-->
ബംഗളുരു/കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡറായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ആദായ നികുതി വകുപ്പിന്റെ പരിശോധനയ്‌ക്കിടെ ബംഗളുരു അശോക് നഗറിലുള്ള കമ്പനി ആസ്‌ഥാനത്താണ് സംഭവം. എച്ച്.എസ്.ആര്‍. ലേഔട്ടിലെ നാരായണ ഹോസ്‌പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്നു മൂന്നു ദിവസമായി ഓഫീസുകളിലും വസതികളിലും കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റ്‌ു സ്‌ഥലങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടക്കുന്നുണ്ടായിരുന്നു. കൊച്ചിയില്‍നിന്നുള്ള സംഘമാണ് റെയ്‌ഡിനെത്തിയത്. പല തവണ ഇന്‍കം ടാക്‌സ് അധികൃതര്‍ റെയ്‌ഡിനെത്തിയപ്പോള്‍ സി.ജെ. റോയ് കോടതിയെ സമീപിച്ചിരുന്നു. റെയ്‌ഡിന്റെ പേരില്‍ അദ്ദേഹം മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ജീവനക്കാര്‍ അശോക് നഗര്‍ പോലീസിനു മൊഴി നല്‍കി.
നികുതി വെട്ടിപ്പു സംബന്ധിച്ച പരാതിയിലായിരുന്നു റെയ്‌ഡ്. ഇന്നലെ രാവിലെ മുതല്‍ ഉദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തു. വൈകിട്ട് പരിശോധന അവസാനിക്കുമ്പോള്‍ കസ്‌റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നെന്നാണ് വിവരം. ഇതിനു പിന്നാലെയാണു വൈകിട്ട് അഞ്ചോടെ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനായി മുറിയിലേക്ക് പോയ റോയ് സ്വയം വെടിയുതിര്‍ത്തത്. ഈ സമയത്തും റെയ്‌ഡുകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. സംഭവത്തിനുശേഷം രണ്ട് വാഹനങ്ങളായി ആദായ നികുതി ഉദ്യോഗസ്‌ഥര്‍ മടങ്ങി.
അശോക് നഗര്‍ പോലീസ് സംഭവസ്‌ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം നാരായണ ഹൃദയാലയയില്‍ എത്തിച്ചെങ്കിലും പിന്നീട് ബൗറിങ് ആശുപത്രിയിലേക്കു മാറ്റി.
കൊച്ചി സ്വദേശിയായ റോയ് ജനിച്ചു വളര്‍ന്നത് ബെംഗളുരുവിലാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്.ബി.എസ്. ബിസിനസ് സ്‌കൂളില്‍നിന്ന് ബിസിനസ് അഡ്‌മിനിസ്‌ട്രേഷനില്‍ ഡോക്‌ടറേറ്റ് നേടി. ബഹുരാഷ്ര്‌ട കമ്പനിയായ എച്ച്.പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്.
കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളാണ് റോയിക്കുള്ളത്. 2006 ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസേ്‌റ്ററ്റ് പ്രോജക്‌ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. റിയല്‍ എസ്‌റ്റേറ്റ്, സിനിമാ നിര്‍മാണം, ഹോസ്‌പിറ്റാലിറ്റി മേഖലകളിലാണു കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ബംഗളുരു, കേരളം, ദുബായ് എന്നിവിടങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിങ്ങനെ ഒട്ടേറെ സഥാപനങ്ങള്‍ ഗ്രൂപ്പിനുണ്ട്.
കടരഹിത ബിസിനസ് എന്ന ആശയം പ്രായോഗികതലത്തിലെത്തിച്ച വ്യക്‌തിത്വമായിക്കൂടിയാണ് സി.ജെ. റോയിയെ ബിസിനസ് ലോകത്ത് അറിയപ്പെടുന്നത്. ബെംഗളൂരുവില്‍ 3,000 കോടിയുടെ സയണ്‍ ഹില്‍സ് ഗോള്‍ഫ് കൗണ്ടി പദ്ധതി ഒരു രൂപ പോലും കടമില്ലാതെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത്. പറഞ്ഞുറപ്പിച്ച സമയത്തിനകം കൈമാറാത്ത ഒരു റസിഡന്‍ഷ്യല്‍ പദ്ധതിപോലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനില്ലെന്നും അതാണ് ഗ്രൂപ്പിനെ മറ്റ് കമ്പനികളില്‍നിന്നു വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന് 200ലേറെ പദ്ധതികളും 23,000 ലേറെ ഉപഭോക്‌താക്കളുമുണ്ട്. റിയല്‍ എസേ്‌റ്ററ്റ് റഗുലേറ്ററി അതോറിറ്റി (റെറ) പ്രാബല്യത്തില്‍വന്നശേഷം മാത്രം 70ലേറെ പദ്ധതികളാണ് ഗ്രൂപ്പ് പൂര്‍ത്തീകരിച്ചത്.
കേരളം ഏതാനും വര്‍ഷംമുന്‍പ് നേരിട്ട മഹാപ്രളയാനന്തരം പൂര്‍ണമായും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെലവില്‍ അദ്ദേഹം 100 വീടുകള്‍ പ്രളയബാധിതര്‍ക്ക് നിര്‍മിച്ച് കൈമാറിയിരുന്നു. 100ലേറെ ഹൃദയശസ്‌ത്രക്രിയകള്‍ക്കും അദ്ദേഹം സഹായം നല്‍കി. കാന്‍സര്‍ രോഗികള്‍ക്ക് ഉള്‍പ്പെടെയും സഹായം നല്‍കുന്നു. നിര്‍ധന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും അദ്ദേഹം ലഭ്യമാക്കിയിരുന്നു.
കാസനോവ, മേം ഹൂ മൂസ, ഐഡന്റിറ്റി, മരയ്‌ക്കാര്‍: ലയണ്‍ ഓഫ് ദ് അറേബ്യന്‍ സീ എന്നീ സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു. സംസ്‌കാരം ഇന്നു ബംഗളുരുവില്‍. ലിനി റോയ് ആണ് ഭാര്യ. മക്കള്‍: രോഹിത് റോയ്, റിയ മേരി റോയ്.