-->
ബംഗളുരു: ആദായനികുതി (ഐ.ടി) റെയ്‌ഡിനിടെ മരിച്ച നിലയില്‍ കാണപ്പെട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണകാരണം ഹൃദയവും ശ്വാസകോശവും തുളച്ച വെടിയുണ്ടയെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റോയ് സ്വയം വെടിവച്ച് മരിച്ചെന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം.
വെടിയേറ്റ റോയ് അബോധാവസ്‌ഥയിലായെന്നും ഉടന്‍ മരണം സംഭവിച്ചെന്നും ബൗറിങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം.എന്‍. അരവിന്ദ് തയാറാക്കിയ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസ്‌ഥലത്തുനിന്ന് 6.35 എം.എം. വെടിയുണ്ട കണ്ടെടുത്തു. വിരലുകളിലെ ഗണ്‍പൗഡര്‍ അവശിഷ്‌ടം, രക്‌ത സാമ്പിള്‍, ഡി.എന്‍.എ, പോസ്‌റ്റ്‌മോര്‍ട്ടത്തിനു മുമ്പുള്ള സി.ടി. സ്‌കാന്‍ എന്നിവയുടെ പരിശോധനാഫലങ്ങള്‍ ലഭിച്ചിട്ടില്ല. ആശുപത്രിയുമായി ചേര്‍ന്ന് പോലീസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയാണ് പരിശോധനകള്‍ നടത്തുന്നത്. വിശദമായ പരിശോധനാഫലങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്നു ഡോ. അരവിന്ദ് പറഞ്ഞു. റോയിയുടെ മരണവുമായി ബന്ധപ്പെട്ട ഐ.ടി. റെയ്‌ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രാഥമികാന്വേഷണത്തിനു കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉത്തരവിട്ടു. റോയിയുടെ സ്‌ഥാപനങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ഐ.ടി. റെയ്‌ഡിന്റെ കുറ്റപത്രം നാലാം തീയതിയോടെ സമര്‍പ്പിക്കാനിരിക്കുകയാണെന്നു മന്ത്രി പരമേശ്വര പറഞ്ഞു. അതിനു മുന്നോടിയായാണ് റോയിയെ ദിവസങ്ങള്‍ക്കു മുമ്പ് ദുബായില്‍നിന്നു വിളിച്ചുവരുത്തിയത്. ഐ.ടി. ഉദ്യോഗസ്‌ഥര്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെ അഞ്ച് മിനിട്ട് ഇടവേളയില്‍ ഓഫീസ് ചേംബറിലേക്കു കയറിപ്പോയ റോയ് 20 മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. ഉദ്യോഗസ്‌ഥര്‍ തിരക്കിച്ചെന്നപ്പോഴാണ് വെടിയേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
അതേ സമയം, റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു കുടുംബത്തിന്റെ നിലപാട്. ആദായനികുതി റെയ്‌ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് റോയി ജീവനൊടുക്കാന്‍ കാരണമെന്നു സഹോദരന്‍ സി.ജെ. ബാബു ആരോപിച്ചു. അദ്ദേഹത്തിനു വായ്‌പാസംബന്ധമായോ കുടുംബപരമായോ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഒരുതരത്തിലുമുള്ള ഭീഷണികള്‍ നേരിട്ടിരുന്നില്ല. റോയിയുടെ സംസ്‌കാരശുശ്രൂഷ ഇന്ന് ബംഗളുരു, ബാനര്‍ഘട്ടയിലെ നേച്ചേഴ്‌സ് ലക്ഷ്വറിയില്‍ നടക്കും.