-->
ന്യൂഡല്‍ഹി: മുന്‍ കരസേനാമേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തെക്കുറിച്ചുള്ള ലേഖനം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. 2020-ലെ ഇന്ത്യ-ചൈന ലഡാക്ക് സംഘര്‍ഷത്തെക്കുറിച്ച് പുസ്‌തകത്തിലുള്ള പരാമര്‍ശങ്ങളാണു രാഹുല്‍ ഉന്നയിച്ചത്. എന്നാല്‍, പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിലെ പരാമര്‍ശം ഉന്നയിക്കുന്നതു സഭാചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നാരോപിച്ച് മന്ത്രി രാജ്‌നാഥ് സിങ് എതിര്‍ത്തതോടെ വാക്‌പോര്‍ രൂക്ഷമായി.
കിഴക്കന്‍ ലഡാക്കിലെ പാങ്‌ഗോങ് തടാകമേഖലയില്‍ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റത്തേത്തുടര്‍ന്ന് 2020 മേയ് അഞ്ചിനാണ് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്. ജനറല്‍ നരവനെ രചിച്ച 'വിധിയുടെ നാല് നക്ഷത്രങ്ങള്‍' എന്ന അപ്രകാശിത പുസ്‌തകത്തില്‍ ലഡാക്ക് സംഘര്‍ഷം പരാമര്‍ശിക്കുന്നുണ്ട്. ഈ പുസ്‌തകത്തെക്കുറിച്ച് ഒരു പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനമാണു രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉദ്ധരിച്ചത്.
ലേഖനത്തിന്റെ അടിസ്‌ഥാനത്തില്‍ ലഡാക്ക് സംഘര്‍ഷം ചര്‍ച്ചചെയ്യാനുള്ള രാഹുലിന്റെ നീക്കത്തിനെതിരേ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനു പുറമേ ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി. രാഹുല്‍ പരാമര്‍ശിച്ച പുസ്‌തകം സഭയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട രാജ്‌നാഥ് സിങ്, അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രാഹുലിനു പിന്തുണയുമായെത്തി.
ചൈനയുമായി ബന്ധപ്പെട്ട വിഷയം അതീവവൈകാരികമാണെന്നും അത് സഭ ചര്‍ച്ചചെയ്യണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിലെ പരാമര്‍ശം എങ്ങനെ ഉദ്ധരിക്കാനാകുമെന്നു മന്ത്രി അമിത് ഷാ ചോദിച്ചു.
സ്‌പീക്കറുടെ റൂളിങ് അനുസരിക്കാത്ത രാഹുലിന്റെ നടപടിയും ചര്‍ച്ചചെയ്യണമെന്നായി മന്ത്രി കിരണ്‍ റിജിജു. പുസ്‌തകത്തിലെ എന്ത് ഉള്ളടക്കമാണു ഭരണപക്ഷത്തെ അസ്വസ്‌ഥരാക്കുന്നതെന്നു ചോദിച്ച് രാഹുല്‍ തിരിച്ചടിച്ചു. അസ്വസ്‌ഥതയില്ലെങ്കില്‍ ലേഖനം വായിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുസ്‌തകവും അതേക്കുറിച്ചുള്ള ലേഖനവും 100% ആധികാരികമാണെന്ന് അവകാശപ്പെട്ട രാഹുല്‍, ഈ വിഷയം താന്‍ ഉന്നയിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്‌തമാക്കി. തന്റെയും കോണ്‍ഗ്രസിന്റെയും രാജ്യസ്‌നേഹത്തെ ബി.ജെ.പി. അംഗം തേജസ്വി സൂര്യ ചോദ്യംചെയ്‌തതുകൊണ്ടാണ് അതേക്കുറിച്ച് പരാമര്‍ശിക്കാന്‍ നിര്‍ബന്ധിതനായതെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും മുന്‍ കരസേനാമേധാവിയുടെ പുസ്‌തകം ഉദ്ധരിക്കുക മാത്രമാണു ചെയ്‌തതെന്നും സഹോദരി പ്രിയങ്ക ഗാന്ധി വാധ്‌ര എം.പി. പ്രതികരിച്ചു. ബി.ജെ.പി. മറച്ചുവയ്‌ക്കാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും പുറത്തുവരുമ്പോഴൊക്കെ അവര്‍ ഈ ആരോപണം ഉന്നയിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബഹളത്തേത്തുടര്‍ന്നു സ്‌പീക്കര്‍ ഓം ബിര്‍ള ഉച്ചകഴിഞ്ഞ് മൂന്നുവരെ സഭ നിര്‍ത്തിവച്ചു. എന്നാല്‍, തുടര്‍ന്ന് സഭ വീണ്ടും ചേര്‍ന്നപ്പോഴും സമാനമായ രംഗങ്ങള്‍ ആവര്‍ത്തിച്ചു.