Saturday, March 14, 2026 Last Updated 9 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.05 AM

ജോക്കോ - അല്‍കാറസ്‌ ഫൈനല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം പുരുഷ സിംഗിള്‍സ്‌ ഫൈനലില്‍ ലോക നാലാം നമ്പര്‍ സെര്‍ബിയയുടെ നോവാക്‌ ജോക്കോവിച്ചും ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ്‌ അല്‍കാറസും തമ്മില്‍ ഏറ്റുമുട്ടും. ഞായറാഴ്‌ച ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട്‌ മണി മുതലാണു മത്സരം.
25-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന ജോക്കോ സെമി ഫൈനലില്‍ ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഇറ്റലിയുടെ യാനിക്‌ സിന്നറിനെയാണു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 3-6, 6-3, 4-6, 6-4, 6-4.
ഇതുവരെ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത 25 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന നേട്ടത്തിലേക്ക്‌ ജോക്കോയ്‌ക്ക് ഇനി ഒരു ജയം അകലം മാത്രം. ജോക്കോയുടെ 39-ാം ജന്മദിനത്തിന്‌ നാല്‌ മാസങ്ങളുടെ അകലം മാത്രമേയുള്ളു. സിന്നറും ജോക്കോയും തമ്മില്‍ നടന്ന പോരാട്ടം നാല്‌ മണിക്കൂര്‍ ഒന്‍പത്‌ മിനിറ്റ്‌ നീണ്ടു. 18 വര്‍ഷം മുമ്പാണു ജോക്കോ കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്നത്‌. കരിയറില്‍ ഇതുവരെ 10 തവണയാണ്‌ മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടം നേടിയത്‌. ആദ്യ സെറ്റ്‌ കൈവിട്ടതോടെ ജോക്കോയുടെ ഗ്രാന്‍സ്ലാം മോഹം വൈകുമെന്ന പ്രതീതിയുണ്ടായി. രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചതോടെയാണു മത്സരം അവസാനിച്ചിട്ടില്ലെന്നു വ്യക്‌തമായത്‌. 2025 സീസണില്‍ നടന്ന നാല്‌ ഗ്രാന്‍സ്ലാം സെമി ഫൈനലുകളിലും ജോക്കോ തോറ്റിരുന്നു. 2023 ലെ യു.എസ്‌. ഓപ്പണിനു ശേഷം ജോക്കോയ്‌ക്കു ഗ്രാന്‍സ്ലാം ജേതാവാകാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ ജയിക്കുകയാണെങ്കില്‍ കരിയര്‍ ഗ്രാന്‍സ്ലാം (നാല്‌ ഗ്രാന്‍ഡ്‌സ്ലാമുകളും ജയിക്കുക) പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ്‌ അല്‍കാറസ്‌ സ്വന്തമാക്കും. ജര്‍മനിയുടെ
അലക്‌സാണ്ടര്‍ സ്വരേവിനെ അഞ്ചര മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ്‌ അല്‍കാറസ്‌ തോല്‍പ്പിച്ചത്‌. റോഡ്‌ ലാവര്‍ അരീനയിലായിരുന്നു ആവേശകരമായ സെമി ഫൈനല്‍. സ്‌കോര്‍: 6-4, 7-6, 6-7, 6-7, 7-5. മത്സരത്തിനിടെ പേശീവലിവും തളര്‍ച്ചയും അലട്ടിയെങ്കിലും അസാമാന്യമായ മനക്കരുത്തോടെ പൊരുതിയ അല്‍കാറസ്‌ ജര്‍മ്മന്‍ താരത്തിന്റെ വെല്ലുവിളിയെ മറികടന്നു. ഒരു ഘട്ടത്തില്‍ സെര്‍വ്‌ ചെയ്‌ത് മത്സരം സ്വന്തമാക്കാന്‍ സ്വരേവിന്‌ അവസരം ലഭിച്ചെങ്കിലും തടഞ്ഞു കൊണ്ട്‌ അല്‍കാറസ്‌ ഗംഭീര തിരിച്ചു വരവ്‌ നടത്തി. 22 വയസുകാരനായ അല്‍കാറസിന്റെ കരിയറിലെ എട്ടാം ഗ്രാന്‍സ്ലാം ഫൈനലാണിത്‌. കൂടാതെ നാല്‌ പ്രധാന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളുടെയും ഫൈനലിലെത്തുന്ന താരമെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ഇന്നു നടക്കുന്ന വനിതാ സിംഗിള്‍സ്‌ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ബെലാറസിന്റെ ആര്യാന സബലങ്കയും എലേന റൈബാകിനയും തമ്മില്‍ ഏറ്റുമുട്ടും. ഉച്ചയ്‌ക്ക് രണ്ട്‌ മുതലാണു മത്സരം. അഞ്ചാം നമ്പറായ റൈബാകിന യു.എസിന്റെ ജെസീക പെഗുലയെയാണു സെമിയില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 3-6, 6-7 (7/9). സബാലങ്ക യെലേന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-2, 6-3. മിക്‌സഡ്‌ ഡബിള്‍സില്‍ ആതിഥേയ താരങ്ങളായ ജോണ്‍ പിയേഴ്‌സും ഒലീവിയ ഗഡെക്കിയും ചരിത്രനേട്ടം കുറിച്ചു. റോഡ്‌ ലാവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിന്റെ ക്രിസ്‌റ്റീന മ്ലാഡെനോവിച്ച്‌ - മാനുവല്‍ ഗ്വിനാഡ്‌ സഖ്യത്തെയാണ്‌ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 4-6, 6-3, 10-8. സൂപ്പര്‍ ടൈബ്രേക്കറില്‍ 5-7 എന്ന നിലയില്‍ പിന്നിലായിരുന്ന ശേഷമാണ്‌ അവര്‍ കിരീടത്തിലെത്തിയത്‌.

Ads by Google
Saturday 31 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW