Wednesday, March 11, 2026 Last Updated 18 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.02 AM

ഇന്ത്യ- യു.എസ്‌. വ്യാപാര കരാര്‍ പ്രഖ്യാപിച്ച്‌ ട്രംപ്‌

വാഷിങ്‌ടണ്‍/ന്യൂഡല്‍ഹി: ഇന്ത്യ- യു.എസ്‌. വ്യാപാരക്കരാര്‍ പ്രാബല്യത്തിലായെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ട്രൂത്ത്‌ സോഷ്യല്‍ മീഡിയയിലൂടെയാണ്‌ അദ്ദേഹത്തിന്റെ അവകാശവാദം. ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്കുള്ള തീരുവ 25 ശതമാനത്തില്‍നിന്ന്‌ 18 ശതമാനമായി കുറച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. രാത്രിയില്‍ നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയശേഷമാണു ട്രംപിന്റെ പ്രഖ്യാപനങ്ങള്‍. വിദേശകാര്യമന്ത്രി എസ്‌. ജയശങ്കര്‍ യു.എസിലേക്കു തിരിച്ചിട്ടുണ്ട്‌. തീരുവ കുറച്ചതിന്‌ ട്രംപിനു നരേന്ദ്ര മോദി നന്ദി പറഞ്ഞു. അതേസമയം വ്യാപാരക്കരാറിനെക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
മാസത്തെ നീണ്ട ചര്‍ച്ചകള്‍ക്ക്‌ ശേഷമാണു വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്‌. നിരവധി തര്‍ക്കങ്ങള്‍ ഇതിനെിടെയുണ്ടായി.
ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്കുള്ള തീരുവ ട്രംപ്‌ ഭരണകൂടം 50 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതില്‍ 25% തീരുവ റഷ്യയുമായുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വ്യാപാരത്തിനുള്ള ശിക്ഷയായിരുന്നു. റഷ്യയില്‍നിന്ന്‌ എണ്ണ വാങ്ങുന്നത്‌ ഇന്ത്യ അവസാനിപ്പിക്കുമെന്നും ട്രംപ്‌ അവകാശപ്പെട്ടു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ സാധിച്ചത്‌ വലിയ ബഹുമതിയാണ്‌. അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്‌,. വ്യാപാരം, റഷ്യയും യുൈക്രനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നത്‌ എന്നിവ ഉള്‍പ്പെടെ പല വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹം റഷ്യന്‍ എണ്ണ വാങ്ങുന്നത്‌ നിര്‍ത്താമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌, പകരം അമേരിക്കയില്‍നിന്നും, വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങും. യുൈക്രനിലെ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കും.
നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന പ്രകാരം, തല്‍ക്ഷണ പ്രാബല്യത്തോടെ, യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന്‌ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ ഇന്ത്യക്കുള്ള തീരുവ 25% ല്‍നിന്ന്‌ 18% ലേക്ക്‌ കുറയ്‌ക്കും. യു.എസിനെതിരേയുള്ള ഇന്ത്യയുടെ തീരുവ പൂജ്യം ശതമാനത്തിലേക്കു നീങ്ങും. കൂടാതെ 50,000 കോടി ഡോളറിലധികം മൂല്യമുള്ള യു.എസ്‌. ഊര്‍ജം, സാങ്കേതികവിദ്യ, കാര്‍ഷികം, കല്‍ക്കരി, മറ്റ്‌ നിരവധി ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇന്ത്യ വാങ്ങും. മോദിയും ഞാനും കാര്യങ്ങള്‍ നടപ്പാക്കുന്ന രണ്ട്‌ വ്യക്‌തികളാണ്‌'- ട്രംപ്‌ വ്യക്‌തമാക്കി.
ഒരാഴ്‌ച മുമ്പാണ്‌ ഇന്ത്യയും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര കരാറിനു ധാരണയായത്‌. യൂറോപ്യന്‍ യൂണിയന്‍ ഒരു സാമ്പത്തിക ബേ്ലാക്ക്‌ എന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെങ്കിലും, യു.എസ്‌. വ്യാപാര പങ്കാളി എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കുന്നു.
വെനസ്വേലയില്‍നിന്ന്‌ ഇന്ത്യ ക്രൂഡ്‌ ഓയില്‍ വാങ്ങാന്‍ തുടങ്ങുമെന്നും ഇത്‌ റഷ്യന്‍ എണ്ണയുടെ ആവശ്യകത കുറയ്‌ക്കുമെന്നും ട്രംപ്‌ വ്യക്‌തമാക്കിയിരുന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ്‌ ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ.

Ads by Google
Tuesday 03 Feb 2026 11.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW