-->
ന്യൂഡല്‍ഹി/ഇംഫാല്‍: ബി.ജെ.പി. എം.എല്‍.എ. യുനാം ഖേംചന്ദ് സിങ് മണിപ്പുര്‍ മുഖ്യമന്ത്രിയാകും.
ഡല്‍ഹിയില്‍ ചേര്‍ന്ന മണിപ്പുര്‍ നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഈ മാസം 31-ന് രാഷ്‌ട്രപതി ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതു കണക്കിലെടുത്താണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി. നീക്കം തുടങ്ങിയത്.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകനായി ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണനീക്കം ബി.ജെ.പി. വേഗത്തിലാക്കിയത്.
മേയ്‌തേയ്-കുക്കി കലാപം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് എന്‍. ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2025 ഫെബ്രുവരി 9-ന് രാജിവച്ചത്. തുടര്‍ന്ന് ഫെബ്രുവരി 13-ന് രാഷ്‌ട്രപതി ഭരണം നിലവില്‍വന്നു. നിയമസഭ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിരിച്ചുവിട്ടിരുന്നില്ല. ഇതാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് അവസരമൊരുക്കുന്നത്.
ബി.ജെ.പി. മണിപ്പുര്‍ ഘടകത്തിലെ മുതിര്‍ന്ന നേതാവാണു യുനാം ഖേംചന്ദ്. ഇംഫാല്‍ വെസ്‌റ്റിലെ സിംഗ്‌ജമേയ് മണ്ഡത്തില്‍നിന്നാണു നിയമസഭയിലെത്തിയത്.
2017 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെ മണിപ്പുര്‍ നിയമസഭാ സ്‌പീക്കറായിരുന്നു. പിന്നീട് എന്‍. ബിരേന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായി.