Wednesday, March 11, 2026 Last Updated 23 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.44 AM

പഴയ പദ്ധതിക്ക്‌ 30,000 കോടി ; ബി.ബി-ജി റാം ജി പദ്ധതിക്ക്‌ 95,000 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ്‌ പദ്ധതിക്കു പകരമായി കൊണ്ടുവന്ന വികസിത്‌ ഭാരത്‌-ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ അജീവിക മിഷന്‍-ഗ്രാമീണ്‍ (വി.ബി-റാം ജി) പദ്ധതിക്ക്‌ 95,692.31 കോടി രൂപ വകയിരുത്തി കേന്ദ്ര ബജറ്റ്‌. പഴയ പദ്ധതിയായ എം.ജി.എന്‍.ആര്‍.ഇ.ജി.എയ്‌ക്ക്‌ 30,000 കോടി രൂപ വകയിരുത്തിയതായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
അതേസമയം, ഗ്രാമവികസന വകുപ്പിന്റെ മൊത്തത്തിലുള്ള ബജറ്റ്‌ വിഹിതം ഏകദേശം 21% വര്‍ധിച്ചതായി ഗ്രാമവികസന മന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്‍ പറഞ്ഞു.
പുതിയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും എം.ജി.എന്‍.ആര്‍.ഇ.ജി.എയുടെ അവശേഷിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കനാണ്‌ 30,000 കോടി രൂപ അനുവദിച്ചത്‌. വിബി-ജി റാംജി പദ്ധതി പൂര്‍ണമായി നടപ്പിലാക്കുന്നതുവരെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. തുടരുമെന്നാണ്‌ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രഖ്യാപനം. 2025-26 ലെ പുതുക്കിയ എസ്‌റ്റിമേറ്റ്‌ പ്രകാരം എം.ജി.എന്‍.ആര്‍.ഇ.ജി.എ. പദ്ധതിയുടെ ആകെ ചെലവ്‌ 88,000 കോടി രൂപയായിരുന്നു. നിലവില്‍ വിബി-ജി റാംജി പദ്ധതിക്കായി 95,000 കോടി രൂപയാണ്‌ കേന്ദ്രം അനുവദിച്ചത്‌. എന്നാല്‍, സംസ്‌ഥാനങ്ങളുടെ വിഹിതംകൂടി ചേരുമ്പോള്‍ പദ്ധതിത്തുക 1,51,000 കോടി രൂപയായി ഉയരുമെന്ന്‌ മന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്‍ ചൂണ്ടിക്കാട്ടി.
പതിനാറാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍, പഞ്ചായത്തുകള്‍ക്ക്‌ 55,990 കോടി രൂപ കൂടി ലഭിക്കുമെന്നും ഇത്‌ വികസിതവും സ്വാശ്രയവുമായ ഗ്രാമങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ്‌ രേഖകള്‍ പ്രകാരം, ഗ്രാമവികസന വകുപ്പിനുള്ള മൊത്തം വിഹിതം 1,94,368.81 കോടി രൂപയാണ്‌, കഴിഞ്ഞ വര്‍ഷത്തെ വിഹിതമായ 1,87,754.53 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 3.5 ശതമാനം വര്‍ധനയുണ്ട്‌.
പ്രധാനമന്ത്രി ഗ്രാം സഡക്‌ യോജന (പി.എം.ജി.എസ്‌.വൈ)യ്‌ക്ക്‌ 19,000 കോടി രൂപയും ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‌ 19,200 കോടി രൂപയും പ്രധാനമന്ത്രി ആവാസ്‌ യോജന-ഗ്രാമീണിന്‌ 54,916.70 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്‌.

Ads by Google
Monday 02 Feb 2026 01.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW