Friday, March 13, 2026 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.13 AM

തോല്‍വിക്ക്‌ മധുര പ്രതികാരം

uploads/news/2026/02/823399/4.jpg

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ്‌ കിരീടം കസഖ്‌സ്ഥാന്റെ എലേനാ റൈബാകിനയ്‌ക്ക്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ബെലാറസിന്റെ ആര്യാന സബാലങ്കയെ അട്ടിമറിച്ചാണു റൈബാകിന കിരീടം നേടിയത്‌. സ്‌കോര്‍: 6-4, 4-6, 6-4.
കസഖ്‌ താരത്തിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്‌. സബാലങ്കയോട്‌ 2023 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെ തോല്‍വിക്ക്‌ മധുര പ്രതികാരം ചെയ്യാനും റൈബാകിനയ്‌ക്കായി. 2023 ലെ ഫൈനലില്‍ റൈബാകിനയെ തോല്‍പ്പിച്ചാണു സബാലങ്ക കിരീടം നേടിയത്‌്. പുതുക്കിയ ലോക റാങ്കിങ്ങില്‍ താരം മൂന്നാം സ്‌ഥാനത്തേക്കുയരും.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സബാലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്‌. കഴിഞ്ഞ വര്‍ഷം മാഡിസണ്‍ കെയ്‌സിനോടാണ്‌ താരം തോറ്റത്‌്. കഴിഞ്ഞ നാല്‌ ഗ്രാന്‍സ്ലാം ഫൈനലുകളില്‍ മൂന്നിലും സബാലങ്ക തോല്‍വി നേരിട്ടിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കൂടാതെ ഫ്രഞ്ച്‌ ഓപ്പണിലും റണ്ണര്‍ അപ്പായി. 2022 ലെ വിമ്പിള്‍ഡണ്‍ നേട്ടത്തിനു ശേഷമുള്ള റൈബാകിനയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടം കൂടിയാണിത്‌. ഇന്നലെ നടന്ന ഫൈനല്‍ രണ്ട്‌ മണിക്കൂര്‍ 18 മിനിറ്റ്‌ നീണ്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സബാലങ്കയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്‌.
മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ സബാലങ്കയെ ഒന്നാം സെറ്റില്‍ തന്നെ വിറപ്പിക്കാന്‍ റൈബാക്കിനയ്‌ക്കായി. രണ്ടാം സെറ്റില്‍ ശക്‌തമായി സബാലങ്ക തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സബാലങ്ക 3-0 ന്‌ ലീഡെടുത്തു. അതോടെ 2023 ആവര്‍ത്തിക്കുമെന്ന പ്രതീതിയുണ്ടായി. അസാധാരണ പ്രകടനം പുറത്തെടുത്ത റൈബാകിന സെറ്റും മത്സരവും സ്വന്തമാക്കി. ഇന്നു നടക്കുന്ന പുരുഷ സിംഗിള്‍സ്‌ ഫൈനലില്‍ ലോക നാലാം നമ്പര്‍ സെര്‍ബിയയുടെ നോവാക്‌ ജോക്കോവിച്ചും ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ്‌ അല്‍കാറസും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട്‌ മണി മുതലാണു മത്സരം.
25-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന ജോക്കോ സെമി ഫൈനലില്‍ ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഇറ്റലിയുടെ യാനിക്‌ സിന്നറിനെയാണു തോല്‍പ്പിച്ചത്‌. ഇതുവരെ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത 25 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന നേട്ടത്തിലേക്ക്‌ ജോക്കോയ്‌ക്ക് ഇനി ഒരു ജയം അകലം മാത്രം. ജോക്കോയുടെ 39-ാം ജന്മദിനത്തിന്‌ നാല്‌ മാസങ്ങളുടെ അകലം മാത്രമേയുള്ളു. സിന്നറും ജോക്കോയും തമ്മില്‍ നടന്ന പോരാട്ടം നാല്‌ മണിക്കൂര്‍ ഒന്‍പത്‌ മിനിറ്റ്‌ നീണ്ടു.
18 വര്‍ഷം മുമ്പാണു ജോക്കോ കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്നത്‌. കരിയറില്‍ ഇതുവരെ 10 തവണയാണ്‌ മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടം നേടിയത്‌. ആദ്യ സെറ്റ്‌ കൈവിട്ടതോടെ ജോക്കോയുടെ ഗ്രാന്‍സ്ലാം മോഹം വൈകുമെന്ന പ്രതീതിയുണ്ടായി. രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചതോടെയാണു മത്സരം അവസാനിച്ചിട്ടില്ലെന്നു വ്യക്‌തമായത്‌. 2025 സീസണില്‍ നടന്ന നാല്‌ ഗ്രാന്‍സ്ലാം സെമി ഫൈനലുകളിലും ജോക്കോ തോറ്റിരുന്നു. 2023 ലെ യു.എസ്‌. ഓപ്പണിനു ശേഷം ജോക്കോയ്‌ക്കു ഗ്രാന്‍സ്ലാം ജേതാവാകാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ ജയിക്കുകയാണെങ്കില്‍ കരിയര്‍ ഗ്രാന്‍സ്ലാം (നാല്‌ ഗ്രാന്‍ഡ്‌സ്ലാമുകളും ജയിക്കുക) പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ്‌ അല്‍കാറസ്‌ സ്വന്തമാക്കും. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ അഞ്ചര മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ്‌ അല്‍കാറസ്‌ തോല്‍പ്പിച്ചത്‌. റോഡ്‌ ലാവര്‍ അരീനയിലായിരുന്നു ആവേശകരമായ സെമി ഫൈനല്‍. 22 വയസുകാരനായ അല്‍കാറസിന്റെ കരിയറിലെ എട്ടാം ഗ്രാന്‍സ്ലാം ഫൈനലാണിത്‌. കൂടാതെ നാല്‌ പ്രധാന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളുടെയും ഫൈനലിലെത്തുന്ന താരമെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.

Ads by Google
Sunday 01 Feb 2026 11.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW