-->
ഇന്ത്യക്കാരെ സംബന്ധിച്ച് പുതിയ വാഹനം വാങ്ങുമ്പോള്‍ പല ആചാരങ്ങളും ആളുകള്‍ അനുഷ്ഠിക്കുന്നത് പതിവാണ്. ഇത്തരം പ്രവണതകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി നിറയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് പുതിയ ലംബോര്‍ഗിനിക്ക് മുന്നില്‍ യുവതി തേങ്ങയുടച്ചത് വലിയ രീതിയില്‍ ട്രോളുകളില്‍ നിറഞ്ഞത്. ഇതിനുപിന്നാലെ ഒരു റോള്‍സ് റോയിസ് കൂടി ട്രോളന്‍മാരുടെ ഇരയായിരിക്കുകയാണ്.
അത്യാഡംബര എസ്‌യുവിയായ റോള്‍സ് റോയിസ് കള്ളിനന് മുന്നില്‍ ഒരു ചെറുനാരങ്ങയും കുറച്ച് പച്ചമുളകും തൂക്കിയിട്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'പത്ത് കോടി രൂപ വിലയുള്ള വാഹനത്തിന് പത്ത് രൂപയുടെ സുരക്ഷ' എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍, ഇന്ത്യയിലെ ഒരു വിഭാഗം ആളുകള്‍ അവരുടെ വീടുകളിലും വാഹനങ്ങളിലും ചെയ്ത് പോരുന്ന ഒരു കീഴ്വഴക്കമാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
വീടിനും വാഹനത്തിനുമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ദൗര്‍ഭാഗ്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി ചിലര്‍ ചെയ്തുവരുന്ന ആചാരമാണിത്. നാരങ്ങയും മുളകും വാഹനത്തിലോ വീടുകളിലോ തൂക്കിയിടുന്നത് കണ്ണേറ് കൊള്ളുന്നത് തടയുമെന്നാണ് ചില ആളുകള്‍ വിശ്വസിക്കുന്നത്. ഈ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ആളായിരിക്കാം ഈ റോള്‍സ് റോയിസിന്റെ ഉടമയെന്നും അതാണ് വാഹനത്തില്‍ നാരങ്ങയും മുളകുമെല്ലാം തൂക്കിയിട്ടിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം പറയുന്നു.