-->
ന്യൂഡല്‍ഹി: ആര്‍ത്തവകാലശുചിത്വം ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെയും അവിഭാജ്യഘടകമാണെന്നു സുപ്രീം കോടതി. സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അന്തസ്, ആരോഗ്യം, തുല്യത എന്നിവ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കുമായി കോടതി പുറപ്പെടുവിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ സാനിറ്ററി പാഡുകള്‍, മതിയായ ശുചിത്വസൗകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചാണ് ജസ്‌റ്റിസുമാരായ ജെ.ബി. പാര്‍ദിവാലയും ആര്‍. മഹാദേവനും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്കു ജൈവസംസ്‌കരണ സാനിറ്ററി നാപ്‌കിനുകള്‍ സൗജന്യമായി നല്‍കാന്‍ സംസ്‌ഥാന/കേന്ദ്രഭരണപ്രദേശ സര്‍ക്കാരുകളോടു കോടതി നിര്‍ദേശിച്ചു.
കോടതിയെ സമീപിച്ചവര്‍ക്കു മാത്രമല്ല ഉത്തരവ് ബാധകമാകുകയെന്നും കോടതി വ്യക്‌തമാക്കി. സഹായം ആവശ്യപ്പെടാത്ത പെണ്‍കുട്ടികള്‍ക്കും കോടതി ഉത്തരവ് പ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണം. സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു മാര്‍ഗമില്ലാത്ത അധ്യാപകരെയും ഉദ്ദേശിച്ചാണ് ഉത്തരവ്. എല്ലാ സ്‌കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണ്. പ്രത്യേകം ശൗചാലയങ്ങളും സൗജന്യ സാനിറ്ററി പാഡുകളും ഏര്‍പ്പെടുത്താത്ത സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരം നഷ്‌ടപ്പെടും.
ആര്‍ത്തവകാലശുചിത്വം എന്നത് ജീവകാരുണ്യത്തിന്റെയോ നയപരമായ വിവേചനാധികാരത്തിന്റെയോ വിഷയമല്ല. അത് അന്തസ്സോടെയും ശാരീരിക സ്വയംപര്യാപ്‌തതയോടെയും ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശമാണ്. സ്‌കൂളുകളില്‍ ശൗചാലയസൗകര്യവും സൗജന്യ സാനിറ്ററി നാപ്‌കിനുകളും ലഭ്യമല്ലെങ്കില്‍ സര്‍ക്കാരാകും ഉത്തരവാദിയെന്നു കോടതി താക്കീത് നല്‍കി. ആര്‍ത്തവസംബന്ധമായ ബുദ്ധിമുട്ടുകളേത്തുടര്‍ന്ന് സ്‌ത്രീകള്‍ക്കു ജോലിചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ തൊഴിലിടങ്ങളില്‍ പകരം സംവിധാനമേര്‍പ്പെടുത്തണമെന്നു കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.