-->
ചെന്നൈ: ഇന്ത്യന്‍ നാഷണല്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ നോയിഡയില്‍ നിന്നുള്ള അമന്‍ നാഗ്‌ദേവ് പോളോ കപ്പ് കിരീടം ചൂടി. കഴിഞ്ഞദിവസം നടന്ന കടുത്ത ത്രികോണ മത്സരത്തിനൊടുവിലാണ് നാഗ്‌ദേവ് വിജയിയായത്. എംആര്‍എഫ് എംഎംഎസ്സി എഫ്‌എംഎസ്സിഐ ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം ആരംഭിക്കുമ്പോള്‍ അമന്‍ നാഗ്‌ദേവ്, ആദിത്യ പട്‌നായിക്, ഓജസ് സര്‍വെ എന്നിവരായിരുന്നു കിരീടപോരാട്ടത്തില്‍ മുന്നില്‍. ആദ്യറേസില്‍ നാഗ്‌ദേവ് ഒന്നാമതായും പട്‌നായിക് രണ്ടാമതായും സര്‍വെ മൂന്നാമതായും ഫിനിഷ് ചെയ്‌തു.
കനത്ത മഴയിലാണ് രണ്ടാം റേസ് ആരംഭിച്ചത്. മഴയത്തെ ഡ്രൈവിങ്ങില്‍ അസാമാന്യ മികവ് പുലര്‍ത്തിയ ഓജസ് സര്‍വെ, നാഗ്‌ദേവിനെയും പട്‌നായിക്കിനെയും മറികടന്ന് വിജയം നേടി.
മൂന്നാം റേസില്‍ മുംബൈ താരം റയാന്‍ ബാഫ്‌ന പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയെങ്കിലും ആദിത്യ പട്‌നായിക് വേഗത്തില്‍ മുന്നിലെത്തി വിജയം കരസ്‌ഥമാക്കി. നാഗ്‌ദേവ് രണ്ടാമതെത്തി. ചാമ്പ്യന്‍ഷിപ്പിലെ അവസാന റേസില്‍ സോണാവാനെ തുടക്കത്തില്‍ ലീഡ് എടുത്തെങ്കിലും ഒമ്പതാം കോര്‍ണറില്‍ നാഗ്‌ദേവ് മുന്നിലെത്തി. തൊട്ടുപിന്നാലെ സര്‍വെയും പട്‌നായിക്കിനെ മറികടന്ന് രണ്ടാം സ്‌ഥാനത്തെത്തി. കടുത്ത പോരാട്ടത്തിനൊടുവില്‍ അമന്‍ നാഗ്‌ദേവ് അവസാന റേസും തന്റെ ആദ്യ ദേശീയ കിരീടവും സ്വന്തമാക്കുകയായിരുന്നു.