-->
മുതലകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. മുതലകളുടെ സാന്നിധ്യം ഉള്ള നദികളിലും തോടുകളുമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട, ആളുകള്‍ആ പരിസരത്ത് തന്നെ ചെല്ലാന്‍ മടി കാണിക്കും. എന്നാല്‍ ഒന്നല്ല നാനൂറ് മുതലകള്‍ ഒന്നിച്ച് പാര്‍ക്കുന്ന നദിയുണ്ടെങ്കിലോ? പറഞ്ഞുവരുന്നത് ഗുജറാത്തിലെ വഡോദര നഗരമധ്യത്തിലൂടെ ഒഴുകുന്ന വിശ്വാമിത്രാനദിയെക്കുറിച്ചാണ്. മുതല നദി എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. തിരക്കേറിയ നഗരമായതുകൊണ്ട തന്നെ മുതലകള്‍ ഇവിടുത്തെ ആളുകളുടെ സ്ഥിരം കാഴ്ചയാണ്.
20 ലക്ഷത്തിലധികം ജനങ്ങള്‍ താമസിക്കുന്ന വഡോദരയുടെ ഹൃദയഭാഗത്ത് കൂടിയാണ് 21 കിലോമീറ്ററോളം നീളത്തില്‍ വിശ്വാമിത്രി നദി ഒഴുകുന്നത്. 2025 ലെ ജിഇഇആര്‍ ഫൗണ്ടേഷന്‍ സെന്‍സസ് പ്രകാരം 442 മഗ്ഗര്‍ മുതലകളാണ് ഈ നദിയിലുള്ളത്. നഗരത്തിലെ കാലാ ഘോഡ മുതല്‍ അക്കോട്ട പാലം വരെയുള്ള വെറും 1.4 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ മാത്രം 44 മുതലകളുണ്ട്. മഴക്കാലത്ത് നദി കരകവിയുമ്പോള്‍ ഈ മുതലകള്‍ നഗരത്തിലെ റോഡുകളിലേക്കും പാര്‍ക്കിംഗ് ഏരിയകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി മുതലകളെയാണ് വനംവകുപ്പ് റെസ്‌ക്യൂ ടീം പിടികൂടിയത്. വഡോദരയിലെ ജനങ്ങള്‍ ഈ വന്യജീവികളുമായി ഇപ്പോള്‍ അപൂര്‍വമായൊരു സഹവര്‍ത്തിത്വത്തിലാണ് കഴിയുന്നതെന്ന് പറയാം.
മുതലകളുടെ താവളം മാത്രമല്ല ഈ നദി. വിശ്വാമിത്ര മഹര്‍ഷി തപസ്സ് ചെയ്ത ഇടമെന്ന് വിശ്വസിക്കപ്പെടുന്ന ഈ നദിക്ക് വലിയ ഐതിഹ്യ പ്രാധാന്യമുണ്ട്. ക്രിസ്തുവിനും 1000 വര്‍ഷം മുമ്പ് തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെന്ന് പുരാവസ്തു തെളിവുകള്‍ വ്യക്തമാക്കുന്നു. കൂടാതെ ഉടുമ്പുകള്‍, മുള്ളന്‍പന്നികള്‍, അപൂര്‍വ്വയിനം പക്ഷികള്‍, ആമകള്‍ എന്നിവയുടെയും സുരക്ഷിത താവളവുമാണ് വിശ്വാമിത്ര നദി. ഇന്ന് മലിനീകരണവും കൈയ്യേറ്റവും നദിയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. നഗരത്തിലെ മാലിന്യങ്ങള്‍ നദിയിലേക്ക് ഒഴുകുന്നത് തടയാന്‍ 'വിശ്വാമിത്രി റിവര്‍ഫ്രണ്ട് ഡെവലപ്‌മെന്റ് പ്രോജക്റ്റ്' സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. അതോടൊപ്പം, ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നദീതീരത്ത് വനവല്‍ക്കരണം നടത്തുന്ന 'വാഹോ വിശ്വാമിത്രി അഭിയാന്‍' എന്ന ജനകീയ മുന്നേറ്റവും നദീ സംരക്ഷണത്തിനായുണ്ട്.