-->
ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജ്‌ഞാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യം മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്നു പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. എസ്.ഐ.ആര്‍. സംബന്ധിച്ച വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണു നീക്കം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസില്‍ മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്ന് ഉന്നത ഉദ്യോഗസ്‌ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.
വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ 'തെറ്റായ രീതിയിലാണ്' മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കൈകാര്യം ചെയ്യുന്നതെന്ന് തൃണമുല്‍ എം.പി. കല്യാണ്‍ ബാനര്‍ജി പറഞ്ഞു. 'ബി.ജെ.പി എം.എല്‍.എമാര്‍ ഉള്ള നിയമസഭാ മണ്ഡലങ്ങളില്‍, പരമാവധി 3,000 മുതല്‍ 4,000 വരെ വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്ള മണ്ഡലങ്ങളില്‍, 40,000 മുതല്‍ ഒരു ലക്ഷം വരെ വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്യുന്നത്'- മമത ബാനര്‍ജി ആരോപിച്ചു.