Wednesday, March 11, 2026 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.03 AM

ലഡാക്ക്‌ പ്രക്ഷോഭം സോനം വാങ്‌ചുക്‌ ജന്‍ സി കലാപത്തിന്‌ ശ്രമിച്ചെന്നു കേന്ദ്രം

uploads/news/2026/02/823651/3.jpg

ന്യൂഡല്‍ഹി: ലഡാക്കിന്റെ സംസ്‌ഥാന പദവിക്കായുള്ള പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്‌റ്റിലായ സാമൂഹികപ്രവര്‍ത്തകന്‍ സോനം വാങ്‌ചുക്കിനെതിരേ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
ബംഗ്ലാദേശ്‌, നേപ്പാള്‍ എന്നിവിടങ്ങളിലേതിനു സമാനമായ ജന്‍ സി കലാപം ലഡാക്കിലും നടത്താന്‍ സോനം വാങ്‌ചുക്ക്‌ പ്രേരിപ്പിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വാങ്‌ചുക്കിന്റ തടങ്കല്‍ സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാരം ചൂണ്ടിക്കാട്ടിയത്‌. വിഘടനവാദപ്രവര്‍ത്തനത്തിനു തുല്യമായ പ്രവൃത്തിയാണ്‌ വാങ്‌ചുക്ക്‌ നടത്തിയതെന്നു തുഷാര്‍ മേത്ത വാദിച്ചു.
ദേശീയ സുരക്ഷാ നിയമ(എന്‍.എസ്‌.എ)പ്രകാരം വാങ്‌ചുക്കിനെ തടവിലാക്കിയതിനെയും സോളിസിറ്റര്‍ ജനറല്‍ ന്യായീകരിച്ചു. 'എന്റെ ജീവന്‍ ത്യജിക്കാന്‍ ഞാന്‍ തയാറാണ്‌. എനിക്കെതിരേ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌താല്‍ എന്തു സംഭവിക്കും. ബംഗ്ലാദേശും ശ്രീലങ്കന്‍ ജനതയും മാറ്റം കൊണ്ടുവന്നു' എന്ന്‌ വാങ്‌ചുക്ക്‌ പറഞ്ഞതായും തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടിയെന്നു 'ലൈവ്‌ ലോ' റിപ്പോര്‍ട്ട്‌ ചെയ്‌തു.
എന്‍.എസ്‌.എ. പ്രകാരമുള്ള തടങ്കലിനെതിരേയുള്ള ഹര്‍ജി ജസ്‌റ്റിസുമാരായ അരവിന്ദ്‌ കുമാറും പ്രസന്ന ബി. വരാലെയും അടങ്ങുന്ന ബെഞ്ചാണു പരിഗണിച്ചത്‌.
സോനം വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്‌ജലി ആങ്‌മോയ്‌ക്ക്‌ വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. പഴയ എഫ്‌.ഐ.ആറുകളുടെ അടിസ്‌ഥാനത്തിലാണു തടങ്കല്‍ ഉത്തരവെന്നു കപില്‍ സിബല്‍ വാദിച്ചു. ഹിന്ദു ദൈവങ്ങള്‍ക്കെതിരേ അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാങ്‌ചുക്കിനെതിരേയുള്ള ആരോപണങ്ങളും കപില്‍ സിബല്‍ നിഷേധിച്ചു.
എന്‍.എസ്‌.എ. പ്രകാരം 2025 സെപ്‌റ്റംബര്‍ 26-ന്‌ കസ്‌റ്റഡിയിലെടുത്ത വാങ്‌ചുക്കിനെ പിന്നീട്‌ ജോധ്‌പൂര്‍ ജയിലിലേക്കു മാറ്റി. ലഡാക്കിനു സംസ്‌ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും ആവശ്യപ്പെട്ട്‌ നടന്ന പ്രതിഷേധങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 90 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു.
ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.

Ads by Google
Tuesday 03 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW