-->
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള പ്രധാന നാളികേര ഉല്‍പ്പാദന സംസ്‌ഥാനങ്ങളില്‍ നാളികേര വികസന പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം.
ഉല്‍പ്പാദനക്ഷമത കുറഞ്ഞ പഴയ തെങ്ങുകള്‍ക്കു പകരം ഉയര്‍ന്ന വിളവ് നല്‍കുന്ന പുതിയ ഇനങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കശുവണ്ടി, കൊക്കോ എന്നിവയുടെ ഉല്‍പ്പാദനവും മൂല്യവര്‍ധിത സംസ്‌കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ദേശീയ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇത് ഇറക്കുമതി കുറയ്‌ക്കാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യാനും സഹായിക്കും. കേരളത്തിലെ പ്രധാന നാണ്യവിളകളായ കശുവണ്ടി, നാളികേരം എന്നിവയ്‌ക്ക് ഈ നീക്കം വലിയ ഊര്‍ജമേകും.
'അപൂര്‍വ ഭൗമ മൂലക ഇടനാഴി' സ്‌ഥാപിക്കുന്നത് ചവറ ഉള്‍പ്പെടെയുള്ള ധാതുമണല്‍ സമ്പന്നമായ മേഖലകളില്‍ ഖനനം, സംസ്‌കരണം, ഗവേഷണം എന്നിവയ്‌ക്ക് കരുത്തേകും. കടലാമകളുടെ പ്രജനന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കേരളത്തിലും ഒഡിഷയിലും കര്‍ണാടകത്തിലും പ്രത്യേക വിനോദസഞ്ചാരപാതകള്‍ വികസിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.