Wednesday, March 11, 2026 Last Updated 18 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.36 PM

എസ്‌.എഫ്‌.ഡി.ആര്‍. പരീക്ഷണം വിജയിപ്പിച്ച്‌ ഇന്ത്യ: മിസൈല്‍ കരുത്തില്‍ പുതിയ ഗതിവേഗം

ന്യൂഡല്‍ഹി: മിസൈലുകള്‍ക്കു ഗതിവേഗം പകരുന്ന സോളിഡ്‌ ഫ്യുവല്‍ ഡക്‌റ്റഡ്‌ റാംജെറ്റ്‌ (എസ്‌.എഫ്‌.ഡി.ആര്‍) സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. ഇന്നലെ രാവിലെ 10:45 ന്‌ ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ്‌ ടെസ്‌റ്റ്‌ റേഞ്ചില്‍ (ഐ.ടി.ആര്‍)നിന്ന്‌ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന വിഭാഗമായ ഡി.ആര്‍.ഡി.ഒ. ആണ്‌ ദൗത്യം വിജയകരമാക്കിയത്‌.
പരമ്പരാഗത റോക്കറ്റുകള്‍ക്കപ്പുറം ഉയര്‍ന്ന വേഗതയില്‍ ഇന്ധനം കാര്യക്ഷമമായി കത്തിക്കുന്ന ദീര്‍ഘദൂര എയര്‍-ടു-എയര്‍ മിസൈലുകള്‍ക്ക്‌ കരുത്തുപകരുന്നതാണ്‌ ഈ പുതിയ സാങ്കേതിക മുന്നേറ്റം. ദൃശ്യപരിധിക്കപ്പുറം 'ഫയര്‍ ആന്‍ഡ്‌ ഫൊള്‍ഗെറ്റ്‌' ആക്രമണങ്ങള്‍ ഇതു പ്രാപ്‌തമാക്കും. അതുകൊണ്ടുതന്നെ, ശത്രുക്കള്‍ക്കെതിരേ ഇന്ത്യന്‍ വ്യോമസേനാ ജെറ്റുകള്‍ക്ക്‌ ഇതു മേല്‍ക്കൈ നല്‍കും.പരീക്ഷണവിജയത്തിന്റെ വീഡിയോ എക്‌സ്‌ പോസ്‌റ്റില്‍ ഡി.ആര്‍.ഡി.ഒ പങ്കുവച്ചു. 40 കിലോമീറ്ററിനപ്പുറമുള്ള ദൗത്യങ്ങളില്‍ തുണയാകുന്ന ആസ്‌ട്ര അപ്‌ഗ്രേഡുകള്‍ പോലുള്ള തദ്ദേശീയ മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിച്ച്‌ യു.എസ്‌, റഷ്യ, യൂറോപ്പ്‌ എന്നിവയുള്‍പ്പെട്ട എലൈറ്റ്‌ ഗ്രൂപ്പില്‍ ഇന്ത്യയും ഇപ്പോള്‍ എത്തിയെന്നായിരുന്നു പോസ്‌റ്റ്‌.എസ്‌.എഫ്‌.ഡി.ആറിന്റെ നോസല്‍-ലെസ്‌ ബൂസ്‌റ്റര്‍, ഖര ഇന്ധന ഡക്‌റ്റഡ്‌ റാംജെറ്റ്‌ മോട്ടോര്‍, ഇന്ധന പ്രവാഹ കണ്‍ട്രോളര്‍ എന്നിങ്ങനെ എല്ലാ സബ്‌ സിസ്‌റ്റങ്ങളും പ്രതീക്ഷിച്ചതുപോലെ കൃത്യമായി പ്രവര്‍ത്തിച്ചു.
ഗ്രൗണ്ട്‌ ബൂസ്‌റ്റര്‍ ഉപയോഗിച്ചാണ്‌ സിസ്‌റ്റം ആദ്യം വിക്ഷേപിച്ചത്‌.ചാന്ദിപ്പൂരിലെ ട്രാക്കിങ്‌ ഉപകരണങ്ങളില്‍നിന്നുള്ള ഫൈ്ലറ്റ്‌ ഡേറ്റ മികച്ച പ്രകടനം സ്‌ഥിരീകരിച്ചു. ഡിഫന്‍സ്‌ റീസേര്‍ച്ച്‌ ഡവലപ്‌മെന്റ്‌ ലബോറട്ടറി, ഹൈ എനര്‍ജി മെറ്റീരിയല്‍സ്‌ റീസേര്‍ച്ച്‌ ലബോറട്ടറി, റീസേര്‍ച്ച്‌സെന്റര്‍ ഇമാറാത്ത്‌, ഐ.ടി.ആര്‍ തുടങ്ങിയ ലാബുകളില്‍നിന്നു മുതിര്‍ന്ന ഡി.ആര്‍.ഡി.ഒ ശാസ്‌ത്രജ്‌ഞര്‍ പരീക്ഷണം നിരീക്ഷിച്ചു. പരീക്ഷണവിജയത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ ഡി.ആര്‍.ഡി.ഒയെ അഭിനന്ദിച്ചു.

Ads by Google
Tuesday 03 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW