Saturday, March 14, 2026 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 12.41 AM

രഞ്‌ജി ട്രോഫി: ഗോവയെ തകര്‍ത്ത്‌ കേരളം

പനജി: ഗോവയ്‌ക്കെതിരേ രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന്‌ ഒന്‍പത്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
സ്‌കോര്‍: ഗോവ: ഒന്നാം ഇന്നിങ്‌സ് 355, രണ്ടാം ഇന്നിങ്‌സ്199. കേരളം: ഒന്നാം ഇന്നിങ്‌സ് 526/9 ഡിക്ലയേഡ്‌, രണ്ടാം ഇന്നിങ്‌സ് ഒന്നിന്‌ 29.
29 റണ്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. 171 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്‌ വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്‌സില്‍ 199 ന്‌ പുറത്തായി. രണ്ട്‌ ഇന്നിങ്‌സുകളിലായി ഒന്‍പത്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും 36 റണ്ണെടുക്കുകയും ചെയ്‌ത അങ്കിത്‌ ശര്‍മ്മയാണ്‌ കളിയിലെ താരം. ഒന്നാം ഇന്നിങ്‌സില്‍ ലീഡ്‌ വഴങ്ങിയ ഗോവയ്‌ക്ക് രണ്ടാം ഇന്നിങ്‌സിലും ചെറുത്തുനില്‍പ്പിനായില്ല. വിക്കറ്റ്‌ നഷ്‌ടപ്പെടാതെ 18 റണ്‍ എന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്‌ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സുയാഷ്‌ പ്രഭുദേശായിയെ (14) നഷ്‌ടമായി. സുയാഷിനെ എം.ഡി. നിധീഷിന്റെ പന്തില്‍ മാനവ്‌ കൃഷ്‌ണ ക്യാച്ചെടുത്തു പുറത്താക്കി. കശ്യപ്‌ ബക്ല (15), അഭിനവ്‌ തേജ്രാന (17) എന്നിവരെയും നിധീഷ്‌ തന്നെ മടക്കി. നായകന്‍ സ്‌നേഹല്‍ കൗതങ്കര്‍ എന്‍.പി. ബേസിലിന്റെ പന്തില്‍ക്ല ീന്‍ ബൗള്‍ഡായി. നാല്‌ വിക്കറ്റിന്‌ 46 റണ്ണെന്ന നിലയിലായ ഗോവയ്‌ക്ക് ലളിത്‌ യാദവും (27) അമൂല്യ പാണ്ഡ്രേക്കറും (32) ചേര്‍ന്ന 44 റണ്‍ കൂട്ടുകെട്ട്‌ നേരിയ പ്രതീക്ഷ നല്‍കി.
ഇരുവരെയും പുറത്താക്കി അങ്കിത്‌ ശര്‍മ്മ കളി വീണ്ടും കേരളത്തിന്റെ നിയന്ത്രണത്തിലാക്കി. ഒന്‍പതാം വിക്കറ്റില്‍ ദര്‍ശന്‍ മിസലും അര്‍ജുന്‍ തെണ്ടുല്‍ക്കറും ചേര്‍ന്നുള്ള 60 റണ്‍ കൂട്ടുകെട്ടാണ്‌ ഗോവയെ ഇന്നിങ്‌സ് തോല്‍വിയില്‍നിന്നു രക്ഷിച്ചത്‌. 24 റണ്ണെടുത്ത അര്‍ജുന്‍ തെണ്ടുല്‍ക്കറെ പുറത്താക്കി അങ്കിത്‌ ശര്‍മ്മ ഈ കൂട്ടുകെട്ടിന്‌ അവസാനമിട്ടു. 55 റണ്ണെടുത്ത ദര്‍ശന്‍ മിസലിനെ പുറത്താക്കി നിധീഷ്‌ എം.ഡി. അഞ്ച്‌ വിക്കറ്റ്‌ നേട്ടവും കുറിച്ചു. അങ്കിത്‌ ശര്‍മ്മ മൂന്നും ബേസില്‍ എന്‍.പി., അഹമ്മദ്‌ ഇമ്രാന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. കേരളത്തിന്‌ വേണ്ടി അഭിഷേക്‌ ജെ. നായരും സച്ചിന്‍ ബേബിയുമാണ്‌ ഇന്നിങ്‌സ് തുറന്നത്‌. ഒരു റണ്ണെടുത്ത സച്ചിന്‍ തുടക്കത്തിലെ പുറത്തായി. അഭിഷേക്‌ ജെ. നായരും (19) സല്‍മാന്‍ നിസാറും (ഒന്‍പത്‌) ചേര്‍ന്ന്‌ കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കേരളത്തിന്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാനായില്ല. ക്വാര്‍ട്ടറുകളില്‍ മുംബൈ കര്‍ണാടകയെയും മധ്യപ്രദേശ്‌ ജമ്മു കശ്‌മീരിനെയും ബംഗാള്‍ ആന്ധ്രാപ്രദേശിനെയും ഝാര്‍ഖണ്ഡ്‌ ഉത്തരാഖണ്ഡിനെയും നേരിടും. എലൈറ്റ്‌ ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പഞ്ചാബിനെ അഞ്ച്‌ വിക്കറ്റിനു തോല്‍പ്പിച്ചതോടെയാണു കര്‍ണാടക നോക്കൗട്ടിലെത്തിയത്‌.

Ads by Google
Monday 02 Feb 2026 12.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW