Thursday, March 12, 2026 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.19 AM

മഹാരാഷ്‌ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി അജിത്തിന്റെ പിന്‍ഗാമിയായി സുനേത്ര പവാര്‍

മുംബൈ: മഹാരാഷ്‌ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി അന്തരിച്ച മുന്‍ ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത്‌ പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു സ്‌ഥാനമേറ്റു.
എക്‌സൈസ്‌, കായികം- യുവജനക്ഷേമം, ന്യൂനപക്ഷ വികസനം എന്നിവയുടെ ചുമതലയും അവര്‍ക്ക്‌ നല്‍കി. അജിത്‌ പവാര്‍ കൈകാര്യം ചെയ്‌തിരുന്ന ധനകാര്യ, ആസൂത്രണ വകുപ്പുകള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ ഏറ്റെടുത്തു. 28 ന്‌ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ്‌ അജിത്‌ പവാര്‍ കൊല്ലപ്പെട്ടത്‌.
എന്‍.സി.പി.(അജിത്‌) നിയമസഭാകക്ഷി നേതാവായി സുനേത്ര പവാറി(62)നെ ഇന്നലെ ഏകകണ്‌ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം അറിയിച്ചുകൊണ്ട്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു കത്ത്‌ നല്‍കി. അദ്ദേഹം കത്ത്‌ ഗവര്‍ണര്‍ക്കു കൈമാറി. സ്‌ഥാനമേറ്റ സുനേത്രയ്‌ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി.(അജിത്‌) സ്‌ഥാനാര്‍ഥിയായി മത്സരിച്ചുകൊണ്ടാണ്‌ സുനേത്ര രാഷ്‌ട്രീയത്തിലേക്കു പ്രവേശിച്ചത്‌. പരാജയപ്പെട്ട സുനേത്ര പിന്നീട്‌ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.എന്‍.സി.പിയിലെ ശരദ്‌ പവാര്‍, അജിത്‌ പവാര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്‌ അജിത്‌ പവാറിന്റെ വിയോഗം. അതേസമയം, പാര്‍ട്ടി വീണ്ടും ശരദ്‌ പവാറിന്റെ നിയന്ത്രണത്തിലാകുമെന്നു കരുതുന്ന അജിത്‌ പവാര്‍ വിഭാഗത്തിലെ പല നേതാക്കള്‍ക്കും ലയനത്തോടു താല്‍പ്പര്യമില്ലായിരുന്നു. ഇവരാണ്‌ അജിത്‌ പവാറിന്റെ വിയോഗത്തിനു തൊട്ടുപിന്നാലെ സുനേത്രയെ പിന്‍ഗാമിയായി രംഗത്തുകൊണ്ടുവരാന്‍ നീക്കം നടത്തിയത്‌.
സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായും ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തതിനെക്കുറിച്ചു തനിക്കറിയില്ലെന്ന്‌ അജിത്‌ പവാറിന്റെ ചെറിയച്‌ഛന്‍
ശരദ്‌ പവാര്‍ പറഞ്ഞു. ഇതെത്തുടര്‍ന്ന്‌ അജിത്‌ പവാറിന്റെ മകന്‍ പാര്‍ത്ഥ്‌ പവാറും എന്‍.സി.പി. (ശരദ്‌ പവാര്‍) എം.എല്‍.എ: രോഹിത്‌ പവാറും ശരദ്‌ പവാറിനെ നേരില്‍കണ്ട്‌ കാര്യങ്ങള്‍ വിശദീകരിച്ചു.
പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നു ശരദ്‌ പവാര്‍ വ്യക്‌തമാക്കി. ചര്‍ച്ചകളില്‍ താന്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്നും അജിത്‌ പവാറും ജയന്ത്‌ പാട്ടീലും തമ്മിലായിരുന്നു ചര്‍ച്ചകളെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 01 Feb 2026 11.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW