-->
സിലാപാതര്‍/ധാകുഖാന: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍സില്‍ നിിലവിലെ ചാമ്പ്യന്‍ പശ്‌ചിമ ബംഗാള്‍, തമിഴ്‌നാട്, രാജസ്‌ഥാന്‍, അസം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
എ ഗ്രൂപ്പ് മത്സരങ്ങളില്‍ രാജസ്‌ഥാന്‍ നാഗാലന്‍ഡിനോട് 2-2 നു സമനില വഴങ്ങി. ബംഗാളിനെ അസമും 1-1 നു സമനിലയില്‍ കുരുക്കി. ഉത്തരാഖണ്ഡിനെ 1-0 ത്തിനു തോല്‍പ്പിച്ചാണു തമിഴ്‌നാട് ക്വാര്‍ട്ടറിലെത്തിയത്. 11 പോയിന്റ് നേടിയ ബംഗാള്‍ ഒന്നാമത് ഫിനിഷ് ചെയ്‌തു. രണ്ടാം സ്‌ഥാനക്കാരായ തമിഴ്‌നാട് ഒരു പോയിന്റ് പിന്നിലാണ്. രാജസ്‌ഥാന് ഏഴ് പോയിന്റും അസമിന് ആറ് പോയിന്റുമാണ്. ധാകുഖാന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗാള്‍ ആകാശ് ഹേംറാമിലൂടെ മുന്നിലെത്തിയിരുന്നു. 32-ാം മിനിറ്റിലായിരുന്നു ഗോള്‍. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ ഋതുരാജ് മോഹന്‍ അസമിനായി ഗോളടിച്ചു.
ഉത്തരാഖണ്ഡിനെതിരേ 68-ാം മിനിറ്റില്‍ ഗോളടിച്ച എം. ഉമാശങ്കറാണു തമിഴ്‌നാടിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. ജയിച്ചിരുന്നെങ്കില്‍ ഉത്തരാഖണ്ഡ് ക്വാര്‍ട്ടറില്‍ കടക്കുമായിരുന്നു. നാഗാലന്‍ഡിനായി അയെമോംഗ്‌ബയും ലായ്‌വാങ് ബോഹാമും ഗോളടിച്ചു. രാജസ്‌ഥാനായി അമിത് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരാണു ഗോളടിച്ചത്.