Thursday, March 12, 2026 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.44 AM

ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്‌. പുതിയ ആദായനികുതി നിയമം അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ്‌ അവതരണവേളയില്‍ പ്രഖ്യാപിച്ചു. നികുതി നിയമങ്ങള്‍ ലഘൂകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
12 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക്‌ നികുതി നല്‍കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. അത്‌ തുടരും. 4-8 ലക്ഷം രൂപവരെ- 5%, 8-12 ലക്ഷം -10%, 12-16 ലക്ഷം-15%, 16-20 ലക്ഷം രൂപ-20%, 20-24 ലക്ഷം രൂപ- 25%, 24 ലക്ഷത്തിനു മുകളില്‍ - 30% എന്നിങ്ങനെയാണു നികുതി നിരക്ക്‌. എന്നാല്‍, നാലു ലക്ഷം രൂപയിലധികം വരുമാനമുള്ളവര്‍ക്ക്‌ നികുതി ബാധ്യതയുണ്ടെങ്കിലും കിഴിവുകളും റിബേറ്റുകളും കഴിഞ്ഞാല്‍ 12 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരില്ല.പരമാവധി 60,000 രൂപ റിബേറ്റ്‌ ക്ലെയിം ചെയ്യുന്നത്‌ തുടരാം
ആറു പതിറ്റാണ്ട്‌ പഴക്കമുള്ള നികുതി നിയമത്തിനു പകരമായി ആദായനികുതി നിയമം 2025 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കും. റെക്കോഡ്‌ വേഗത്തിലാണു നിയമനിര്‍മാണം പൂര്‍ത്തിയാക്കിയത്‌. ലളിതമായ നികുതി നിയമങ്ങളും ഫോമുകളും ഉടന്‍ വിജ്‌ഞാപനം ചെയ്യും. സാധാരണക്കാര്‍ക്ക്‌ കൈാര്യം ചെയ്യാവുന്ന രീതിയിലാണു ഫോമുകള്‍ പരിഷ്‌കരിച്ചതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്‌തമാക്കി.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധിയിലും മാറ്റംവരുത്തി. ഓഡിറ്റ്‌ ചെയ്യാത്ത ബിസിനസ്‌ സ്‌ഥാപനങ്ങള്‍ക്കും ട്രസ്‌റ്റുകള്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ്‌ 31 വരെ നീട്ടി. വ്യക്‌തിഗത റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധിയില്‍ മാറ്റമില്ല.
അതേസമയം, പുതുക്കിയ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച്‌ 31 വരെ നീട്ടി. ഇതിനായി കുറഞ്ഞ നിരക്ക്‌ ഈടാക്കും. നേരത്തേ ഇതിനുള്ള സമയപരിധി ഡിസംബര്‍ 31 ആയിരുന്നു.

മറ്റു പ്രഖ്യാപനങ്ങള്‍

ആദായനികുതി നിയമത്തിലെ പ്രോസിക്യൂഷന്‍ നടപടികള്‍ ലഘൂകരിക്കാന്‍ നിര്‍ദേശം.
സഹകരണസ്‌ഥാപനങ്ങള്‍ തമ്മിലുള്ള ഡിവിഡന്റ്‌ വരുമാനത്തിന്‌ പുതിയ നികുതി വ്യവസ്‌ഥയില്‍ ഇളവ്‌.
ഇന്ത്യയില്‍ ഡേറ്റാ സെന്ററുകള്‍ സ്‌ഥാപിച്ച്‌ ക്ലൗഡ്‌ സേവനങ്ങള്‍ നല്‍കുന്ന വിദേശസ്‌ഥാപനങ്ങള്‍ക്ക്‌ 2047 വരെ നികുതി അവധി.
വരുമാനത്തെക്കുറിച്ച്‌ തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷ
വിദേശയാത്രയുടെ ടി.സി.എസ്‌. രണ്ടു ശതമാനമാക്കി കുറച്ചു.
മെഡിക്കല്‍ അനുബന്ധ വിദ്യാഭ്യാസത്തിനുള്ള ടി.സി.എസ്‌. രണ്ടു ശതമാനമാക്കി.
പ്രവാസികളുടെ വസ്‌തു ഇടപാടിനുള്ള നികുതി രണ്ടു ശതമാനമാക്കി കുറച്ചു. നേരത്തേ ഇത്‌ അഞ്ചു ശതമാനമായിരുന്നു.
വിദേശത്തെ ആസ്‌തി വെളിപ്പെടുത്താന്‍ ആറുമാസം സമയം നല്‍കും.
വിദേശത്തേക്കു പണം അയയ്‌ക്കാനുള്ള നികുതിയില്‍ ഇളവ്‌.
വാഹനാപകട കേസുകളിലെ നഷ്‌ടപരിഹാരത്തുകയ്‌ക്ക്‌ നികുതിയിളവ്‌ നല്‍കും.
പ്രവാസി ഇന്ത്യക്കാര്‍ സ്‌ഥാവര വസ്‌തുക്കള്‍ വില്‍ക്കുമ്പോള്‍ ആദായനികുതി ടി.ഡി.എസ്‌. സ്വദേശിയായ വാങ്ങുന്നയാള്‍ കുറയ്‌ക്കണം.

Ads by Google
Monday 02 Feb 2026 01.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW