-->
മെല്‍ബണ്‍: സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്റെ 25-ാം ഗ്രാന്‍സ്ലാം ടെന്നീസ് കിരീടത്തിനായുള്ള കാത്തിരിപ്പ് നീളും. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ തോറ്റതോടെയാണ് ജോക്കോയുടെ കാത്തിരിപ്പ് അടുത്ത ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിലേക്കു നീണ്ടത്.
ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ് അല്‍കാറസ് ജോക്കോയെ തോല്‍പ്പിച്ച് കിരീടം നേടി. സ്‌കോര്‍: 2-6, 6-2, 6-3, 7-5.
കരിയര്‍ ഗ്രാന്‍സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയുമായാണ് അല്‍കാറസ് മടങ്ങിയത്. 22 വയസും 272 ദിവസവും പ്രായമുള്ളപ്പോഴാണ് അല്‍കാറസ് കരിയറില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്നത്. അല്‍കാറസ് 87 വര്‍ഷമായി ഡോണ്‍ ബഡ്‌ജ് കൈവശം വെച്ചിരുന്ന റെക്കോഡാണ് സ്വന്തമാക്കിയത്. നാല് സെറ്റുകള്‍ നീണ്ട ഫൈനല്‍ അല്‍കാറസിന്റെ വേഗവും ശക്‌തിയും തമ്മിലും 38 വയസുകാരനായ ജോകോവിച്ചിന്റെ അനുഭവ സമ്പത്തും തമ്മിലുള്ള പോരാട്ടമായി. നിര്‍ണായക പോയിന്റുകളില്‍ യുവതാരം കാണിച്ച ധൈര്യം തന്നെ ഈ പോരാട്ടത്തിന്റെ ഗതി നിര്‍ണയിച്ചു.
ഒന്നാം സെറ്റ് നഷ്‌ടമായ അല്‍കാറസ് പിന്നീടുള്ള മൂന്നു സെറ്റുകളും ജയിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ ജോക്കോവിച്ചിന് ആധിപത്യമുണ്ടായിരുന്നു. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ ജോക്കോ 4-2 ന് മുന്നിലെത്തിയിരുന്നു. ആറാം ഗെയിമില്‍ മികച്ച ഷോട്ടുകള്‍ കളിച്ചാണ് സ്‌പാനിഷ് താരം തിരികെയെത്തിയത്. അപ്പോഴും ജോക്കോയ്‌ക്ക് മത്സരത്തില്‍ വ്യക്‌തമായ ആധിപത്യമുണ്ടായിരുന്നു. തകര്‍ത്തുകളിച്ച ജോക്കോ 6-2 നു സെറ്റ് നേടി. രണ്ടാം സെറ്റിന്റെ തുടക്കം മുതല്‍ ഇരു താരങ്ങളും തകര്‍ത്തുകളിച്ചു. തുടക്കത്തില്‍ സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു. അല്‍കാറസ് 3-1 ന് മുന്നിലെത്തി.
സ്‌കോര്‍ 3-2 ആക്കാന്‍ ജോക്കോയ്‌ക്ക് സാധിച്ചു. പക്ഷേ സെറ്റ് പിടിച്ച് സമ്മര്‍ദം ഒഴിവാക്കാന്‍ അല്‍കാറസ് രണ്ടും കല്‍പ്പിച്ചു. 4-2 നു മുന്നിലെത്തിയ സ്‌പാനിഷ് താരം 6-2 നു സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിലും പോരാട്ടത്തിനു കുറവുണ്ടായിരുന്നില്ല. തുടക്കത്തില്‍ സ്‌കോര്‍ 2-2 ന് ഒപ്പം. 3-2 ന് മുന്നിലെത്തിയ അല്‍കാറസിനു മുന്നില്‍ പൊരുതിയ ജോക്കോവിച്ച് 4-3 വരെയെത്തി. 6-3 ന് സ്‌പാനിഷ് യുവതാരം മൂന്നാം സെറ്റ് പിടിച്ചെടുത്തു. നാലാം സെറ്റിന്റെ തുടക്കത്തില്‍ അല്‍കാറസിനായിരുന്നു മേധാവിത്വം. ഒന്നാം ഗെയിം താരം നേടി. രണ്ടാം ഗെയിം സ്വന്തമാക്കിയ ജോക്കോവിച്ച് മത്സരത്തിലേക്കു തിരിച്ചെത്തി. സെറ്റ് 2-1 ആക്കി അല്‍കാറസ്. അല്‍കാറസിന്റെ പിഴവില്‍ ജോക്കോയ്‌ക്ക് തുടര്‍ച്ചയായി പോയിന്റുകള്‍ ലഭിച്ചതോടെ സെറ്റ് 2-2.
അതിവേഗത്തിലുള്ള നീക്കങ്ങളിലുടെ അല്‍കാറസ് മുന്നിലെത്തി. ജോക്കോയും ഉഗ്രനായതോടെ സ്‌കോര്‍ 5-5. സ്‌കോര്‍ 6-5 എന്ന നിലയിലായതോടെ മത്സരം ടൈ ബ്രേക്കറിലേക്ക്. വാശിയേറിയ പോരാട്ടത്തില്‍ 7-5 ന് അല്‍കാറസ് ജയിച്ചതോടെ, മെല്‍ബണില്‍ ചരിത്രം പിറന്നു. അല്‍കാറസിന്റെ ഏഴാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ കന്നിക്കിരീടം. ഫ്രഞ്ച് ഓപ്പണ്‍ (2024,2025), വിമ്പിള്‍ഡന്‍ (2023, 2024), യു.എസ്. ഓപ്പണ്‍ (2022, 2025) ഗ്രാന്‍സ്ലാമുകളില്‍ അല്‍കാറസ് രണ്ടു വീതം കിരീടങ്ങള്‍ നേടി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കഴിഞ്ഞ രണ്ടു തവണയും സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു.