട്ട്‌സ്‌ആപ്പ്‌ ഉപയോക്‌താക്കളോട്‌ ആവശ്യപ്പെട്ടതിനെയും സി.സി.ഐ എതിര്‍ത്തു. തുടര്‍ന്ന്‌ 213 കോടി രൂപ പിഴ ചുമത്തി. അത്‌ ഇന്നലെ കോടതിയില്‍ നിക്ഷേപിച്ചതായി റോഹത്‌ഗിയും സിബലും പറഞ്ഞു.2025 ജനുവരിയില്‍ മെറ്റയും വാട്ട്‌സ്‌ആപ്പും ആ ഉത്തരവിനെ ചോദ്യം ചെയ്‌തതാണ്‌. കഴിഞ്ഞ നവംബറില്‍ നിയമ ട്രിബ്യൂണല്‍ വാട്ട്‌സ്‌ആപ്പ്‌ ഡേറ്റ പങ്കിടുന്നതിനുള്ള അഞ്ച്‌ വര്‍ഷത്തെ താല്‍ക്കാലിക വിരാമം റദ്ദാക്കി. പിഴ ശരിവയ്‌ക്കുകയും ചെയ്‌തു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW