Wednesday, March 11, 2026 Last Updated 19 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.44 AM

തമിഴ്‌നാടിനും പശ്‌ചിമബംഗാളിനും വാരിക്കോരി; കേരളത്തെ തഴഞ്ഞു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലുള്ള തമിഴ്‌നാട്ടിലും പശ്‌ചിമ ബംഗാളിലും കേന്ദ്രബജറ്റ്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി വിലയിരുത്തല്‍. ബംഗാളിനെ അപേക്ഷിച്ച്‌ തമിഴ്‌നാടിനെ അല്‍പ്പം കൂടുതല്‍ തലോടുന്നതായും നിരീക്ഷണം. ഈ സംസ്‌ഥാനങ്ങള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തെ പാടേ തഴഞ്ഞതായും അനുമാനം.
അപൂര്‍വ ഭൗമ മൂലക ഇടനാഴികള്‍, അതിവേഗ റെയില്‍ ഇടനാഴികള്‍ എന്നിവയും നാണ്യവിളകളെ പ്രോത്സാഹിപ്പിക്കലുമെല്ലാം തമിഴ്‌നാട്‌, പശ്‌ചിമ ബംഗാള്‍ സംസ്‌ഥാനങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കുന്നതാണെന്നു വിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ബജറ്റ്‌ അവതരണദിനത്തില്‍ കൈകൊണ്ടു നെയ്‌ത കാഞ്ചീവരം സാരിതന്നെ ധനമന്ത്രി ധരിക്കാന്‍ തെരഞ്ഞെടുത്തതും വെറുതേയല്ലെന്നു കരുതുന്നവരുമുണ്ട്‌. ഇതിലൂടെ നയപരമായ സന്ദേശം നിര്‍മല സീതാരാമന്‍ കൈമാറുകയായിരുന്നോ എന്നതാണു ചോദ്യം. തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിലിലോ മേയിലോ നടക്കുമെന്നാണു പ്രതീക്ഷ. പശ്‌ചിമ ബംഗാളിലും മേയ്‌ ആദ്യവാരത്തിനു മുമ്പ്‌ തെരഞ്ഞെടുപ്പുണ്ടാകും. രണ്ടു സംസ്‌ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളുടെ ഭരണത്തിലാണിപ്പോള്‍. അവിടേക്കു കടന്നുകയറാനുള്ള കേന്ദ്രത്തിന്റെ ഏതു തന്ത്രത്തെയും അതത്‌ ഭരണകക്ഷികള്‍ കണ്ണുംപൂട്ടി എതിര്‍ക്കുമെന്നുറപ്പ്‌. കേന്ദ്രബജറ്റില്‍ പശ്‌ചിമ ബംഗാളിന്‌ ഒന്നും ലഭിച്ചില്ലെന്ന്‌ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമതാ ബാനര്‍ജി ഇതിനകംതന്നെ ആരോപിച്ചിട്ടുണ്ട്‌. തമിഴ്‌നാടിനു ബജറ്റ്‌ വന്‍തോതില്‍ കൊടുത്തിട്ടുണ്ടെന്നു തോന്നുമെങ്കിലും ഭരണകക്ഷിയായ ഡി.എം.കെ. ഇതംഗീകരിക്കുന്നില്ല. ബജറ്റില്‍ തമിഴ്‌നാടിനെ ഓര്‍ക്കാന്‍ തെരഞ്ഞെടുപ്പുപോലും ബി.ജെ.പി സര്‍ക്കാരിനെ പ്രേരിപ്പിച്ചില്ലെന്നാണ്‌ ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ കനിമൊഴിയുടെ പ്രതികരണം. മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനും സമാന നിലപാടാണുള്ളത്‌. എന്നിരുന്നാലും നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ തമിഴ്‌നാടിനു വന്‍ നേട്ടമുണ്ടായതായി വ്യക്‌തമാകുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ പക്ഷം. തമിഴ്‌നാടിനേക്കാള്‍ കുറവെങ്കിലും പശ്‌ചിമ ബംഗാളിനും മെച്ചപ്പെട്ട വിഹിതം ലഭിച്ചിട്ടുണ്ട്‌. വാരാണസി-സിലിഗുരി അതിവേഗ റെയില്‍ ഇടനാഴിയും ദങ്കുനിക്കും സൂറത്തിനുമിടയിലുള്ള പുതിയ ചരക്ക്‌ ഇടനാഴിയും ബംഗാളിനുള്ള പ്രധാന പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. ബിഹാറില്‍ പ്രവേശിക്കുംമുമ്പ്‌ ബംഗാളിലൂടെ 20-30 കിലോമീറ്റര്‍ മാത്രം ഓടുന്നതാണു വാരാണസി-സിലിഗുരി ലൈന്‍. സംസ്‌ഥാനത്തെ ദങ്കുനി റൂട്ടും 200-250 കിലോമീറ്ററിനുള്ളില്‍ ഝാര്‍ഖണ്ഡിലേക്കു തിരിയുന്നതാണ്‌. എങ്കിലും കിഴക്കന്‍ ചരക്ക്‌ ഇടനാഴിയുടെ ടെര്‍മിനല്‍ പോയിന്റ്‌ എന്ന നിലയില്‍ ഗുജറാത്തിലെ സൂറത്തിലേക്ക്‌ നേരിട്ടുള്ള ബന്ധം ഇത്‌ പ്രദാനം ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ ബംഗാളിന്‌ ഏറെ പ്രയോജനപ്പെടുത്താവുന്ന മാര്‍ഗമായി ദങ്കുനി മാറും. കാര്യങ്ങള്‍ ഈവിധമാണെങ്കിലും ബജറ്റ്‌ കേരളത്തിനു നിരാശയാണു സമ്മാനിക്കുന്നതെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌വിഹിതം വര്‍ധിക്കുന്നുണ്ടെങ്കിലും നിയമസഭയില്‍ ബി.ജെ.പി. അംഗസംഖ്യ വട്ടപ്പൂജ്യമാണ്‌. മുമ്പ്‌ ഒ. രാജഗോപാലിലൂടെ അക്കൗണ്ട്‌ തുറക്കാനായെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം അതും പൂട്ടി.
ഇത്തവണ പ്രാതിനിധ്യം ഉറപ്പാക്കാന്‍ അരയുംതലയും മുറുക്കി പാര്‍ട്ടിയും എന്‍.ഡി.എ. സഖ്യവും രംഗത്തുണ്ട്‌. അതിനാല്‍ത്തന്നെ കേന്ദ്രബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഇതര പാര്‍ട്ടികളെപ്പോലെ കേരളത്തിലെ ബി.ജെ.പി. നേതാക്കളും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഉയര്‍ത്തിക്കാട്ടാന്‍ തക്കവണ്ണമൊന്നും ബജറ്റില്‍ ഉണ്ടായില്ലെന്നത്‌ നിരാശയായി. ഇതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോയെന്നു കാത്തിരുന്നു കാണാമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

Ads by Google
Monday 02 Feb 2026 01.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW