-->
മുംബൈ: ബാരാമതി വിമാനാപകടത്തില്‍ മരിച്ച അജിത് പവാറിനു പകരക്കാരിയായി ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും. നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) ദേശീയ പ്രസിഡന്റായി പ്രഫുല്‍ പട്ടേലിനെ നിയമിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മഹാരാഷ്‌ട്രയില്‍ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായിരുന്നയാളാണ് അജിത് പവാര്‍. ദേവേന്ദ്ര ഫഡ്‌നവിസ് സര്‍ക്കാരില്‍ ധനകാര്യം, ആസൂത്രണം, എക്‌സൈസ് എന്നീ വകുപ്പുകളാണ് അദ്ദേഹം വഹിച്ചത്.
എന്‍.സി.പിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് നടക്കുന്നുണ്ട്. യോഗത്തില്‍ സുനേത്രയെ നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത. തുടര്‍ന്ന് മുംബൈയിലെ രാജ്‌ഭവനില്‍ സംസ്‌ഥാനത്തിന്റെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര സത്യപ്രതിജ്‌ഞ ചെയ്യും. സത്യപ്രതിജ്‌ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ രാജ്‌ഭവനില്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ രാജ്യസഭാ എം.പിയാണു സുനേത്ര. എന്‍.സി.പിയുടെ രണ്ട് വിഭാഗങ്ങളുടെ ലയനത്തിനും നീക്കം നടക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഫെബ്രുവരി ആദ്യവാരങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ അമ്മാവന്‍ ശരദ് പവാറുമായി കൂടിക്കാഴ്‌ചകള്‍ നടത്തിയ അജിത് പവാര്‍ ലയനചര്‍ച്ച തുടങ്ങിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം സംയുക്‌ത പത്രസമ്മേളനത്തിലൂടെ ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു ധാരണ. ഇതിനിടെയാണ് വിമാനാപകടം അജിത് പവാറിന്റെ ജീവന്‍ അപഹരിച്ചത്.
ലയനത്തിന് അന്തിമരൂപം നല്‍കാന്‍ ഇരു വിഭാഗങ്ങളിലെയും നേതാക്കള്‍ അടുത്ത ആഴ്‌ച യോഗം ചേരുമെന്നാണ് വാര്‍ത്ത. അപ്പോഴും തിരക്കിട്ടുള്ള ലയനത്തിന് എന്‍.സി.പി (അജിത് പവാര്‍) വിഭാഗത്തിലെ ചില നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. ലയനം 'രാഷ്‌ട്രീയ നേട്ടത്തിനായി' ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ആ സ്‌ഥിതിക്ക് സുനേത്ര പവാറിന്റെ പങ്ക് ലയന പ്രക്രിയയില്‍ നിര്‍ണായകമാണ്.
ലയിച്ച എന്‍.സി.പിയെ ആര് നയിക്കുമെന്നാണ് മറ്റൊരു ചോദ്യം. ശരദ് പവാറിനെ കൂടാതെ സാധ്യതയുള്ള മൂന്ന് മുന്‍നിരക്കാര്‍ കൂടി ഉണ്ട്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍.
പാര്‍ട്ടി പ്രസിഡന്റായും നിയമസഭാ കക്ഷി നേതാവായും രാജ്യസഭാ എം.പിയായ സുനേത്ര പവാറിനെ നിയമിക്കണമെന്ന് എന്‍.സി.പിക്കുള്ളിലെ കൂട്ടായ്‌മ ആവശ്യപ്പെടുന്നു. അത് നടന്നില്ലെങ്കില്‍ പ്രഫുല്‍ പട്ടേലിനാണ് സാധ്യത.