Wednesday, March 11, 2026 Last Updated 19 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.10 AM

കോണ്‍ഫിഡന്‍സ്‌ തകര്‍ത്തത്‌ നിലയ്‌ക്കാത്ത നികുതിവേട്ട

uploads/news/2026/01/823285/3.jpg

കൊച്ചി : സിനിമാക്കഥയെ വെല്ലുന്ന ജീവിതംകൊണ്ട്‌ വ്യവസായ ലോകത്ത്‌ സാമ്രാജ്യം തീര്‍ത്ത സി.ജെ. റോയ്‌, മാസങ്ങളായി നടത്തിവന്ന നിയമപോരാട്ടം ലക്ഷ്യത്തിലെത്തും മുമ്പാണ്‌ സ്വയം ഇല്ലാതായത്‌.
അഞ്ചുമാസം മുമ്പ്‌ ആദായ നികുതി വകുപ്പ്‌ ആരംഭിച്ച പരിശോധനകളുടെ അമ്പരപ്പിലായിരുന്നു കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിലെ ജീവനക്കാര്‍. സ്‌ഥാപനത്തിലെ പ്രധാന ഉദ്യോഗസ്‌ഥരുടെയെല്ലാം ഫോണുകള്‍ ആദായ നികുതി വകുപ്പ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.ആവശ്യപ്പെട്ട രേഖകള്‍ കൊച്ചി ഓഫീസില്‍നിന്ന്‌ ശേഖരിച്ചശേഷവും റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലെ സാമ്പത്തിക ഇടപാടുകളിലേക്കു ചൂഴ്‌ന്നിറങ്ങിയ ഐ.ടി. ഉദ്യോഗസ്‌ഥര്‍, ബിസിനസില്‍ അസാധാരണ കുതിപ്പ്‌ രേഖപ്പെടുത്തിയ വ്യവസായിയെ വരിഞ്ഞുമുറുക്കിയെന്നാണ്‌ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.പലപ്പോഴും റെയ്‌ഡിന്റെ ഭാഗമായി വിദേശത്തുനിന്ന്‌ അടിക്കടി കൊച്ചിയിലും ബംഗളൂരുവിലും ഇക്കഴിഞ്ഞ മാസങ്ങളില്‍ റോയ്‌ക്ക്‌ എത്തേണ്ടിവന്നു.
കേരളത്തില്‍നിന്നുള്ള ഐ.ടി. സംഘം കര്‍ണാടകയിലെ ഓഫീസില്‍ പരിശോധനയ്‌ക്ക്‌ എത്തുന്നതിനെതിരേ അദ്ദേഹം അവിടുത്തെ ഹൈക്കോടതിയില്‍നിന്ന്‌ സ്‌റ്റേ വാങ്ങിയിരുന്നു.
അതിനിടെ, കഴിഞ്ഞദിവസം കൊച്ചിയിലെ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്‌ഥനെ ബംഗളുരുവിലേക്ക്‌ അന്വേഷണസംഘം വിളിപ്പിച്ചു. ഒരു ദിവസത്തേക്ക്‌ എന്ന്‌ പറഞ്ഞു വിളിപ്പിച്ച ഉദ്യോഗസ്‌ഥന്‍ അഞ്ചുദിവസമായി പരിശോധനാ വലയത്തിലായി. നികുതി വെട്ടിപ്പിന്റെ പേരില്‍ ഗ്രൂപ്പിനെതിരേ കര്‍ണാടക ഹൈക്കോടതിയില്‍ കേസുണ്ട്‌. അതിനിടയാണ്‌ ചെയര്‍മാന്റെ വിയോഗവാര്‍ത്ത നടുക്കമായി ജീവനക്കാരില്‍ എത്തിയത്‌. പരിശോധനകള്‍ ചെയര്‍മാന്റെ അറസ്‌റ്റിലേക്ക്‌ നീങ്ങുമോ എന്ന ഭീതി പരന്നിരുന്നു.
കുഞ്ഞാലിമരയ്‌ക്കാര്‍, കാസനോവ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സി.ജെ. റോയ്‌ ഏറ്റവും ഒടുവില്‍ നിര്‍മാണപങ്കാളിയായ ചിത്രം അനോമി അടുത്ത മാസം ആദ്യവാരം പുറത്തിറങ്ങും. അതിനിടെയുണ്ടായ വേര്‍പാട്‌ സിനിമാ ലോകത്തെയും ഞെട്ടിച്ചു. ഭാവന നായികയും സഹനിര്‍മാതാവുമായ ചിത്രമാണ്‌ അനോമി. ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രം.
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്‌ത കാസനോവ എന്ന ചിത്രത്തിലൂടെയാണ്‌ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ സിനിമ നിര്‍മാണ രംഗത്തേക്ക്‌ കടന്നത്‌. പിന്നീട്‌ സിദ്ധിഖ്‌ സംവിധാനം ചെയ്‌ത ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍ റോയ്‌ നിര്‍മിച്ചു. ടെലിവിഷന്‍ രംഗത്തും സി.ജെ. റോയ്‌ സജീവമായിരുന്നു. ബിഗ്‌ ബോസ്‌ കന്നഡ സീസണ്‍ 11 സ്‌പോണ്‍സര്‍ ചെയ്‌തത്‌ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ആണ്‌. സ്‌റ്റാര്‍ സുവര്‍ണയുടെ സ്‌റ്റാര്‍ സിംഗര്‍ മ്യൂസിക്‌ റിയാലിറ്റി ഷോയും സ്‌പോണ്‍സര്‍ ചെയ്‌തു. മലയാളം ബിഗ്‌ ബോസ്‌ സീസണ്‍ 7 റണ്ണര്‍അപ്‌ ആയ അനീഷ്‌ ടി.എയ്‌ക്ക്‌ ഷോ കഴിഞ്ഞ്‌ പത്ത്‌ ലക്ഷം രൂപ സി.ജെ റോയ്‌ സമ്മാനമായി നല്‍കിയതും ചര്‍ച്ചയായിരുന്നു. അതുവഴി കുടുംബ സദസുകള്‍ക്കും പ്രിയങ്കരനായി അദ്ദേഹം.

Ads by Google
Saturday 31 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW