Friday, March 13, 2026 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 12.41 AM

പാക്‌ വീഴ്‌ച ; സെമിയില്‍ ഇന്ത്യക്കെതിരാളി അഫ്‌ഗാന്‍

uploads/news/2026/02/823479/sp2.jpg

ബുലവായോ: പാകിസ്‌താനെ 58 റണ്ണിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.
സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ്‌ 2 ലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 252 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 47-ാം ഓവറില്‍ 194 റണ്ണിന്‌ ഓള്‍ഔട്ടായി. തോല്‍വിയോടെ പാകിസ്‌താന്‍ സെമി കാണാതെ പുറത്തായി.
പാകിസ്‌താന്‌ സെമി ഉറപ്പാക്കാന്‍ ഇന്ത്യക്കെതിരേ 33.3 ഓവറില്‍ 253 റണ്ണെടുക്കണമായിരുന്നു. നാല്‌ കളികളില്‍നിന്ന്‌ എട്ട്‌ പോയിന്റ്‌ വീതം നേടിയ ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ കടന്നു. 2.585 നെറ്റ്‌ റണ്‍റേറ്റുള്ള ഇന്ത്യ ഒന്നാമതും 1.757 നെറ്റ്‌ റണ്‍റേറ്റുമായി ഇംഗ്ലണ്ട്‌ രണ്ടാം സ്‌ഥാനത്തുമെത്തി. നാല്‌ കളികളില്‍നിന്നു നാല്‌ പോയിന്റുമായി പാകിസ്‌താന്‍ മൂന്നാം സ്‌ഥാനത്തായി. പാകിസ്‌താനെതിരേ ജയിച്ചാല്‍ ഇന്ത്യക്ക്‌ സെമി ഉറപ്പായിരുന്നു. പാകിസ്‌താന്‌ ജയം മാത്രം പോരായിരുന്നു. പാകിസ്‌താന്‍ ആദ്യം ബാറ്റ്‌ ചെയ്യുകയാണെങ്കില്‍ 300 നു മുകളില്‍ എടുക്കുകയും 85 റണ്ണിനു മുകളില്‍ ജയിക്കുകയും വേണമായിരുന്നു. മറിച്ചാണെങ്കില്‍ ഇന്ത്യയെ 200 റണ്ണില്‍ താഴെ പുറത്താക്കുകയും 31.5 ഓവറില്‍ ലക്ഷ്യം കടക്കുകയും വേണം. വിജയ ലക്ഷ്യം 251 റണ്ണാണെങ്കില്‍ പാകിസ്‌താന്‍ 33.2 ഓവറില്‍ ജയിക്കണം.
മൂന്നിന്‌ നടക്കുന്ന ആദ്യ സെമിയില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയും നാലിനു നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ അഫ്‌ഗാനിസ്‌ഥാനെയും നേരിടും. ബുലവായോയിലെ ക്യൂന്‍സ്‌ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ്‌ നേടിയ പാക്‌ നായകന്‍ ഫര്‍ഹാന്‍ യൂസഫ്‌ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ബാറ്റിങ്‌ തകര്‍ച്ച നേരിട്ട ഇന്ത്യയെ വേദാന്ത്‌ ത്രിവേദിയുടെ (98 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 68) അര്‍ധ സെഞ്ചുറിയും കനിഷ്‌ക് ചൗഹാന്‍ (29 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 35), ഖിലാന്‍ പട്ടേല്‍ (15 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21), ആര്‍.എസ്‌. അംബ്രിഷ്‌ (29), ഓപ്പണര്‍ വൈഭവ്‌ സൂര്യവംശി (22 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 30) എന്നിവരുടെ വെടിക്കെട്ടുമാണ്‌ 250 കടത്തിയത്‌. മലയാളി താരം ആരോണ്‍ ജോര്‍ജ്‌ (16), നായകന്‍ ആയുഷ്‌ എംഹാത്രെ (0) എന്നിവര്‍ നിരാശപ്പെടുത്തി. പാകിസ്‌താനായി അബ്‌ദുള്‍ സമദ്‌ മൂന്ന്‌ വിക്കറ്റും മുഹമ്മദ്‌ സായം രണ്ട്‌ വിക്കറ്റുമെടുത്തു. പാക്‌ ബാറ്റര്‍മാരില്‍ ഉസ്‌മാന്‍ ഖാന്‍ (902 പന്തില്‍ 66), ഓപ്പണര്‍ ഹംസ സാഹൂര്‍ (49 പന്തില്‍ 42), നായകന്‍ ഫര്‍ഹാന്‍ യൂസഫ്‌ (39 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 38) എന്നിവര്‍ മാത്രമാണു പിടിച്ചു നിന്നത്‌. ഇന്ത്യക്കായി ഖിലാന്‍ പട്ടേലും എംഹാത്രെയും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Monday 02 Feb 2026 12.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW