-->
ന്യൂഡല്‍ഹി: കരസേന മുന്‍മേധാവി ജനറല്‍ എം.എം. നരവനെയുടെ അപ്രകാശിത പുസ്‌തകത്തിലെ ലഡാക്ക് സംഘര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശം വീണ്ടും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ നീക്കം തുടര്‍ച്ചയായ രണ്ടാംദിവസവും സഭയെ പ്രക്ഷുബ്‌ധമാക്കി. ഹൈബി ഈഡന്‍ ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എം.പിമാരെ ശേഷിക്കുന്ന സമ്മേളനകാലയളവിലേക്കു സസ്‌പെന്‍ഡ് ചെയ്‌തു.
രാഹുലിനു പിന്തുണയുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാകാതെ സഭ ഇന്നലത്തേക്കു പിരിഞ്ഞു. സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്കുനേരേ പ്രതിപക്ഷാംഗങ്ങള്‍ കടലാസ് കീറിയെറിഞ്ഞു. ഹൈബി ഈഡനു പുറമേ മാണിക്കം ടാഗോര്‍, അമരീന്ദര്‍ രാജ വാറിങ് എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരില്‍ ഉള്‍പ്പെടുന്നു. രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരേയാണു പ്രതിഷേധിച്ചതെന്നും കടലാസുകള്‍ കീറിയെറിഞ്ഞത് സസ്‌പെന്‍ഡ് ചെയ്യാന്‍ തക്ക കുറ്റമാണോയെന്നും അമരീന്ദര്‍ രാജ മാധ്യമങ്ങളോടു പ്രതികരിക്കവേ ചോദിച്ചു.
രാഹുല്‍ ജനാധിപത്യത്തേയും പാര്‍ലമെന്റിനെയും അപമാനിക്കുകയാണെന്ന് ബി.ജെ.പി. നേതാവ് അനുരാഗ് താക്കുര്‍ എം.പി. ആരോപിച്ചു. ഇന്ത്യന്‍ സൈനികരെ അപമാനിക്കുകയെന്ന ഒറ്റലക്ഷ്യമേ രാഹുലിനുള്ളൂവെന്ന് അനുരാഗ് താക്കുര്‍ കുറ്റപ്പെടുത്തി. ഇന്ത്യാ-ചൈന അതിര്‍ത്തിത്തര്‍ക്കത്തെക്കുറിച്ചു പറയുമ്പോള്‍ ബി.ജെ.പി. തന്നെ നിശബ്‌ദനാക്കാന്‍ ശ്രമിക്കുകയാണെന്നു രാഹുല്‍ സഭയ്‌ക്കു പുറത്ത് പ്രതികരിച്ചു.