Wednesday, March 11, 2026 Last Updated 20 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.44 AM

'രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക്‌ അടിത്തറപാകുന്ന ബജറ്റ്‌' ; ധനമന്ത്രിയെ പുകഴ്‌ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ്‌ ചരിത്രപരമാണെന്നും രാജ്യത്തെ സ്‌ത്രീകളുടെ ശാക്‌തീകരിക്കപ്പെട്ട ചൈതന്യത്തെയാണ്‌ ഇത്‌ പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
വനിതാ ധനമന്ത്രി എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി ഒന്‍പതാം തവണയും രാജ്യത്തിന്റെ ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്‌ പുതിയ റെക്കോഡ്‌ സ്‌ഥാപിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വന്‍ അവസരങ്ങളുടെ ഒരു പാതയാണ്‌ ഈ ബജറ്റ്‌. ഇത്‌ വര്‍ത്തമാനകാലത്തെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയുടെ ശോഭനമായ ഭാവിക്ക്‌ അടിത്തറ പാകുകയും ചെയ്യുന്നു. 2047-ഓടെ വികസിത രാഷ്‌ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന്‌ ഈ ബജറ്റ്‌ അടിസ്‌ഥാനമായി വര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പരിഷ്‌കരണ നടപടികള്‍ക്ക്‌ ഈ ബജറ്റിലൂടെ പുതിയ ഊര്‍ജ്‌ജവും വേഗതയും ലഭിക്കും. നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക്‌ ഉയരങ്ങളില്‍ പറക്കാന്‍ തുറന്ന ആകാശം നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസത്തിലധിഷ്‌ഠിതമായ ഭരണവും മനുഷ്യകേന്ദ്രീകൃതമായ സാമ്പത്തിക ചട്ടക്കൂടും എന്ന കാഴ്‌ചപ്പാടിനെ ഈ ബജറ്റ്‌ യാഥാര്‍ഥ്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനക്കമ്മി കുറയ്‌ക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം തന്നെ, ഉയര്‍ന്ന മൂലധനച്ചെലവും ഉയര്‍ന്ന വളര്‍ച്ചയും ഉറപ്പാക്കുന്ന സവിശേഷ ബജറ്റാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ബജറ്റ്‌ ആഗോളതലത്തില്‍ ഇന്ത്യയുടെ പങ്കിനെ പുനരുജ്‌ജീവിപ്പിക്കും. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി രാജ്യം ഉടന്‍ മാറുമെന്നും ദശലക്ഷക്കണക്കിന്‌ ഇന്ത്യക്കാരുടെ കൂട്ടായ നിശ്‌ചയദാര്‍ഢ്യമാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസയോഗ്യമായ ഒരു ജനാധിപത്യ പങ്കാളിയായും മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരായും ആഗോളതലത്തില്‍ ഇന്ത്യയുടെ പങ്ക്‌ നിരന്തരം വര്‍ധിക്കുകയാണ്‌. അടുത്തകാലത്ത്‌ ഇന്ത്യ ഒപ്പുവച്ച പ്രധാന വ്യാപാര കരാറുകള്‍ രാജ്യത്തെ യുവാക്കള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും പരമാവധി ഗുണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. ആ ദിശയിലുള്ള സുപ്രധാനമായ ചുവടുവയ്‌പ്പുകളാണ്‌ ഈ ബജറ്റിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'മേയ്‌ക്ക്‌ ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്‌' എന്നീ ദൗത്യങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നതിനുള്ള അതിമോഹനമായ കര്‍മപദ്ധതിയാണിത്‌. ബയോഫാര്‍മ ശക്‌തി മിഷ, സെമികണ്ടക്‌ടര്‍ മിഷന്‍ 2.0, ഇലക്‌ട്രോണിക്‌ ഘടകങ്ങളുടെ നിര്‍മ്മാണ പദ്ധതി, റെയര്‍ എര്‍ത്ത്‌ കോറിഡോര്‍ രൂപീകരണം, നിര്‍ണായക ധാതു മേഖലയെ ശക്‌തിപ്പെടുത്തല്‍, ടെക്‌സ്‌റ്റൈല്‍ മേഖലയിലെ പുതിയ പദ്ധതികള്‍, ഹൈടെക്‌ ടൂള്‍ നിര്‍മാണത്തിനുള്ള പ്രോത്സാഹനം, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്‌.എം.ഇ-കളെ സജ്‌ജമാക്കല്‍ തുടങ്ങിയവ ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പാണ്‌- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പൗരന്‍മാരുടെ കഴിവുകള്‍ വളര്‍ത്താന്‍ സര്‍ക്കാര്‍ അഭൂതപൂര്‍വ്വമായ നിക്ഷേപം നടത്തിയിട്ടുണ്ട്‌. നൈപുണ്യം , വ്യാപ്‌തി, സുസ്‌ഥിരത എന്നിവ ശക്‌തിപ്പെടുത്തുന്നതിനാണ്‌ നിരന്തരമായ പരിശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രീകള്‍ നയിക്കുന്നതും സ്‌ത്രീകള്‍ നടത്തുന്നതുമായ സ്വയംസഹായ സംഘങ്ങള്‍ക്കായി ഒരു ആധുനിക ആവാസവ്യവസ്‌ഥ കെട്ടിപ്പടുക്കുന്നതിന്‌ ബജറ്റ്‌ മുന്‍ഗണന നല്‍കുന്നുണ്ട്‌. എല്ലാ ജില്ലകളിലും പെണ്‍കുട്ടികള്‍ക്കായി പുതിയ ഹോസ്‌റ്റലുകള്‍ നിര്‍മ്മിക്കാനുള്ള ക്യാമ്പയിന്‍ വിദ്യാഭ്യാസം കൂടുതല്‍ സുഗമമാക്കും. ഈ വര്‍ഷത്തെ ബജറ്റ്‌ യുവശക്‌തിക്ക്‌ വേണ്ടിയുള്ളതാണ്‌. ഇതിലെ വ്യവസ്‌ഥകള്‍ വിവിധ മേഖലകളിലെ നേതാക്കളെയും നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നവരെയും സ്രഷ്‌ടാക്കളെയും വളര്‍ത്തിയെടുക്കും കൃഷി, ക്ഷീരോല്‌പാദനം, മത്സ്യബന്ധനം എന്നീ മേഖലകള്‍ക്ക്‌ പരമപ്രധാനമായ പരിഗണനയാണ്‌ നല്‍കുന്നത്‌. രാജ്യത്തിന്റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്‌ ഈ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Monday 02 Feb 2026 01.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW