Wednesday, March 11, 2026 Last Updated 17 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.02 AM

യുവതിയെ കൊല്ലാന്‍ ഭര്‍ത്തൃപിതാവ്‌ വിഷം വച്ചു; മൂന്നു മരണം

ഛിന്ദ്‌വാര: യുവതിയെ കൊല്ലാന്‍ ഭര്‍ത്തൃപിതാവ്‌ വിഷംവച്ചു. യുവതിയും അവരുടെ മുത്തച്‌ഛനും സെക്യൂരിറ്റി ഗാര്‍ഡും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലാണു സംഭവം. ഭക്ഷ്യവിഷബാധയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു തെളിയുകയായിരുന്നു. ഖുഷ്‌ബു കത്തൂരിയ(22), അവരുടെ മുത്തച്‌ഛന്‍ സുന്ദര്‍ലാല്‍(72) , സെക്യൂരിറ്റി ഗാര്‍ഡ്‌ ദസരു യദുവംശി(50) എന്നിവരാണു കൊല്ലപ്പെട്ടത്‌. ഖുഷ്‌ബുവിന്റെ അമ്മായിയച്‌ഛന്‍ ജാധു കസറാണ്‌ ആഴ്‌സനിക്‌ വിഷംവച്ചതെന്നു പോലീസ്‌ കണ്ടെത്തി.
മൂന്ന്‌ മാസം മുമ്പാണ്‌ ഖുഷ്‌ബു ഭര്‍ത്തൃകുടുംബവുമായി തെറ്റി വീടുവിട്ടത്‌. ഇതോടെയാണു തിരിച്ചടിക്കാന്‍ ഭര്‍തൃകുടുംബം തീരുമാനിച്ചത്‌. ഛിന്ദ്‌വാരയിലെ ജുനാര്‍ഡിയോ മേഖലയിലെ പൊതുജനാരോഗ്യ വകുപ്പ്‌ ഓഫീസിനു സമീപമാണു ഖുഷ്‌ബുവിന്റെ വീട്‌. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആഴ്‌സനിക്‌ (വിഷം) പുരട്ടിയ മധുരം യുവതിയുടെ വീടിനടുത്ത്‌ വച്ചു.
ഒരു സഞ്ചി നിറയെ പച്ചക്കറികളും മധുരവുമാണു വീടിനു സമീപംവച്ചത്‌. പൊതുജനാരോഗ്യ വകുപ്പിലെ സെക്യൂരിറ്റി ഗാര്‍ഡ്‌ യാദുവന്‍ഷിയാണ്‌ ആദ്യം മധുരം രുചിച്ചുനോക്കിയത്‌. അദ്ദേഹത്തിനു കഠിനമായ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. ജനുവരി 11ന്‌ ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. പോസ്‌റ്റ്‌മോര്‍ട്ടം നടത്താത്തതിനാല്‍ മരണ കാരണം ഭക്ഷ്യവിഷബാധയായി കണക്കാക്കപ്പെട്ടു. പിന്നീട്‌, ഇതേ പെട്ടി ഖുഷ്‌ബുവിന്റെ വീട്ടുകാരെടുത്തു. അധികം വൈകാതെ ഖുഷ്‌ബു കത്തൂരിയ, അവരുടെ മുത്തച്‌ഛന്‍, മറ്റ്‌ കുടുംബാംഗങ്ങള്‍ എന്നിവര്‍ രോഗബാധിതരായി. ആശുപത്രിയിലെത്തിച്ചിട്ടും ഖുഷ്‌ബുവും മുത്തച്‌ഛനും മരിച്ചു.
അവരുടെ അമ്മയും സഹോദരിയും അത്‌ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന്‌ ദിവസത്തിനിടെ മൂന്ന്‌ മരണം ഉണ്ടായതോടെയാണു പോലീസ്‌ ഇടപെട്ടത്‌. മരണം ഒരു പെട്ടി മധുരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അവര്‍ കണ്ടെത്തി. 2024 ജനുവരിയിലാണു ഖുഷ്‌ബു വിവാഹിതയായത്‌. ഭര്‍തൃവീട്ടുകാര്‍ തന്നെ പീഡിപ്പിച്ചതായി കാട്ടി അവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ആരോപണം അവരുടെ കുടുംബത്തിന്‌ നാണക്കേടുണ്ടാക്കി.
ഇതിന്റെ പ്രതികാരമെന്നോണം, ഖുഷ്‌ബുവിന്റെ ഭര്‍തൃപിതാവ്‌ ജാധു കസര്‍, ഭര്‍തൃസഹോദരന്‍ ശുഭം, സഹോദരി ശിവാനി എന്നിവര്‍ ചേര്‍ന്ന്‌ ഖുഷ്‌ബുവിനെ നിശബ്‌ദയാക്കാന്‍ പദ്ധതിയിട്ടു. അവര്‍ മധുരത്തില്‍ ആഴ്‌സനിക്‌ കലര്‍ത്തി, അത്‌ ഖുഷ്‌ബുവിന്റെ പിതാവിന്റെ കടയ്‌ക്ക്‌ സമീപം മനഃപൂര്‍വം ഉപേക്ഷിച്ചു. ഖുഷ്‌ബുവും അവരുടെ കുടുംബാംഗങ്ങളും അത്‌ കഴിക്കുമെന്ന്‌ അവര്‍ക്ക്‌ അറിയാമായിരുന്നു.
ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ ശേഷമാണു സത്യം പുറത്തുവന്നത്‌. വിഷാംശം കലര്‍ന്ന മധുരത്തില്‍ അനുവദനീയമായതിലും കൂടുതല്‍ ആഴ്‌സനിക്‌ കണ്ടെത്തി. അത്‌ ഒന്നിലധികം ആളുകളെ കൊല്ലാന്‍ പര്യാപ്‌തമാണെന്നും ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി വ്യക്‌തമാക്കി.

Ads by Google
Tuesday 03 Feb 2026 11.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW