-->
ന്യൂഡല്‍ഹി: തന്ത്രപരമായ സിലിഗുരി ഇടനാഴിയില്‍ 'കണക്‌ടിവിറ്റി' വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വടക്ക് കിഴക്കന്‍ ഇന്ത്യയുടെ സുരക്ഷ മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്റെ പുതിയ പദ്ധതി. 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ തന്ത്രപ്രധാന ഇടനാഴിയില്‍ ഭൂഗര്‍ഭ റെയില്‍വേ ട്രാക്കുകള്‍ ഉള്‍പ്പടെ സ്‌ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്‌ഥാനങ്ങളെ പശ്‌ചിമബംഗാളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഭൂഗര്‍ഭ റെയില്‍വേ പാതകള്‍ ഒരുങ്ങുന്നത്.
വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെ ഇന്ത്യന്‍ മുഖ്യഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സിലിഗുഡി ഇടനാഴി എന്നും നമ്മുടെ പ്രതിരോധ രംഗത്തെ വെല്ലുവിളിയായിരുന്നു. 'ചിക്കന്‍സ് നെക്ക്' അഥവാ 'കോഴിക്കഴുത്ത്' എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴി ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ്. ഒരു വിളിപ്പാടകലെ ചൈനയും സ്‌ഥിതി ചെയ്യുന്നു എന്നത് ഇതിന്റെ തന്ത്രപരമായ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ടിന്‍ മൈല്‍ ഹാട്ടിനും രംഗപാണിക്കും ഇടയില്‍ രണ്ടു ഭൂഗര്‍ഭ റെയില്‍വേ പാതകള്‍ നിര്‍മിക്കുന്നതും നിലവിലുള്ള ഉപരിതല ട്രാക്കുകള്‍ നാലു ലൈനുകളായി വികസിപ്പിക്കുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതോടെ ആറുവരി റെയില്‍ ഇടനാഴിയായി ഇതിനെ വികസിപ്പിക്കാനാണ് പദ്ധതി. ഉപരിതലത്തില്‍നിന്ന് ഏകദേശം 22-24 മീറ്റര്‍ താഴെ സ്‌ഥിതി ചെയ്യുന്ന ഭൂഗര്‍ഭ പാതകള്‍ സുരക്ഷയും പ്രതിരോധ നീക്കവും വര്‍ധിപ്പിക്കുകയും വ്യോമ പ്രതിരോധത്തിന്റെ നെടുംതൂണായ ബാഗ്‌ഡോഗ്രയിലേക്ക് നേരിട്ട് സൈനിക നീക്കം സാധ്യമാക്കുകയും ചെയ്യും.
ഷെയ്‌ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം, ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടം 'ചിക്കന്‍സ് നെക്ക്' പ്രശ്‌നം ഉന്നയിക്കാന്‍ ശ്രമിക്കുകയും ചൈനയുടെ ശ്രദ്ധ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്‌തിരുന്നു. ഇതിനെതിരേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ബംാദേശ് നേതൃത്വത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടവുമായുള്ള ബന്ധം അനുദിനം മോശമാകുന്ന സാഹര്യത്തില്‍ മേഖലയില്‍ സുരക്ഷാ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി അസമിലെ ധുബ്രിക്ക് സമീപമുള്ള ലചിത് ബൊര്‍ഫുകന്‍ മിലിട്ടറി സ്‌റ്റേഷന്‍, ബിഹാറിലെ കിഷന്‍ഗഞ്ചിലെയും പശ്‌ചിമ ബംഗാളിലെ ചോപ്രയിലെയും സൈനിക താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ സന്നാഹം ശക്‌തമാക്കിയിരുന്നു.
സിലിഗുരി ഇടനാഴിയുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്‌ചയും സംഭവിക്കില്ലെന്ന് ഉറപ്പാക്കാനായി ദ്രുത വിന്യാസ സേന, ഇന്റലിജന്‍സ് യൂണിറ്റുകള്‍, പാരാ സ്‌പെഷല്‍ ഫോഴ്‌സ് എന്നീ സൈനികവിഭാഗങ്ങളെ വിന്യസിച്ചു.
സൈനിക താവളങ്ങളിലും സംവിധാനങ്ങളിലും പുതിയ വിന്യാസങ്ങളൊരുക്കി ഈ ഇടനാഴിയെ മാറ്റിമറിക്കുകയാണു കേന്ദ്രസര്‍ക്കാര്‍.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തന്ത്രപ്രധാനമായ അതിര്‍ത്തിയില്‍ ബംഗ്ലാദേശ് ശത്രുരാജ്യങ്ങളിലേക്ക് ചായുന്നത് ഒരു തന്ത്രപരമായ പേടിസ്വപ്‌നമാണ്. വടക്കുകിഴക്കന്‍ മേഖലയിലെ 4.5 കോടിയിലധികം ജനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയിലെ ഏതൊരു തടസവും മുഖ്യ ഭൂപ്രദേശവുമായുള്ള ഈ മേഖലയിലെ ജനതയുടെ ബന്ധത്തെ വിചേ്‌ഛദിച്ചേക്കാം.
പുതിയ സൈനികതാവളങ്ങള്‍ ഇടനാഴിക്ക് പൂര്‍ണമായുള്ള സുരക്ഷാ കവചം നല്‍കുന്നു, ഇതില്‍ ചോപ്രയിലെ സൈനിക കേന്ദ്രം ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്ററില്‍ താഴെ ദൂരത്തിലാണ് സ്‌ഥിതി ചെയ്യുന്നത്. ബംാദേശിന്റെ ഉള്ളിലേക്ക് ആഴത്തില്‍ നിരീക്ഷണം നടത്താനും ആവശ്യമെങ്കില്‍ ദ്രുതഗതിയിലുള്ള സൈനിക വിന്യാസം സാധ്യമാക്കാനും ഇത് സഹായിക്കുന്നു.