Wednesday, March 11, 2026 Last Updated 20 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.19 AM

സുനേത്രയ്‌ക്ക്‌ ഉപമുഖ്യമന്ത്രിപദം; ശരദ്‌ പവാറിന്‌ അതൃപ്‌തി

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അജിത്‌ പവാറിന്റെ പിന്‍ഗാമിയായി ഭാര്യ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രി പദത്തിലേക്കു നിര്‍ദേശിച്ച വിവരം തന്നെ അറിയിച്ചിരുന്നില്ലെന്ന്‌ എന്‍.സി.പി (എസ്‌.പി) നേതാവ്‌ ശരദ്‌ പവാര്‍. വിരുദ്ധ ചേരികളിലായി നിലയുറപ്പിച്ചിരുന്ന രണ്ടുപാര്‍ട്ടികളും ലയിക്കുന്നതിനു സന്നദ്ധത പ്രകടിപ്പിച്ച്‌ മുന്നില്‍നിന്നത്‌ അജിത്‌ പവാറായിരുന്നെന്നും പവാര്‍ കുടുംബത്തിലെ കാരണവരായ ശരദ്‌ പവാര്‍ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.
ഭര്‍ത്താവ്‌ കൊല്ലപ്പെട്ട്‌ മൂന്നു ദിവസത്തിനുശേഷം ഭാര്യ സുനേത്ര മഹാരാഷ്‌ട്രയിലെ മഹായുതി സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത ദിവസമാണ്‌ ശരദ്‌ പവാര്‍ അതൃപ്‌തി പരസ്യമാക്കിയത്‌.
അജിത്‌, ശരദ്‌ പക്ഷ എന്‍.സി.പികള്‍ ലയിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ്‌ സുനേത്രയെ തിടുക്കത്തില്‍ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ കാരണമെന്നാണ്‌ അന്തപ്പുരസംസാരം. ലയനം സാക്ഷാത്‌കരിക്കപ്പെട്ടാല്‍ ശരദ്‌ പവാര്‍ പക്ഷത്തിനു മേല്‍ക്കൈയുണ്ടാകുമെന്ന അജിത്‌പക്ഷ നേതാക്കളുടെ ആശങ്കയാണ്‌ ധൃതഗതിയിലുള്ള തീരുമാനത്തിനു പിന്നിലെന്നാണ്‌ പറയുന്നത്‌. ദേവേന്ദ്ര ഫഡ്‌നവിസ്‌ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അജിത്‌ പവാര്‍ നിര്‍ണായക വകുപ്പുകളും കൈകാര്യം ചെയ്‌തിരുന്നു.
അജിത്തിന്റെ അപകടമരണത്തിനു പിന്നാലെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്‌കരെ, ഛഗന്‍ ഭുജ്‌ബല്‍ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രി ഫഡ്‌നവിസിനെ സന്ദര്‍ശിച്ച്‌ സുനേത്രയെ പിന്‍ഗാമിയാക്കാനുള്ള തീരുമാനം അറിയിച്ചു. അജിത്‌ കൈകാര്യം ചെയ്‌തിരുന്ന ധനവകുപ്പ്‌ ഒഴികെയുള്ളവ സുനേത്രയ്‌ക്കു നല്‍കാന്‍ ബി.ജെ.പി. നേതാക്കളുമായി ധാരണയിലെത്തുകയും ചെയ്‌തു.
പിന്നാലെ കഴിഞ്ഞ 30 ന്‌ എന്‍.സി.പി. അജിത്‌പക്ഷം നേതാക്കള്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ച സുനേത്രയോട്‌ അജിത്‌ പാര്‍ട്ടിയിലും മന്ത്രിസഭയിലും വഹിച്ച സ്‌ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ നേതാക്കള്‍ ആവശ്യപ്പെടുകയും അവര്‍ സമ്മതംമൂളുകയുമായിരുന്നു. ഇന്നലെ രാവിലെ സത്യപ്രതിജ്‌ഞ നടക്കുകയും ചെയ്‌തു.
ഇതിനിടയിലാണ്‌ ശരദ്‌ പവാര്‍ പത്രസമ്മേളനം വിളിച്ച്‌ ഇരുപാര്‍ട്ടികളുടെയും ലയനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്‌. അജിത്‌ പവാര്‍ ലയനത്തിന്‌ അനുകൂലമായിരുന്നു.
വിഷയത്തില്‍ പലവട്ടം ചര്‍ച്ചകളും നടത്തി. എന്‍.സി.പിയുടെ ജന്മദിനമായ ഫെബ്രുവരി 12 ന്‌ ലയനം നടത്താനായിരുന്നു തീരുമാനം. പക്ഷേ, അജിത്‌ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്‌ നീക്കങ്ങള്‍ മന്ദഗതിയിലാക്കി. ഇതിനിടയില്‍ സുനേത്രയെ അജിത്തിന്റെ പിന്‍ഗാമിയാക്കിയത്‌ താനറിഞ്ഞില്ല. പ്രഫുല്‍ പട്ടേലു സുനില്‍ തത്‌കരെയുമാണ്‌ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ക്കു പിന്നിലെന്നാണു മനസിലാക്കുന്നത്‌- വാര്‍ത്താസമ്മേളനത്തില്‍ ശരദ്‌ പവാര്‍ അതൃപ്‌തി പരസ്യമാക്കി.
ലയനചര്‍ച്ചയും തീയതിയും അടക്കമുള്ള വിഷയങ്ങള്‍ നിഷേധിച്ച്‌ അജിത്‌ പവാര്‍ പക്ഷ നേതാക്കള്‍ രംഗത്തെത്തിയതോടെ ഭിന്നത കൂടുതല്‍ പരസ്യമായി. എന്നാല്‍, ജനുവരി 17 ന്‌ നടന്ന അജിത്‌-ശരദ്‌ കൂടിക്കാഴ്‌ചയുടെ വീഡിയോ പുറത്തുവിട്ടായിരുന്നു ശരദ്‌പവാര്‍ പക്ഷത്തിന്റെ മറുപടി.
ബി.ജെ.പിയുമായി ഒരുകാലത്തും സഖ്യമുണ്ടാക്കില്ലെന്ന ശരദ്‌ പവാറിന്റെ പ്രഖ്യാപനമാണ്‌ അജിത്‌ പക്ഷ നേതാക്കളെ ലയനത്തില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ്‌ സൂചന. ലയനം സാധ്യമായാല്‍ കേന്ദ്രത്തിലും മഹാരാഷ്‌ട്ര സര്‍ക്കാരിലുമുള്ള മന്ത്രിസ്‌ഥാനങ്ങള്‍ നഷ്‌ടമാകുമെന്ന ആധിയും ഇവര്‍ക്കുണ്ട്‌. എതിര്‍ചേരിയിലാകുന്നപക്ഷം കേന്ദ്ര ഏജന്‍സികള്‍ വീണ്ടും വേട്ടയാടുമെന്ന ഭീതിയാണ്‌ എതിര്‍പ്പിനു പിന്നിലുള്ള മറ്റൊരു കാരണം.

Ads by Google
Sunday 01 Feb 2026 11.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW