-->
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി ഇനി 'ഖാദി'യില്‍ തിളങ്ങും!
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്നു രാഷ്‌ട്രപിതാവിന്റെ പേര്‍ ഒഴിവാക്കിയതിന് പഴിയേറെക്കേട്ട മോദി സര്‍ക്കാര്‍ ഖാദി, കൈത്തറി, കരകൗശല വസ്‌തുക്കള്‍ എന്നിവ ശക്‌തിപ്പെടുത്തുന്നതിനുള്ള സംരംഭത്തിന് മഹാത്മാ ഗാന്ധിയുടെ പേരാണ് നല്‍കിയത്.
'ഖാദി, കൈത്തറി, കരകൗശല വസ്‌തുക്കള്‍ എന്നിവ ശക്‌തിപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന സംരംഭം "മഹാത്മാ ഗാന്ധി ഗ്രാമ സ്വരാജ്" എന്ന് അറിയപ്പെടുമെന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്‌തമാക്കി.
ഇത് രാജ്യാന്തര വിപണി ബന്ധത്തിലും ബ്രാന്‍ഡിങ്ങിലും സഹായിക്കും. മാത്രമല്ല പരിശീലനം, വൈദഗ്‌ധ്യം, പ്രക്രിയയുടെയും ഉത്‌പാദനത്തിന്റെയും ഗുണനിലവാരം എന്നിവ കാര്യക്ഷമമാക്കും. തദ്ദേശീയ നെയ്‌ത്തുകാര്‍ക്കും ഗ്രാമവ്യവസായങ്ങള്‍ക്കും, ഒരു - ജില്ല - ഒരു - ഉത്‌പന്ന സംരംഭത്തിനും, ഗ്രാമീണ യുവാക്കള്‍ക്കും ഗുണം ചെയ്യും- നിര്‍മല പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് മഹാത്മാ ഗാന്ധിയുടെ പേര്‍ എടുത്തുമാറ്റിയതിനെതിരേ കോണ്‍ഗ്രസ് ശക്‌തമായി പ്രതികരിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് മഹാത്മാവിനോടുള്ള സ്‌നേഹം തിരികെയെത്തിയെന്നും പക്ഷേ അവരുടെ ഉദ്ദേശ്യം ജനത്തിന് അറിയാമെന്നും പരിഹാസരൂപേണ കോണ്‍ഗ്രസ് ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോര്‍ പറഞ്ഞു.
എം.ജി.എന്‍.ആര്‍.ഇ.ജി.എ. പദ്ധതിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേര്‍ ഒഴിവാക്കിയതിനെത്തുടര്‍ന്നു ജനങ്ങളുടെ രോഷം മൂലം ഭരണകക്ഷിക്ക് ഉണ്ടായ നഷ്‌ടം നികത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു 'സൗന്ദര്യവര്‍ധക' നീക്കമാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി രാജ്യസഭാ എം.പി. ജാവേദ് അലി ഖാന്‍ പ്രതികരിച്ചു.
പ്രഖ്യാപനം കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് സി.പി.ഐ. രാജ്യസഭാ കക്ഷിനേതാവ് പി. സന്തോഷ് കുമാര്‍ പറഞ്ഞു. നിരവധി ഖാദി വ്യാപാരസ്‌ഥാപനങ്ങള്‍ പൂട്ടേണ്ടി വന്ന സമയത്ത്, ഖാദിയെ ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു, എന്നാല്‍ ഈ സര്‍ക്കാര്‍ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.