Tuesday, March 10, 2026 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 10.58 AM

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്ന യുവാവിന്‌ ഇരട്ട ജീവപര്യന്തം

uploads/news/2026/02/823638/1.jpg

ആലപ്പുഴ: ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ യുവാവിന്‌ ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ചേര്‍ത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത്‌ പതിനാറാം വാര്‍ഡ്‌ വലിയവെളി രാജേഷിനെ (45) യാണ്‌ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി എസ്‌. ഭാരതി ശിക്ഷിച്ചത്‌. രണ്ടുലക്ഷം രൂപ പിഴയടയ്‌ക്കാനും വിധിച്ചു.
തിരുനെല്ലൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിലെ കളക്‌ഷന്‍ ഏജന്റായിരുന്ന പള്ളിപ്പുറം പഞ്ചായത്ത്‌ 17-ാം വാര്‍ഡ്‌ ചെത്തിക്കാട്ട്‌ വീട്ടില്‍ അമ്പിളി (43) യെ 2024 മേയ്‌ 18 നാണ്‌ രാജേഷ്‌ കുത്തിക്കൊലപ്പെടുത്തിയത്‌. ഇയാള്‍ ജലഗതാഗത വകുപ്പ്‌ ജീവനക്കാരനായിരുന്നു.
സംഭവദിവസം വൈകിട്ട്‌ ആറോടെ പള്ളിപ്പുറം വില്ലേജ്‌ ഓഫീസിനു സമീപത്തുവച്ചായിരുന്നു ആക്രമണം. സ്‌കൂട്ടറിലെത്തി കടകളില്‍നിന്ന്‌ അമ്പിളി പണം പിരിക്കുന്നതിനിടെ രാജേഷ്‌ ബൈക്കിലെത്തി വഴക്കുണ്ടാക്കുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന്‌ കൈവശമുണ്ടായിരുന്ന കത്തികൊണ്ട്‌ അമ്പിളിയുടെ മുതുകിലും കഴുത്തിലുമായി 17 തവണ കുത്തി. അതിനുശേഷം അമ്പിളിയുടെ കൈവശമുണ്ടായിരുന്ന കളക്‌ഷന്‍ ബാഗും തട്ടിയെടുത്ത്‌ കൊണ്ടുപോയി. രക്‌തം വാര്‍ന്നുകിടന്ന അമ്പിളിയെ സ്‌ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പ്‌ മുറിഞ്ഞതാണു മരണകാരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
ചേര്‍ത്തല പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ൈപ്രജുവിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ഞിക്കുഴിയിലെ ബാറില്‍നിന്ന്‌ അന്നുതന്നെ പ്രതിയെ പിടികൂടി. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി ഫയല്‍ചെയ്‌ത ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു.
അമ്പിളിയും രാജേഷും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്‌. പിന്നീട്‌ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുമുണ്ടായി. രാജേഷിന്‌ മറ്റൊരു സ്‌ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി വഴക്ക്‌ പതിവായിരുന്നു. സംഭവത്തിനു രണ്ടാഴ്‌ച മുമ്പ്‌ കുട്ടികളുമായി അമ്പിളി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ ദൃക്‌സാക്ഷികളെ വിസ്‌തരിച്ചു.
ശാസ്‌ത്രീയ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഹാജരാക്കി. അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക്‌ പ്രോസിക്യൂട്ടറുമായ എസ്‌.എ ശ്രീമോനുമാണ്‌ കോടതിയില്‍ ഹാജരായത്‌. പ്രതിക്ക്‌ മാതൃകാപരമായ ശിക്ഷയാണു ലഭിച്ചതെന്ന്‌ വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ അമ്പിളിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Ads by Google
Tuesday 03 Feb 2026 10.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW