-->
ന്യൂഡല്‍ഹി: നിയമനടപടികളും പിഴയും യുക്‌തിസഹമാക്കാന്‍ കേന്ദ്രബജറ്റില്‍ നിര്‍ദേശം. ഇതിന്‍പ്രകാരം നടപടിക്രമങ്ങളുടെ ആവര്‍ത്തനം പരമാവധി ഒഴിവാക്കും. പിഴകളടക്കം ഏകീകൃത സംവിധാനത്തില്‍ സമന്വയിപ്പിക്കാനും നിര്‍ദേശമുണ്ട്.
ഒന്നാം അപ്പീല്‍ അതോറിറ്റിക്കു മുമ്പാകെ അപ്പീല്‍ നല്‍കുന്ന കാലയളവില്‍, അപ്പീല്‍ പ്രക്രിയയുടെ അവസാനം വരെ, നികുതിദായകന്റെ പിഴത്തുകയ്‌ക്ക് പലിശ ബാധകമാകില്ല. കൂടാതെ, മുന്‍കൂര്‍ പേയ്‌മെന്റ് 20 ശതമാനത്തില്‍ നിന്ന് 10% വരെ കുറയ്‌ക്കുകയും അടിസ്‌ഥാന നികുതി ഡിമാന്‍ഡില്‍ മാത്രം കണക്കാക്കുന്നത് തുടരുകയും ചെയ്യും.
വ്യവഹാരങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാനായി പുനര്‍മൂല്യനിര്‍ണയ നടപടികള്‍ ആരംഭിച്ചശേഷം റിട്ടേണുകള്‍ പരിഷ്‌കരിക്കാന്‍ നികുതിദായകര്‍ക്ക് അനുവാദം നല്‍കും. ബന്ധപ്പെട്ട വര്‍ഷം ബാധകമായ നിരക്കിനൊപ്പം 10% അധിക നികുതി നിരക്കും ഇതിന് ഈടാക്കും.
തുടര്‍നടപടിക്രമങ്ങളില്‍ പരിഷ്‌കരിച്ച റിട്ടേണ്‍ മാത്രമേ പരിശോധനാ ഉദ്യോഗസ്‌ഥന്‍ പരിഗണിക്കാവൂയെന്നും ബജറ്റ് നിര്‍ദേശിക്കുന്നു.
വരുമാനം തെറ്റായി വെളിപ്പെടുത്തപ്പെടുന്ന സാഹചര്യത്തിലും പിഴയും നിയമനടപടികളും ബാധകമാകാതിരിക്കാനുള്ള പരിരക്ഷാ ചട്ടക്കൂട് പ്രയോജനപ്പെടുത്താന്‍ നികുതിദായകന് അനുമതി നല്‍കും. അത്തരം സാഹചര്യത്തില്‍ നികുതിദായകന്‍ നികുതിത്തുകയുടെ 100% അധികം ആദായ നികുതിയായി നല്‍കേണ്ടിവരും.അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുക, സാമ്പത്തിക ഇടപാടുകള്‍ക്കുള്ള സ്‌റ്റേറ്റ്‌മെന്റ് നല്‍കുന്നതില്‍ വീഴ്‌ച വരുത്തുക തുടങ്ങിയ സാങ്കേതികപ്പിഴവുകള്‍ക്കുള്ള പിഴകള്‍ ഫീസായി ഈടാക്കുമെന്നും ബജറ്റ് നിര്‍ദേശങ്ങളിലുണ്ട്. 20 ലക്ഷം രൂപയില്‍ താഴെ മൂല്യമുള്ള സ്‌ഥാവരമല്ലാത്ത വിദേശ ആസ്‌തികള്‍ വെളിപ്പെടുത്താത്തതു പിഴരഹിതമാക്കിയതിന് 2024 ഒക്‌ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകുമെന്നും ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു.