-->
ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇന്ത്യ- യു.എസ്. വ്യാപാര കരാര്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കു ഭീഷണിയാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വ്യാപാര കരാര്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഉപരോധം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് ഇന്ത്യ തുടര്‍ന്നും അസംസ്‌കൃത എണ്ണ വാങ്ങും. റഷ്യന്‍ എണ്ണയുടെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരാണ് ഇന്ത്യ. റഷ്യ നിലവില്‍ യുഎസ് ഉപരോധത്തിലാണ്. വ്യാപാരക്കരാറിന്റെ ഭാഗമായി യു.എസിന് ഇന്ത്യന്‍ കൃഷി മേഖലയിലേക്ക് പ്രവേശനം നല്‍കാനുള്ള വിസമ്മതം ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിനു കാരണമായിരുന്നു. സോയാബീന്‍, പാല്‍ ഉത്‌പന്നങ്ങള്‍ പോലുള്ള കാര്‍ഷിക മേഖലകള്‍ തുറന്നുകൊടുക്കാന്‍ ഇന്ത്യ വിമുഖത കാണിച്ചിരുന്നു.
കര്‍ഷകരുടെയും പാല്‍ ഉത്‌പാദകരുടെയും താല്‍പ്പര്യങ്ങള്‍ ഇനിയും സംരക്ഷിക്കപ്പെടുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പക്ഷേ, വ്യാപാര കരാറിന്റെ ഭാഗമായി ചില കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് വിപണി പ്രവേശനം നല്‍കാമെന്ന് ഇന്ത്യ വാഗ്‌ദാനം ചെയ്‌തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമീപകാലത്ത്, യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായും ഇന്ത്യ ചില കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് വിപണി പ്രവേശനം വാഗ്‌ദാനം ചെയ്‌തിരുന്നു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരേ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ യു.എസ്. ഏര്‍പ്പെടുത്തിയിരുന്നു. അത് 18 ശതമാനമായി കുറയ്‌ക്കുമെന്നാണു ട്രംപ് പറയുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്തിവച്ച് യു.എസില്‍നിന്നും വെനസ്വേലയില്‍നിന്നും എണ്ണ വാങ്ങണമെന്നാണു ട്രംപ് ആവശ്യപ്പെടുന്നത്.
യു.എസ്. ഏര്‍പ്പെടുത്തിയ അധിക തീരുവയ്‌ക്കുശേഷവും ഇന്ത്യന്‍ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് റഷ്യയില്‍നിന്നായിരുന്നു. ഇനി ഉപരോധമില്ലാത്ത രാജ്യങ്ങളില്‍നിന്ന് ് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുമെന്നാണു സൂചന. തങ്ങളുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തുന്ന കാര്യം ഇന്ത്യ അറിയിച്ചിട്ടില്ലെന്നാണു റഷ്യയുടെ നിലപാട്. ഊര്‍ജ ഇറക്കുമതിയില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. 50000 കോടി ഡോളറിലധികം ചെലവിട്ട് യു.എസ്. ഉത്‌പന്നങ്ങള്‍, ഊര്‍ജം, സാങ്കേതികവിദ്യ, കാര്‍ഷിക ഉത്‌പന്നങ്ങള്‍, കല്‍ക്കരി എന്നിവ ഉള്‍പ്പെടെ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചതായും താരിഫും താരിഫ് ഇതര തടസങ്ങളും ' പൂജ്യമായി' കുറയ്‌ക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. വിമാന ഇടപാടുകളും മറ്റ് അനുബന്ധ നിക്ഷേപങ്ങളും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നുവെന്നാണു വിശദീകരണം.
ഇന്ത്യയുടെ ഡേറ്റ പ്രകാരം, കഴിഞ്ഞ വര്‍ഷം ജനുവരി- നവംബര്‍ കാലയളവില്‍ യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 15.88 ശതമാനം വര്‍ധിച്ച് 8550 കോടി ഡോളറായി, ഇറക്കുമതി 4608 കോടി ഡോളറും. യു.എസ്. ഉത്‌പന്നങ്ങള്‍ വാങ്ങാനുള്ള പ്രതിബദ്ധതയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം, പ്രതിരോധം, പെട്രോളിയം, വിമാനങ്ങള്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു.