Saturday, March 14, 2026 Last Updated 52 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.13 AM

ഇന്ത്യക്ക്‌ 46 റണ്ണിന്റെ ജയം

uploads/news/2026/02/823400/5.jpg

തിരുവനന്തപുരം
ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക്‌ 46 റണ്ണിന്റെ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ 271 റണ്ണെന്ന കൂറ്റന്‍ സ്‌കോറിലെത്തി. ട്വന്റി20 യിലെ കന്നി സെഞ്ചുറിയടിച്ച ഇഷാന്‍ കിഷനും (43 പന്തില്‍ 10 സിക്‌സറും ആറ്‌ ഫോറുമടക്കം 103) അര്‍ധ സെഞ്ചുറിയടിച്ച നായകന്‍ സൂര്യകുമാര്‍ യാദവുമാണ്‌ (30 പന്തില്‍ ആറ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 63) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. ഹാര്‍ദിക്‌ പാണ്ഡ്യ (42), ഓപ്പണര്‍ അഭിഷേക്‌ ശര്‍മ (30) എന്നിവരും റണ്‍ മഴ പെയ്യിക്കാന്‍ കൂട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ അവസാന ഓവറില്‍ 225 റണ്ണിന്‌ ഓള്‍ഔട്ടായി.
ഓപ്പണര്‍ ഫിന്‍ അലന്‍ (38 പന്തില്‍ ആറ്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 80), റാചിന്‍ രവീന്ദ്ര (17 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 30), ഇഷ്‌ സോധി (15 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 33) എന്നിവരുടെ പോരാട്ടം ന്യൂസിലന്‍ഡിനെ 200 ലെത്തിച്ചു. 51 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്ത അര്‍ഷദീപ്‌ സിങ്‌ ഇന്ത്യന്‍ ബൗളര്‍മാരില്‍ കേമനായി. ഇടംകൈയന്‍ സ്‌പിന്നര്‍ അക്ഷര്‍ പട്ടേല്‍ മൂന്ന്‌ വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി, റി്‌്ങ്കു സിങ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര 4-1 നാണ്‌ ഇന്ത്യ സ്വന്തമാക്കിയത്‌. മലയാളി താരം സഞ്‌ജു സാംസണ്‍ (ആറ്‌) സ്വന്തം തട്ടകത്തില്‍ നിരാശപ്പെടുത്തി.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ആദ്യം ബാറ്റ്‌ ചെയ്യാനുള്ള തീരുമാനം പാഴായില്ല. നാട്ടുകാരനായ ഓപ്പണര്‍ സഞ്‌ജു സാംസണ്‍ ലൂകി ഫെര്‍ഗുസണിനെ സിക്‌സറിനു പറത്താന്‍ ശ്രമിച്ച്‌ ബെവന്‍ ജേക്കബ്‌സിന്റെ കൈയിലൊതുങ്ങി.
സഞ്‌ജു അവസരം പാഴാക്കിയതു കണ്ട്‌ സ്‌റ്റേഡിയം ഒരു നിമിഷം മൗനത്തിലായി. ആറ്‌ പന്തുകളില്‍ ആറ്‌ റണ്ണുമായാണു സഞ്‌ജു മടങ്ങിയത്‌. ഓപ്പണര്‍ അഭിഷേക്‌ ശര്‍മയും (16 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 30) ഫെര്‍ഗുസണിന്റെ പന്തില്‍ മടങ്ങിയതോടെ കാണികളുടെ നിരാശ ഇരട്ടിയായി.
തുടര്‍ന്നാണ്‌ ഇഷാന്‍ കിഷന്റെയും നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ടുകള്‍ വരുന്നത്‌്. മൂന്നാം വിക്കറ്റില്‍ ഇഷാനും സൂര്യയും ഒന്നിച്ചതോടെ പിന്നീട്‌ സിക്‌സറുകളുടെ പെരുമഴയായി. 57 പന്തില്‍ 137 റണ്ണാണ്‌ ഇരുവരും ചേര്‍ന്ന്‌ അടിച്ചെടുത്തത്‌. സൂര്യ 30 പന്തില്‍ 63 റണ്‍സെടുത്ത്‌ മടങ്ങിയതോടെ കൂട്ടുകെട്ട്‌ അവസാനിച്ചു. ഹാര്‍ദിക്‌ പാണ്ഡ്യയുമൊത്ത്‌ (17 പന്തില്‍ നാല്‌ സിക്‌സറും ഒരു ഫോറുമടക്കം 42) ഇഷാന്‍ 18 പന്തില്‍ 48 റണ്‍ ചേര്‍ത്തു. 28 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച ഇഷാന്‍ 42 പന്തിലാണ്‌ 100 കടന്നത്‌.

Ads by Google
Sunday 01 Feb 2026 11.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW