Friday, March 13, 2026 Last Updated 32 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 12.16 PM

പോസ്റ്ററുകള്‍ക്ക് പിന്നില്‍ സ്‌നേഹമാണോ നിഗ്രഹമാണോ? മത്സരിക്കാന്‍ പോലും മൂഡില്ലെന്ന് കെ.മുരളീധരന്‍

uploads/news/2026/01/823331/k-muraleedharan.gif

ആലപ്പുഴ: തന്നെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ സ്നേഹമാണോ നിഗ്രഹമാണോ എന്ന് അറിയില്ലെന്നും തനിക്കുവേണ്ടി പലയിടത്തും പോസ്റ്ററുകളുണ്ടെന്നും ജയിക്കാത്ത കല്യാണശേരിയിലും പയ്യന്നൂരിലും മാത്രമാണ് പോസ്റ്റര്‍ ഇല്ലാത്തതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള മൂഡ് തനിക്കില്ലെന്നും എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും പറഞ്ഞു.

മുരളീധരന് വേണ്ടി കായംകുളത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. കെ മുരളീധരനായി കഴിഞ്ഞദിവസം കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്ന പോസ്റ്ററായിരുന്നു തിരുവമ്പാടിയില്‍ പതിച്ചത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

'കോണ്‍ഗ്രസ് കൂട്ടായ്മ'യുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ കെ മുരളീധരനെ കായംകുളത്തിന് തരണമെന്നാണ് ആവശ്യം. കേരളത്തിന്റെ മതേതര മുഖമാണ് കെ മുരളീധരന്‍. വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്. 2006 മുതല്‍ സിപിഐഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

അതേസമയം ഇത്തവണ മത്സരിക്കാനില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുക എന്നത് ശരിയല്ല എന്നും അതുകൊണ്ട് ഇത്തവണ മാറിനില്‍ക്കാന്‍ തീരുമാനിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു. നേമത്ത് യുഡിഎഫിന് നല്ല സ്ഥാനാര്‍ത്ഥി വരുമെന്നും ശിവന്‍കുട്ടിയെയും രാജീവ് ചന്ദ്രശേഖറിനെയും തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേമത്തെ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം സംഘിയും സംഘിക്കുട്ടിയും വേണ്ട യുഡിഎഫ് മതി എന്നതാണ്. നേമത്ത് യുഡിഎഫ് ഇത്തവണ നേരിടുന്നത് സിപിഐഎം, ബിജെപി സംയുക്ത സഖ്യത്തെയാണ്. നേമത്തെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ശിവന്‍കുട്ടി ഉദ്ദേശിക്കുന്നത്. ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ ശിവന്‍കുട്ടിക്ക് ലഭിക്കില്ല. സംഘിക്കുട്ടി എന്ന് ശിവന്‍കുട്ടിയെ വിളിച്ചത് എഐഎസ്എഫ് ആണ്. അദ്ദേഹം ആര്‍എസ്എസിന്റെ ഏജന്റായി മാറിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

എംപിമാരെ മത്സരിപ്പിക്കാത്തതിന് പിന്നില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുക എന്ന ഉദ്ദേശമാണുളളതെന്നും ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പുകള്‍ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഏകദേശ ധാരണ വന്നിട്ടുണ്ടെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം എം ഹസ്സന്‍ മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചതില്‍ തെറ്റില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW