-->
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡ് സ്വന്തമായുള്ള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് തന്റെ ഒമ്പതാം ബജറ്റ്.
2019 ജൂലൈയില്‍ ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമന്‍ ആ വര്‍ഷം തന്നെ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. പിന്നീട്, 2024 ലെ ഇടക്കാല ബജറ്റ് അടക്കം തുടര്‍ച്ചയായി എട്ടു ബജറ്റുകള്‍.
മുന്നില്‍ മൊറാര്‍ജി
ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്.
1959 ഫെബ്രുവരി 28 ന് അദ്ദേഹം തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. 1960, 1961 വര്‍ഷങ്ങളില്‍ പൂര്‍ണ ബജറ്റുകള്‍. 1962 ല്‍ ഇടക്കാല ബജറ്റും തുടര്‍ന്നുള്ള രണ്ട് പൂര്‍ണ്ണ ബജറ്റുകളും. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം, 1967 ല്‍ വീണ്ടും ഇടക്കാല ബജറ്റ്. 1967, 1968, 1969 വര്‍ഷങ്ങളില്‍ മൂന്ന് പൂര്‍ണ ബജറ്റുകള്‍ അവതരിപ്പിച്ചു.
രണ്ടാം സ്‌ഥാനത്ത്
ചിദംബരം
ഒമ്പത് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച മുന്‍ ധനമന്ത്രി പി. ചിദംബരമാണ് രണ്ടാം സ്‌ഥാനത്ത്. ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് 1996 ല്‍ ചിദംബരം തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. 1997 ല്‍ രണ്ടാം ബജറ്റ്. 2004 നും 2008 നും ഇടയില്‍ യു.പി.എ. സര്‍ക്കാരിന്റെ കീഴില്‍ തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍. 2013 ലും 2014 ലും രണ്ട് ബജറ്റുകള്‍ കൂടി അവതരിപ്പിച്ചു.
പ്രണബ്, നിര്‍മല
എട്ടു ബജറ്റുകള്‍ വീതം അവതരിപ്പിച്ച മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും നിര്‍മ്മല സീതാരാമനുമാണ് നിലവില്‍ മൂന്നാം സ്‌ഥാനം പങ്കിടുന്നത്. ഇന്നത്തെ ബജറ്റ് അവതരണത്തിലൂടെ നിര്‍മല സീതാരാമന്‍ രണ്ടാം സ്‌ഥാനത്തെത്തും.അതേസമയം, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡ് നിര്‍മല സീതാരാമനാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 1 ന് അവതരിപ്പിച്ചത് തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ്. തുടര്‍ച്ചയായി ആറു ബജറ്റെന്ന മൊറാര്‍ജി ദേശായിയുടെ റെക്കോഡ് 2024 ജൂലൈ 23 ന് അവര്‍ മറികടന്നിരുന്നു.