-->
ഇംഫാല്‍: അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരേ കേരളത്തിന് ഉജ്വല ജയം. ഇന്നിങ്‌സിനും 163 റണ്ണിനുമാണ് കേരളം മേഘാലയയെ തോല്‍പ്പിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 251 റണ്ണിന്റെ ലീഡ് വഴങ്ങിയ മേഘാലയ രണ്ടാം ഇന്നിങ്‌സില്‍ 88 റണ്ണിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റെടുത്ത ജെ.എസ്. അനുരാജിന്റെ പ്രകടനമാണ് കേരളത്തിന് അനായാസ ജയമൊരുക്കിയത്.
സ്‌കോര്‍: മേഘാലയ- ഒന്നാം ഇന്നിങ്‌സ് 106, രണ്ടാം ഇന്നിങ്‌സ് 88. കേരളം- ഒന്നാം ഇന്നിങ്‌സ് 357.
മൂന്നാം കളി ആരംഭിക്കുമ്പോള്‍ ആറ് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 205 റണ്ണായിരുന്നു മേഘാലയയ്‌ക്ക് വേണ്ടിയിരുന്നത്. കേരളത്തിന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ മേഘാലയയുടെ ബാറ്റര്‍മാര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല. 42 റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്‌ടമായി.
അവിനാഷ് റായ് (28), നായകന്‍ കെവിന്‍ ക്രിസ്‌റ്റഫര്‍ (22), ദീപാങ്കര്‍ (15) എന്നിവര്‍ മാത്രമാണ് മേഘാലയ നിരയില്‍ രണ്ടക്കം കടന്നത്. ആറ് വിക്കറ്റ് വീഴ്‌ത്തിയ ജെ.എസ്. അനുരാജാണ് മേഘാലയയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ അനുരാജ് മത്സരത്തിലാകെ പത്ത് വിക്കറ്റുകളെടുത്തു. കൈലാസ് ബി. നായര്‍ രണ്ട് വിക്കറ്റും അഭിജിത് പ്രവീണ്‍, ജിഷ്‌ണു എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ കേരളം ജമ്മു കശ്‌മീരിനെ തോല്‍പ്പിച്ചിരുന്നു. തകര്‍പ്പന്‍ ജയത്തോടെ കേരളം 35 പോയിന്റുമായി നാലാം സ്‌ഥാനത്തേക്ക് ഉയര്‍ന്നു. ആറിന് ഗോവയുമായാണു കേരളത്തിന്റെ അടുത്ത മത്സരം.